വെളുത്ത പുലി ഒരു പുതുമയായി തോന്നുന്നുണ്ടോ?
എന്നാൽ അങ്ങനെയല്ല ഒരു പുതുമയുമില്ലകേട്ടോ
ഇനി പുതുമയായി തോന്നുന്നവരോട് പറയാം
നല്ല ഫ്രഷ് വെളുത്ത പുലി, വെളുവെളുത്ത പുലി
ആദ്യമൊക്കെ എനിക്കും കൗതുകമായിരുന്നു വെളുത്തപുലി
ചിരിക്കുംപോലെ മുരളുന്ന വെളുത്തപുലി
ഞാനും നിങ്ങളെപ്പോലെ ആശ്ചര്യത്തോടെ ആദ്യമായി കണ്ടത്
പത്രത്താളുകളിലും ചാനൽ ചർച്ചകളിലും ആണ്
ഖദറിന്റെ വെളുപ്പുള്ള തോലിൽ കറുത്ത അടയാളങ്ങൾ
ഉള്ളിലൊളിപ്പിച്ച കറുത്ത മനസ്സാണ് ആ പുള്ളിക്കുത്തുകൾ എന്ന് തോന്നാറുണ്ട്
തൊഴുതുപിടിച്ച കൈകൾ കാണുമ്പോൾ മൃദുലമായി തോന്നിയവരോട്
അതിനുള്ളിൽ ഒളിപ്പിച്ച നഖങ്ങൾ നിങ്ങളുടെ നാശമാണ്
വളരെക്കാലം അവറ്റകൾ തടവിലായിരുന്നു
ബലിഷ്ഠമായ ജനകരങ്ങൾ തീർത്ത ഇരുമ്പുകൂട്ടിൽ
തടവിലായിരുന്നതിനാൽ അവർ സാധുക്കളായിരുന്നു
അന്നാരെയും ഉപദ്രവിക്കാതെ പാവം വെളുത്ത പുലികൾ
അക്രമം അസഹ്യമായപ്പോൾ ജീവിതം വഴിമുട്ടിയപ്പോളാണ്
വെളുത്തപുലികളെ മനുഷ്യർ തടവിലാക്കിയത്
ആ ആശയം മുന്നോട്ടുവെച്ച മനുഷ്യൻ ഒരു പുലിയാണെന്ന് പറയേണ്ടതില്ലല്ലോ
പിന്നീടുള്ള കുറേക്കാലം നാട്ടിൽ സൗഖ്യമായിരുന്നു- സ്വന്തന്ത്ര്യം സമത്വം സാഹോദര്യം
തടവിലാക്കപ്പെട്ട പുലികൾ വെറും പുലികളല്ലല്ലോ? വെളുത്ത പുലികളല്ലേ
അവർ തടവിലിട്ട മനുഷ്യരെ മണത്തറിഞ്ഞു
ജനങ്ങളുടെ ആധിപത്യത്തിൽ അസ്വസ്ഥരായിരുന്നു അവർ
തടവിലിട്ടവരുടെ ബലഹീനതകൾ അവന്റെ സൂത്രക്കണ്ണുകൾ അളന്നുകുറിച്ചു
ദരിദ്രരായ മനുഷ്യർ പക്ഷേ ആദർശധീരന്മാരായിരുന്നു
അവർ കറുത്തദിനങ്ങളിലേക്ക് മടങ്ങാൻ തയ്യാറല്ലായിരുന്നു
മുണ്ടുമുറുക്കിയുടുത്തും ഉറക്കമിളച്ചും അവർ ആ കൂടിനു കാവലിരുന്നു
“പുലിയിറങ്ങി!” എന്നൊരു നിലവിളി കേൾക്കാതിരിക്കാൻ
ചെത്തിക്കൂർപ്പിച്ച കുന്തങ്ങളും വിഷം പുരട്ടിയ കത്തിയുമായി അവർ കാവൽനിന്നു
പക്ഷേ വെളുത്തപുലികൾ നിസ്സാരക്കാരല്ലല്ലോ? ഫ്രഷ് അല്ലേ
തടവിലിട്ടവരുടെ കരുത്ത് അവർ എന്നേ തിരിച്ചറിഞ്ഞതാണ്
വെറുതെ കൂടുചാടാൻ അത്ര മണ്ടന്മാരാണോ വെളുത്തപുലികൾ? ഛേ!
