പിച്ചകപ്പുക്കൾ പൂക്കുമച്ചകപ്പുറത്തിലെ

ദ്രവിച്ച കിളിവാതിൽ കാറ്റത്തു തുറക്കവേ
കാണായിവന്നു ജനലഴികൾ പിടിച്ചൊരാ
കീകസപഞ്ചരമാങ്കുലീയം പൂർവ്വേതന്നെ
ജരാനരകൾപാർക്കും ചികുരഭാരമേന്തി
നിൽക്കുമാ വൃദ്ധരൂപം വ്യക്തമായി തെളിയവേ
 
പഞ്ചപാണ്ടവർ പോലെയഞ്ചുണ്ട് പുത്രന്മാരു 
മവർതൻ പത്നിമാരും കൂടെയർഭകന്മാരും
എന്നിരുന്നാലും ജരാനരകൾ ബാധിച്ചൊരാ
യമ്മയുമച്ഛനുമീ ക്ഷോണിയിൽ ഭാരം തന്നെ
കാതുകൾ പൊട്ടിപ്പോകും മേഘനാദത്തിൻ കൂടെ
യാർത്തിരമ്പിയെത്തിയൊരാ മാരിയിൽ ഗേഹം തന്നിൽ
അമ്മതന്നാദ്യത്തെയരുമപൈതലിൻ ജന്മം
നൽകവേ താതനുമാനന്ദത്തിൻ ശൃഗം പുൽകേ
താരാട്ടുപാടിയുറക്കാനമ്മയുണ്ടായിചാരേ
കൈകാൽ വളരുന്ന ദിനങ്ങളെണ്ണി താതൻ
കാലങ്ങൾ കഴിയവെയുണ്ടായിവന്നു നാലു
പുത്രന്മാർ കൂടെയന്നുതാതനുംജനനിക്കും
തണ്ഡൂലം വിരിച്ചൊരാ കാഞ്ചനതളികയിൽ
ഹരിശ്രീയെഴുതിച്ചുയഞ്ചുമക്കളെയച്ഛൻ
ഉന്നതവിദ്യാഭ്യാസ സമ്പത്തും ജോലിയുമായി
യഞ്ചു പുത്രന്മാർ തന്റെ ജീവിത നൗകയേറി
തെക്കിനി കോലായിയിലെ മൂവാണ്ടൻ മാവു കരഞ്ഞു
അമ്മതൻ നെറ്റിയിലെ ലോഹിത കുറിമാഞ്ഞു
കാലചക്രച്ചുഴിയിൽ ഭൂതലം തിരിയവേ
ചുക്കിച്ചുളിഞ്ഞുവൽക്കം ശോഷിച്ചു കൈകാലുകൾ
സ്‌മൃതികൾ മറഞ്ഞൊരാവൃദ്ധരൂപം പൂണ്ട
യമ്മയെമതിഭ്രമം പൂണ്ടവളെന്നു ചൊല്ലി
യടച്ചു മച്ചകപ്പുറത്തൊരായിരുളറ
ക്കുള്ളിലായന്നുയഞ്ചുമക്കളും പത്നിമാരും
കനകകാപ്പുകളണിഞ്ഞരാ ഭുജം തന്നിൽ
കാണാമീതിളങ്ങുന്ന അയസ്സിൻ തുടലുകൾ
പുത്രന്മാർക്കുണ്ണികൾ പിറന്നപ്പോളായയായി
വീട്ടുജോലികൾ തീർക്കും ഭ്രിത്യയായിമാറിയതും
സ്വത്തുക്കളെഴുതി വാങ്ങിച്ചനേരവുമുണ്ണി
കൾക്കമ്മയുണ്ടായിരുന്നുയന്നു ഭ്രാന്തിയല്ലാതെല്ലും
ജീവിത സായാഹ്നത്തിൽ നിൽക്കവേചാരേ വേണ്ട
മക്കളും പേരക്കിടാങ്ങളുംകൂടെയില്ല
മക്കളെ കണ്ടുകൊണ്ടുംമാമ്പൂക്കളെ കണ്ടുകൊണ്ടും
അഹന്ത കാണിക്കല്ലേ കാന്തേ നീയൊരിക്കലും
മണ്മറഞ്ഞുപോയ പരിണേതാവിൻ വാണി
മനസ്സാസ്മരിച്ചു പോയി വൃദ്ധമാതവപ്പോൾ
തനയതനയന്മാരോർക്കുക നിങ്ങളിലും
ജരാനരകൾ പുൽകും കാലവുമെത്തിച്ചേരും
കാലഭ്രമണത്തിന്റെ ചുഴിയിൽ പിടയുമ്പോ
ളോർക്കുക പുത്രന്മാരെ ഭ്രാന്തിയാമീയമ്മയെ