വർണ്ണഭംഗിയിൽ തങ്ങി

നില്ക്കുന്ന കണ്ണുകൾ

കാണുന്നില്ലൊരിക്കലും

നാം നീന്തും കാതങ്ങൾ

നാലുപാടും നീന്തി

മുട്ടി നില്ക്കും മുന്നിൽ

സ്ഫടികക്കാഴ്ചകൾ 

കണ്ണാടി മീൻ വീടുകൾക്കപ്പുറം

കാണും അതിശയക്കണ്ണുകൾ

കാൺകിലും മുന്നിൽ

നാം തേടുന്നുണ്ട്

പുഴയുമരുവിയും

ആഴിയുമാഴങ്ങളും 

പ്ലാസ്ടിക് കവറിൽ

കൂടുമാറും, വീണ്ടുമിതു

പോലെനീന്തും 

ദിക്കറിയാതെപായും

നാലുപാടും ഒരേ വെള്ളം 

പുതിയ ഇണകളും

ഇണയെ തിന്നുന്നോരും

കുഞ്ഞിനെ തിന്നുന്നോരും

മാറിമാറി  വന്നു പോം

കൂട്ടുകൾ ; ബ്രീഡുകൾ പലതരം 

വലിയ തിരകളിൽ

നീന്തിത്തുടിക്കുന്നതായ്

പുറമെ കാണുന്നൊരു

സുന്ദര മീൻവീടുകൾ

കൃത്യമായ് കൃത്രിമമായ്

ശ്വാസവും ഇരകളും 

അകത്തു പെടുമ്പോൾ

നാമറിയും ചുറ്റും

ചുഴികൾ തീർക്കുന്നതും

നാമതിൽ വട്ടം കറങ്ങുന്നതും

കണ്ണാടി വീടുകൾക്കപ്പുറം

പിടയുന്നുള്ളിലെപ്പോഴും

ആഴിയുമാകാശവും 

വലിയ മീനുകൾക്കൊപ്പം

കളിച്ചു രസിക്കുന്നതും

അതിന്റെ വായിൽ നിന്ന്

തെന്നി മാറുന്നതും

ചിപ്പി വാതുറക്കുമ്പോൾ

മുത്തുകൾ കാണുന്നതും

ഉള്ളിൽ ഞാൻ പേറുന്നുണ്ട്

ആഴിയുമാകാശവും 

ചില്ലുപാത്രത്തിനുള്ളിൽ

മടുക്കുന്നുണ്ടെങ്കിലും

ആഴങ്ങൾ സ്വപ്നം കണ്ട്

അഴലിൽ നീന്തുന്നുണ്ട്

അകലെ ആകാശവും

ആഴവും തേടുന്നുണ്ട്.