പ്രാകൃതരായ ഒരുമയില്ലാത്ത മനുഷ്യരെ തനിച്ചുകിട്ടിയപ്പോൾ
ഹൃദയം മാന്തിപ്പിളർന്നു കുടിച്ച ചോരയുടെ രുചി നാവിൻതുമ്പത്തുണ്ട്
അന്നവർ കാടുകയറിയ മനുഷ്യരുടെ മേൽ രാജാക്കന്മാരായിരുന്നു
കരുത്തറിയാത്ത നാട്ടുകാരുടെ മേൽ സർവ്വാധിപരായിരുന്നു
കാലമിതല്ലേ, കളികൾ മാറ്റേണ്ടതാണല്ലോ
അതാണല്ലോ പുലികൾ, വെറും പുലികളല്ല നല്ല ഫ്രഷ് വെളുത്ത പുലികൾ
തടവിലിട്ട മനുഷ്യരെ നോക്കി പുലി പുഞ്ചിരിച്ചു, മുപ്പത്തിരണ്ടു പല്ലുംകാണിച്ച്
എണ്ണം കൃത്യമല്ലെങ്കിലും ചുമ്മാ കിടക്കട്ടെ,
വെറും പുലികളല്ലല്ലോ, നല്ല ഫ്രഷ് വെളുത്ത പുലികളല്ലേ
കാവൽ നിന്ന മനുഷ്യർ പോകപ്പോകെ ബലഹീനരായോ എന്ന് സംശയം
പുലി ചിരിക്കുന്നുണ്ട്, അവരെ നോക്കി കൈ കൂപ്പുന്നുണ്ട്
വെളുത്ത ചില പുലികൾ നഖങ്ങളൊളിപ്പിച്ച കരങ്ങൾ
വേദനിപ്പിക്കാതെ കാവൽക്കാരുടെ തോളിലിടാനും തുടങ്ങിയിട്ടുണ്ട്
സൗഹാർദ്ദം തഴച്ചുവളർന്നു കാട്ടിലും നാട്ടിലും
പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ എളുപ്പമായില്ലേ?
കൂട്ടിലാക്കപ്പെട്ട തങ്ങളെക്കൊണ്ട് ഏങ്ങനെ കീശവീർപ്പിക്കാം
എന്നൊരു ഫ്രഷ് ആശയം പോലും ഒരു പുലി മുന്നോട്ട് വെച്ചു
വെറും പുലി അല്ല, നല്ല ഫ്രഷ് വെളുത്ത പുലി
നാട്ടിലിപ്പോ അടിപൊളി സമയമല്ലേ? ഫ്രഷ് സമയം – സൗഹാർദ്ദം സമത്വം സാഹോദര്യം
പുലികളുടെ വാർത്ത എല്ലാ കോണുകളിലും എത്തി, എന്തിന്
സർക്കസിൽ മികച്ചപ്രകടനം കാഴ്ചവെച്ച പുലികളുടെ ഫ്ലെക്സുകളും നിരന്നു
തടവിലാണെങ്കിലെന്താ? സ്നേഹിച്ചാൽ മനുഷ്യർ നക്കിക്കൊല്ലും
എന്നുപോലും പുലികൾക്കു തോന്നിത്തുടങ്ങി
പക്ഷേ ഒരുകാര്യം മറക്കരുത് പുലി ഇപ്പോഴും തടവിലാണ്
പക്ഷേ ഇപ്പോഴത്തെ തടവിന് ഒരു സുഖമുണ്ട്, നല്ല ഫ്രഷ്നെസ്സ്
ഇത്രയും ആശയം പുലിയുടേതായിരുന്നു, നല്ല ഫ്രഷ് വെളുത്ത പുലിയുടേത്
ഇനി ബാക്കിപ്പണികൾ തടവിലിട്ടവർ തന്നെ ചെയ്യുമെന്ന് പുലിക്കറിയാമായിരുന്നു
ചാനൽ ചർച്ചയിലിരുന്ന് മൃഗസംരക്ഷണസഹയാത്രികൻ എന്നെഴുതിയ ഒരു മനുഷ്യൻ
മൃഗവിരോധിനിരീക്ഷകൻ എന്നെഴുതിയ മറ്റൊരു മനുഷ്യനെ നോക്കി
പട്ടിയേക്കാൾ ഭീകരമായി കുരച്ചു
“തടവിലിട്ട പുലികളെ എത്രയും വേഗം സ്വതന്ത്രരാക്കണം”
എല്ലാ മനുഷ്യരും ഞെട്ടി , വീട്ടിലിരുന്നു ചർച്ചകണ്ട
മൃഗസംരക്ഷണസഹയാത്രികന്റെ ഭാര്യപോലും .
