അരുമയാം പ്രാവിൻ ചിറകൊടിഞ്ഞെ പ്പഴോ
ചിറകിട്ടടിച്ചതീ കീഴെ വീണു…
അലതല്ലുമാ പ്രാവിൻ നെഞ്ചിടിപ്പേതും
കണ്ടതില്ലാരുമേ കേട്ടുമില്ല…

വഴിയിലൊഴുകുന്ന ശകടത്തിരക്കിലായ്
പെട്ടുപോയപ്പോഴും രക്ഷ തേടുന്നവൾ…
തന്നെയൊരാർദ്രമയ് നോക്കിയ കണ്ണിലും
ഒരുവേള ദയനീയ നോട്ടം പതിച്ചവൾ
ആ കണ്ണുകൾ ദൂരേക്ക് പോയ്മറയുമ്പോഴും
ഇല്ലില്ല രക്ഷയില്ലെന്നും മനസിലായ്…

പ്രാണനകലുന്ന നോവിൻ്റെ നേരത്തും
ഒട്ടുമേ നിസ്സംഗമായില്ലവൾ മനം.
ഓർത്തുപോയോർത്തുപോയ് ഇന്നിൻ്റെ ലോകത്തെ

ആർദ്രത വറ്റിയോരിന്നിൻ്റെ ലോകത്തെ….

ഒടുവിലവൾമനം കഠിനമായപ്പോഴും
ഒരുവിളിപ്പാടിന്നകലെയുള്ളവരുമെ
ഇന്നീ ഹൃദയത്തെ നോക്കാൻ ശ്രമിച്ചില്ല,
മാറുന്ന ലോകത്തിൻ മാറിൽ കിടന്നവൾ
മാറാൻ ശ്രമിക്കുന്നു വിണ്ണിലേക്കുയരുവാൻ…

മാറുന്ന ലോകത്തിൻ മാറിൽ കിടന്നവൾ
മാറാൻ ശ്രമിക്കുന്നു വിണ്ണിലേക്കുയരുവാൻ…