കൗമാരത്തിന്റ ഹൃദയരാഗങ്ങൾ
പങ്കുവെച്ച തണൽമരച്ചില്ലകൾ
എവീടെയോ നഷ്ട്ടപ്പെട്ടു,
മഴമേഘങ്ങൾ പിണങ്ങിപ്പോയ
വരൾച്ചയുടെ നാളുകളിൽ
ദാഹമകറ്റാൻ ഉമിനീരിറക്കി കഷ്ട്ടപ്പെട്ടു

എങ്കിലും
പ്രതീക്ഷകൾ കൈവിടാത്ത കാഴ്ചക്കാരനെപോലെ
ദിശാസൂചികൾ നോക്കി
പുതിയ ഭൂതലങ്ങളിലേയ്ക്കുള്ള വഴി കണ്ടുപിടിക്കാൻ ,
പ്രവാസത്തിന്റെ വിശാലതയിലേക്കു ചേക്കേറാൻ
മനസ്സിനെ പരിശീലിപ്പിച്ചു

അങ്ങനെ വീണ്ടുമൊരവധിക്കാലം,
പരിഹാസത്തിന്റെ നഖമുനകൾ
ചുവന്ന ചാലുകൾ കീറിയ,
ചുട്ടുപഴുത്ത മണൽത്തരികളിൽ
അശ്രുകണങ്ങൾ ഇറ്റിറ്റുവീണ,
ആ വരണ്ട മണ്ണിലേക്ക് വീണ്ടും

രാത്രിയിൽ വിടരുന്ന പൂവിന്റെ നറുമണവും
മുറ്റത്തെ മുല്ലയുടെ സുഗന്ധവും
നിറഞ്ഞു നിൽക്കുന്ന പഴയ അമ്പലമുറ്റം,
ഓർമ്മകൾക്ക്  ജീവൻ വെക്കുന്ന ആൽത്തറയും
ഏതോ മോഹഭംഗത്തിന്റെ തിരുശേഷിപ്പുകളായ്  
പറന്നിറങ്ങിയ വെള്ളരിപ്രാവുകളും

ഋതുക്കൾ വഴിമാറിവരും
നിമിഷാശലഭങ്ങൾ പറന്നുയരും
പൂക്കളും പുഴകളും പുഞ്ചിരിക്കും
പുതിയ പ്രഭാകിരണങ്ങൾ ഉദിച്ചുയരും,
എങ്കിലും ഈ നിമിഷങ്ങൾ
അൽപ്പം കഠിനം,

അയവിറക്കിരസിക്കാറുള്ള ഓർമകൾക്കു
ജീവൻവെച്ച പോലെ,
ആൾക്കൂട്ടത്തിനിടയിൽ നിന്നും അവൾ,
പ്രായത്തിന്റെ ചുളിവുകൾ
അവശേഷിക്കുന്ന കവിൾത്തടങ്ങൾ,
പ്രണയലോലമായ നുണക്കുഴികളും

ആകാംഷയുടെ ഹൃദയമിടുപ്പുകൾ
കൊണ്ടു വിങ്ങുന്ന മനസ്സും
മനസ്സിലെ കാവ്യനക്ഷത്രങ്ങളും
ഓർമ്മകളുടെ ശിൽപ്പഗോപുരങ്ങൾക്കും
കൂട്ടിയോജിപ്പിക്കാനാവാത്ത സമസ്യപോലെ  
ആ മുഖവും