കാർമേഘം വീർപ്പുമുട്ടി പ്രസവിച്ചൊരു മഴയൊടു കൂടി പിറന്നവൻ

പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ മണമുള്ള മനുഷ്യൻ

 

പിച്ചവയ്ക്കുന്ന കാൽ കൊലുസിനൊപ്പം നൃത്തം ചെയ്യുന്ന മഴ 

തിരുവോണത്തിന് പെയ്തൊരു കുസൃതി മഴ

 

ആലിപ്പഴത്തിനോളം നിഷ്കളങ്കമായ ബാല്യം പേറും ചെറു 

ചോറ്റ് പാത്രത്തിൽ വീണ് ചിതറിയ സൗഹൃദങ്ങളുടെ മഴ 

 

കലയും കലാപവും ഒരുമിച്ച് ചേർന്നൊരാ കലാലയ മുറ്റത്ത് 

പ്രക്ഷുബ്ധമായ യൗവനം എന്ന പോലെ തിമിർത്ത് പെയ്യുന്ന മഴ 

 

ആദ്യ പ്രണയ ലേഖനത്തിന്റെ വരികളിൽ പെയ്ത കുളിർ മഴ

നഷ്ട പ്രണയത്തിൻ ഉരുകിയ വേനലിൽ പെയ്തൊരു നനുത്ത വേനൽ മഴ

 

ഇരുളിൽ ചിത്രം വരയ്ക്കുന്ന മഴയെ സാക്ഷിയാക്കി ഒന്നായ നമ്മൾ 

പുതിയ സ്വപ്‌നങ്ങൾ, പുതു ജീവന്റെ മഴകൾ, നമ്മുടെ മഴ കുഞ്ഞുങ്ങൾ

 

വിരസമായ എൻ ജീവിത സായാഹ്നത്തിലെന്നോ പാതി ചാരിയ 

ജനൽ ചില്ലകൾക്കിടയിലൂടെ ഒളിച്ച് വന്ന് സ്പർശിച്ചൊരു കരുണ മഴ

  

നിന്നെ കുറിച്ചുള്ള ഓർമ്മകൾ പേറുന്ന ഈറൻ മണ്ണിന്റെ ഗന്ധം  

പെയ്ത് തോരാൻ വെമ്പുന്നൊരു രാമഴയുടെ സംഗീതം