ആശയാം വാനിന്റെ ഗാധത തേടുന്നു
മേഘങ്ങളാം അക്ഷരങ്ങൾ
സ്വരം ഒന്നിച്ചു ചേരുമ്പോൾ
മനം ഒന്നിച്ചു കൂടുമ്പോൾ
വാക്കിന്റെ വർഷം പിറക്കുന്നു
മധുരനാദസംഗീതം പിറക്കുന്നു

‘ അ’ എന്നു ചൊല്ലുന്ന
തേങ്ങലായി കേട്ടതും
‘മ’ എന്നു മൂളുന്ന
പാലിന്റെ മധൂരവും
‘അമ്മ ‘എന്നൊരു വാക്ക് പിറക്കുന്നു
അമ്മേ നിന്മനം സ്നേഹത്താൽ നിറയുന്നു

അക്ഷരം കാതിലായി ചൊല്ലിയോരച്ഛനും
ആശീർവചനങ്ങൾ ചൊരിഞ്ഞ ഗുരുനാഥനും
അറിവിന്റെ വാഗ്വിളക്കേകി
അന്നോളം അറിയാത്ത ആനന്ദമേകി

കൂട്ടരും പാട്ടുമായി
കുറുമ്പൊത്ത് കളിക്കുന്ന
കാലത്തിനെന്തൊരു ബാല്യം
എന്നെയും നിന്നെയും പേർചൊല്ലി വിളിക്കുന്ന നേരത്തിനൊ ചാപല്യം

വിദ്യയാം വീഥിയിൽ
വെയിലേറ്റ് വളരുന്നു
നേർമ്മയുടെ നവമുകുളങ്ങൾ

വിധിയും വചസ്സുമായി
വീറോടെ പോരാടി
ഉയരുവാൻ വായ്ത്താരിമൊഴികൾ

ആരോട് എന്തിനെന്നോർത്തിട്ട് പറയാം
എപ്പോൾ എവിടെയെന്നറിഞ്ഞു പറയാം
വാക്കിന്റെ ശക്തി വാക്കിന് മാത്രം

നേരേ പറയേണം
നേർക്ക് പറയേണം
തെറ്റാതെ തിരിയാതെ വാക്ക്
വാക്കിന്റെ സത്യം വാക്കിന് മാത്രം

ഉരുവിടാൻ ഒരു വായു
വേണ്ടുന്ന നേരം
പറയുവാൻ ഒരു വരി
നെഞ്ചിലായി കരുതാം

വാക്കിന്റെ വാൾമുന പോർചെയ്ത്
നേടിയവർ കാക്കണം എന്നുമാണ് വാക്ക്
പേമാരിപോലും തടുത്തു നിർത്തീടുവാൻ
പോരുമെന്നും നല്ല വാക്ക്

വാക്ദേവതയ്ക്കെന്നും ഏറെ പ്രിയം
മാതൃഭാഷതൻ ഗാനമാം യാത്ര
ആശാനും ഉള്ളൂരും ഏറെ പ്രയാണം ചെയ്തു കാട്ടിയ നിർവചനങ്ങൾ
വരും തലമുറകൾക്കും തീരാതെ തുഴയുവാൻ ഇനിയും കാ തങ്ങൾ ദൂരം

സമുദ്രമാം അറിവിന്റെ നീലിമ തേടുന്ന
അലകളാം മാനുഷർ നമ്മൾ
കണം ഒന്നിച്ചു ചേരുമ്പോൾ
കരം ഒന്നിച്ചു കൂടുമ്പോൾ

വാക്കിന്റെ വർഷം പിറക്കട്ടെ
മധുരനാദസംഗീതം തുടിക്കട്ടെ