1. ശ്വാസം (കാണ്ഡം ഒന്ന് )

“നീ കൊളുത്തിയ നാളത്തിൽ,
നിനക്കായെരിഞ്ഞ്,
നിന്നുള്ളിലേക്കൂളിയിട്ട,
പുകയായിരുന്നു ഞാൻ..

വിഷമെന്നറിഞ്ഞും,
നിന്നെയേ മറന്ന്,
ആർത്തിയോടെ വലിച്ചെടുത്ത,
അധരങ്ങൾ നീയും..”  

2. നിശ്വാസം (കാണ്ഡം രണ്ട്)

“തിരിച്ചയക്കേണ്ടിവരും
എന്നറിഞ്ഞു കൊണ്ട് തന്നെയാണ്,

നിന്നെ ഞാൻ,

ശ്വാസമായി ഉള്ളിലേക്ക് വലിച്ചെടുത്തത്..”

3. കണ്ണുനീർ (കാണ്ഡം മൂന്ന്)

“ഒരു കണ്ണുനീർത്തുള്ളികൂടിപിറന്നിട്ടുണ്ട്..
കരടാണ് കണ്ണിൽ വീഴുന്നതെങ്കിലും,
പുറം തള്ളപ്പെടാനുള്ളത്..
ഓർമകളെ ഉള്ളിലൊതുക്കി,
കവിളിലൂടെ കാതങ്ങൾ താണ്ടാനുള്ളത്..
കൈവിരലുകളുടെ ഉള്ളിൽ പെട്ട്,
ചതഞ്ഞരയാനുള്ളത്..
തറയിൽ,
തലപൊട്ടിച്ചിതറിത്തെറിക്കാനുള്ളത്..”

4. ഓർമ്മകൾ (കാണ്ഡം നാല് )

“ഒരു പൂച്ചക്കുട്ടിയുണ്ടായിരുന്നു..
ചിരികളെ,
അടുക്കളയിലെ പാത്രങ്ങൾ തള്ളിയിട്ട്,
മുടക്കിക്കൊണ്ടേയിരിക്കുന്നത്..
എത്ര ആട്ടിയകറ്റിയാലും,
കാലിൽ വന്നുരുമ്മിക്കൊണ്ടേയിരിക്കുന്നത്..
ചാക്കിൽ കെട്ടി എത്ര ദൂരെ കൊണ്ടിട്ടാലും,
വെയിലാറുമ്പോഴേക്കും  വീടെത്തി,
നോക്കി കണ്ണിറുക്കിച്ചിരിച്ചുകൊണ്ടേയിരിക്കുന്നത്..”

5. തിരിച്ചറിവ് (കാണ്ഡം അഞ്ച് )

“ഞാൻ ഇല്ലെന്ന തിരിച്ചറിവിനെ,
ഞാൻ മറക്കുന്നത്..
നീയില്ലെന്ന തിരിച്ചറിവിലൂടെ,
നിന്നെയോർക്കുമ്പോളാണ്..”

–ശുഭം–