ആകാശവും ഭൂമിയും നക്ഷത്രങ്ങൾ പോലും
നമ്മക്ക് അവകാശപെട്ടതല്ലന്ന് ..
കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ
വിധിക്കപ്പെട്ട മനുഷ്യർ..
കത്തികരിഞ്ഞതും യന്ത്രങ്ങൾ
തകരാറിൽ ആയതുമായ
അനാഥരായ കളിപ്പാട്ടങ്ങൾ കുട്ടികളെ തിരയുന്നു ,
മക്കളെയെന്നുവിളിക്കുന്നു
നടുവ് കുനിഞ്ഞു കൂനി കൂനി വരിവരിയായി
എങ്ങോട്ടോ നടന്ന് പോകുന്ന മനുഷ്യർ
അവരുടെ ചുമരിലൊരു വീട് ഇരിക്കുന്നു
നടന്ന് പോകുന്ന കുറെ വീടുകൾ
നക്ഷത്രങ്ങൾ വഴികാട്ടുന്ന വെളിച്ചത്തിൽ
പൂക മറയ്ക്കുന്നു
അവരുടെ ആകാശം കറുത്ത പൂകകൾ മാത്രമാണ്
അവരൊരു നിലവിളിയിലില്ലാതാകുന്നു.
മഴവില്ലിലേക്കു ഓടിക്കയറുന്ന
കുട്ടികളുടെ സ്വപ്നങ്ങളിലേക്ക്
ഒര് കറുത്ത കല്ല് വന്ന് ശ്വാസം മുട്ടിക്കുന്നു ,
അവിടെ ആരോ കുറെ മഞ്ഞ പൂക്കൾ കൊണ്ട് വെക്കുന്നു …
രാത്രിയിൽ നക്ഷത്രങ്ങൾ മഞ്ഞ പൂക്കളോടു സംസാരിക്കുന്നു
കുട്ടികളെ നഷ്ടപെട്ട കളിപ്പാട്ടങ്ങൾ കാതോർക്കുന്നു …
ഇടവഴിയിലെ ഇരുട്ടിൽ ഒര് അന്ധൻ വഴിവിളക്ക് തെളിയിക്കുന്നു ..
അവർ വരി വരി ആയി ഒരോ വീടുകളായി
ആ വെളിച്ചത്തിൽ ഒഴുകി പോകുന്നു …..