അയോദ്ധ്യയിൽ നിന്നും അഞ്ച് മൈൽ അകലത്തിലാണ് രാമന്റെ വീട്
ആരോ ഇടിച്ചു കളഞ്ഞ പോലെ കിടക്കുന്ന അടുക്കള ഒരു വശത്ത്
മഴയത്തു മുറി ചോർന്ന് ഒലിച്ചാലും
മൂലയ്ക്ക് മാറ്റി ഇടാൻ പറ്റുന്ന കയറിന്റെ കട്ടിലും.
അടുത്ത് തറയിൽ വെച്ച ചിമ്മിണി വിളക്കുണ്ട്
പിന്നെ കൂടാരങ്ങളിൽ നിന്നും കൂടാരങ്ങളിലേക്കു
കൂടു മാറുമ്പോഴും ചേർത്ത് പിടിക്കുന്ന പഴയ ട്രങ്ക് പെട്ടി
ഉച്ചയ്ക്ക് വെച്ചത് തന്നെ ദിവസം
മൂന്നു നേരം കഴിക്കേണ്ടി വരുന്നത് കൊണ്ട്
അടുക്കളയിൽ പാത്രങ്ങൾ ഒന്നും അധികം വേണ്ട.

വീട്ടുകാർ അറിയാതെ കൂടെ ഒളിച്ചോടി
വന്നതായിരുന്നു ഭാര്യ.
അവരെ ഭയന്ന് തിരികെ കാൽ ചവിട്ടിയിട്ടില്ല.
ഒളിച്ചോടാൻ സഹായിച്ച സുഹൃത്തിനെ അവർ
മണ്ണെണ്ണ ഒഴിച്ച് കൊല്ലുകയായിരുന്നു.
അച്ഛന്റെ കൂടെ രണ്ടാനമ്മ വന്നതിൽ പിന്നെ
വല്ലപ്പോഴുമായിരുന്നു വീട്ടിൽ കയറുന്നതും.

ജനിച്ചത് നാല് മക്കൾ ആയിരുന്നെങ്കിലും
ഇപ്പോൾ രണ്ടു പേരെ ബാക്കി ആയിട്ടുള്ളൂ.
ഒരാൾ അതിസാരം വന്നു മരിച്ചു.
മറ്റൊരാൾ ന്യൂമോണിയ പിടിച്ചും.
ഇരട്ടകൾ ആണ് ബാക്കി വന്ന മക്കൾ.
ആറ് മാസത്തിന്റെ ആരോഗ്യം ഇല്ലെങ്കിലും
കരച്ചിൽ ഉച്ഛസ്ഥായിയിൽ ആണ്
വരണ്ട തൊണ്ട ചിലപ്പോൾ വിണ്ടു കീറും വരെ
അത് നീണ്ടു നിൽക്കും.
ആ കരച്ചിൽ കേൾക്കാൻ കഴിയാതെ
രാമൻ രാവിലെ ജോലിക്കിറങ്ങും.

പുതിയ കെട്ടിടത്തിന്റെ കരാർ പണി ആയിരുന്നു അന്ന്
പെയ്യാതെ പെയ്ത മഴയിൽ നനഞ്ഞു കിടന്ന മണ്ണും കുഴിയും.
അവന്റെ അവസാനത്തെ ഓർമ്മയിൽ
എന്തോ ഇടിഞ്ഞു വീഴുന്ന ശബ്ദം
തലയ്ക്കു മീതേക്ക് വന്നു മൂടിയ ചെളി
ശ്വാസത്തിനു ചേർത്ത് അകത്തേക്ക് വലിച്ചു കയറ്റുമ്പോൾ
ചെവിയിൽ ചെറുതായി ഇരച്ചു കയറുന്ന
മുകളിൽ നിൽക്കുന്ന മനുഷ്യരുടെ റാം റാം എന്ന വിളിയൊച്ചകൾ.