ഒരു നീണ്ട നിലവിളിക്കപ്പുറം നിന്നമ്മ പുഞ്ചിരിതൂകി പറഞ്ഞ വാക്ക് – “പെൺകുഞ്ഞ് “…!!
നിൻ ഇളം കൊഞ്ചലെന്റെ ശൗര്യത്തെയൊന്നായി അലിയിച്ചു കളഞ്ഞ വാക്ക് – ” അച്ഛൻ “…!!

നീ മൊഴിഞ്ഞ ഓരോ വാക്കുo മുത്തുകളായി അച്ഛൻ കോർത്തു വെച്ചിരുന്നു കണ്മണി…!!
ഒടുവിലെന്തേ എല്ലാ വാക്കുകളും തെറ്റിച്ചു നീ യീ പടിയിറങ്ങി?

ആരോ ചാർത്തിയ താലിയെൻ കുഞ്ഞിൽ അച്ഛൻ മാറി നിന്നു കണ്ടിരുന്നു …
ആ സിന്ദൂര പൊട്ടിൻ ചന്ത0 നിനക്കെന്നെ അന്യനാക്കിയല്ലോ…
എങ്കിലുമോരോ പ്രാർത്ഥനയിലും അച്ഛന്റെ അനുഗ്രഹം നിനക്കായി ഞാൻ ചേർത്ത് വെച്ചിരുന്നു … ആരുമറിയാതെ…

എന്നിട്ടും ആരുടെയോ വാക്കിനു മുന്നിൽ സ്വയം പഴിച്ചീ ജീവിതത്തിൽ നിന്നകലുമ്പോൾ..
അച്ഛനെന്നൊരു വാക്ക് നീയുതിർക്കാഞ്ഞതെന്തേ?

ഏതു ഇരുളിന്റെ മറവിലും, അകലത്തിൻ കോണിലും ഞാൻ നിന്നെ കാത്തിരുന്നിരുന്നു…

ഇന്ന് നിൻ ഓർമകളിൽ വീണു പിടയവേ, അറിയുന്നു ഞാൻ,
നിനക്കായി ഞാൻ ഹൃദയത്തിൽ സൂക്ഷിച്ച വാക്കുകളൊക്കെയും ശൂന്യമാകുന്നു പുത്രീ….!!