സങ്കടക്കടലിൻ്റെ നോവാഴങ്ങൾ 
മനസ്സിൻ്റെ
ഉള്ളുരുക്കങ്ങളുടെ 
പേടകങ്ങളിൽ അടക്കം ചെയ്ത്
ഒളിപ്പിച്ചു വയ്ക്കുവാൻ
കരുത്തുള്ള ഒരുവളുടെ
മിഴികൾ
പുഞ്ചിരിച്ചു കൊണ്ടേയിരിക്കും
 
പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാൾ
വലുതല്ല
പെണ്ണിൻ്റെ മാനമെന്ന്
പറയാതെ പറയുന്ന
വേശ്യയുടെ കണ്ണിലെ
വരണ്ട ചിരിയിൽ
നിർവ്വികാരതയുടെ നിറഭേദങ്ങൾ
തളം കെട്ടി നിൽക്കും
പല ഉടലുകളിൽ
കെട്ടി മറിഞ്ഞു രമിക്കുന്നവളുടെ
നിസ്സഹായതയിൽ
കല്ലെറിയുന്ന 
പകൽ മാന്യൻ്റെ
പരിഹാസച്ചിരിയിൽ
കുറുകിയ വിഷത്തിൻ്റെ
കടും നിണം
ഖനീഭവിച്ചു നിൽക്കും
 
അത്രമേൽ അവഗണനകളുടെ
ചില്ലകൾ മാത്രം
കൂടേറാനായ്
ബാക്കിയായ ഒരുവളുടെ
ഉയിർത്തെഴുന്നേൽപ്പുണ്ട്
സ്വപ്നങ്ങളെ
വിധിയുടെ ശവക്കല്ലറയിൽ
തളച്ചിടാതെ
ചിറകൊരുക്കി പറക്കാൻ
പഠിച്ചവളുടെ 
കണ്ണിലെ തീക്ഷ്ണതയ്ക്ക്
തീപ്പൊരി പോലൊരു ചിരിയുടെ
ഗന്ധമുണ്ടാകും
 
വീണുപോവുമ്പോൾ
കൂടെയുണ്ടാവുമെന്ന്
പലയാവർത്തി പ്രഖ്യാപിച്ച
സഹൃദയരുടെ
അഴിഞ്ഞു വീണ 
മുഖം മൂടിയോടൊപ്പം
കത്തിയമർന്നു ചാമ്പലായ
വിശ്വാസത്തിൻ്റെ 
വിഴുപ്പ് ഭാണ്ഡങ്ങൾക്ക്
ചുട്ടുപൊള്ളിക്കുന്ന ചിരിയുടെ
ഭീതിയുണ്ടാകും
 
എങ്കിലും….
നോവിൻ്റെ തീജ്വാലകൾ
കൂട്ടിയെടുത്ത്
കനലുകൊണ്ടൊരു സ്വയം കവചം
തീർക്കാൻ പഠിച്ചവളുടെ
കണ്ണുകളിൽ തെളിയുന്നത്
അത്ഭുത നീരുറവകളുടെ
നൂറായിരം പെൺചിരി.