പുലിപിടിച്ച തങ്ങളുടെ മകന്റെ ചിത്രം ചുവരിൽതൂങ്ങിയിട്ട് നാളെ ഒരാണ്ടുതികയുന്നകാര്യം ഈ മനുഷ്യൻ ഇത്രപെട്ടെന്ന് മറന്നുവോ?
രക്തബന്ധങ്ങൾ സഹാനുഭൂതി സഹവർത്തിത്വം സ്നേഹം കാഴ്ചപ്പാടുകൾ എല്ലാം ‘പുലിപിടിച്ചപോലെയായി’
അങ്ങനെ വെളുത്ത പുലി നമ്മുടെ ഫ്രഷ് പുലി പുറത്തിറങ്ങി
മനുഷ്യന്റെ തടവുഭേദിച്ച് നാട്ടിലിറങ്ങി
പുലികളുടെ പടയാളികൾ അവരാണ്
അവനെ തടവിലിട്ടിരുന്ന മനുഷ്യർ തന്നെയാണ്. ബലേഭേഷ് !
” ഇപ്പോഴാണ് ശരിക്കും പുലി ഇറങ്ങിയത് ” എന്ന്
റേഷനരി വാങ്ങാൻ കഴിയാതെ തിരികെവന്ന പടുവൃദ്ധൻ പറയുന്നത് കേട്ടു
കഴിഞ്ഞവട്ടം പുലിയിറങ്ങിയപ്പോൾ ജീവനുംകൊണ്ടോടുന്നതിനിടയിൽ
നഷ്ട്ടപ്പെട്ട റേഷൻ കാർഡ് ഇന്ന് സർക്കാർ കടയുടമ ചോദിച്ചു
പട്ടിണിമാറ്റാൻ പണിതേടിയിറങ്ങിയ മനുഷ്യർ
ഇപ്പോൾ ഒളിച്ചും പാത്തുമാണ് നടക്കാറ്
പണ്ട് പുലിയിറങ്ങിയപ്പോൾ പേടിച്ചുനടന്നതുപോലെ
പക്ഷേ ഇപ്പോൾ പുലികളേക്കാൾ പേടി പുലിയുടെ സഹചാരികളെയാണ്
മനുഷ്യരുടെ ഇടയിൽ വിലസുന്ന പുലികൾക്കു
പേടിയില്ലാത്ത മനുഷ്യർ ഈ പടയാളികൾ മാത്രമാണ്
പക്ഷേ ഇടയ്ക്കിടയ്ക്ക് പുലികൾ ഉറക്കത്തിൽ ഞെട്ടിയുണരാറുണ്ട്
അതെ തലയുയർത്തിപ്പിടിച്ച ചില പേനത്തുമ്പുകൾക്കുമുമ്പിൽ !
വെളുത്ത പുലി , നല്ല ഫ്രഷ് വെളുത്ത പുലി.