എന്തിനോ വീണ്ടുമീ വെൺനിറത്താളിൽ
ഇന്നുമെൻ കണ്ണുനീർ വീണുടഞ്ഞു

ഒരു ഗദ്ഗദം എന്നിൽ പാഴ്ശ്രുതി മീട്ടി ..
ചുണ്ടിൽ പുഞ്ചിരി മൃതിയടഞ്ഞു

വെറുതെയീ പൂവായ് മാറാൻ കഴിഞ്ഞെങ്കിൽ
വെറുതെയീ കാറ്റായ് പറന്നുവെങ്കിൽ ..

ഒരു പുല്ലാംകുഴലിന് ഈണമായ് മാറാൻ
ഒരു കൊച്ചു മോഹത്തിന് ചിറകായ് മാറാൻ..

മാറാത്ത ചട്ടത്തിന് മാറ്റമായി മാറാൻ..
അങ്ങകലെത്തിളങ്ങുമാ ഇന്ദുവാകാൻ..

ഈ കുഞ്ഞു പാട്ടിനു കാതോർക്കട്ടെ ഞാൻ..
ഈ സാമഗാനത്തിന് ലയമാകട്ടെ ഞാൻ..

ഇരുളും വെളിച്ചവും കണ്ണാരം പൊത്തും
ഈ മരത്തണലിലുറങ്ങട്ടെ ഞാൻ

പറയാത്ത പരിഭവത്തിനു വീണ്ടും മൗനം..
കേൾക്കാത്തൊരീരടി മധുരിക്കും പോൽ

ഈ മഴ കാറ്റായ് മഞ്ഞായ് വെയിലായ്..
വീണ്ടുമൊരു നാളിലെന്നെ പുൽകും
ആ നാളിലൊരു ചിത്രശലഭമായ മാറും
ഈ തുളസീദളത്തിന് വിശുദ്ധി പൂകും
ആ തെളിനീർതുണ്ടിന് തുടിപ്പായി മാറും.