തുലാഭാരം തുടങ്ങി
ഇങ്ങേത്തട്ടിൽ അവനിരുന്നു.
അങ്ങേത്തട്ടിൽ 150 പവൻ സ്വർണ്ണം വച്ചു
അങ്ങേത്തട്ട് ഉയർന്നു തന്നെ.
അങ്ങേത്തട്ടിൽ 15 ഏക്കർ സ്ഥലവും വച്ചു
അങ്ങേത്തട്ട് ഉയർന്നു തന്നെ!
അങ്ങേത്തട്ടിൽ ഒരു ബി.എം.ഡബ്ലിയു കാറും കൂടെ വച്ചു
അങ്ങേത്തട്ട് എന്നിട്ടും ഉയർന്നു തന്നെ!!

ഇങ്ങേത്തട്ടിൽ അവൻ മീശ പിരിച്ച്,
പിന്നെയും ഞെളിഞ്ഞ് നിവർന്നിരുന്നു.
അവന്റെ വീട്ടുകാർ ഗമയിൽ ഒന്നൂടെ നിവർന്നു നിന്നു.
ഇനിയെന്തു ചെയ്യും? തുലാഭാരം മുടങ്ങിയാൽ ….
ചുറ്റും നിന്നവർ മൂക്കത്തു വിരൽ വച്ചു.
ചുറ്റും നിന്നവർ നെടുവീർപ്പിട്ടു.
ചുറ്റും നിന്നവർ പിറുപിറുത്തു.
തുലാഭാരം മുടങ്ങിയാൽ …

മോളേ, നീയൊന്നു നോക്കിക്കേ.
ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം,
രസതന്ത്രം, ജീവശാസ്ത്രം
എല്ലാമെടുത്ത് ഒന്നു പയറ്റി നോക്കൂ.
പിണ്ഡം, ഗുരുത്വബലം
അങ്ങനെയങ്ങനെ ഒന്നാലോചിച്ചു നോക്കൂ.
മോളുടെ പുസ്തകങ്ങളും സൈന്റിഫിക് കാൽക്കുലേറ്ററും
ലാപ്ടോപ്പും ആരെങ്കിലും ഒന്നെടുത്തു കൊണ്ടു വരൂ.

അവൾ നന്നായൊന്നാലോചിച്ചു.
ചുറ്റുമുള്ളവർ ഇന്നുവരെ കേട്ടിട്ടില്ലാത്ത
മന്ത്രങ്ങളോരോന്നായ് ഉരുവിട്ടു.
ഭരണഘടന, നീതി,
സമത്വം, സ്വാതന്ത്യം ….
അവളുടെ കണ്ണിൽ നിന്നും
അടർന്നു വീണ തീപ്പൊരികൾ
അടുത്തുള്ള ഹോമകുണ്ഡത്തെ ആളിക്കത്തിച്ചു.

ഒരു നൂറ്റാണ്ടിന്റെ സ്ത്രീകളുടെ ചരിത്രപുസ്തകവും
കയ്യിലെടുത്തുകൊണ്ട്
അങ്ങേത്തട്ടിൽ അവളൊന്നു തൊട്ടതേയുള്ളൂ.
ഇങ്ങേത്തട്ടിലിരുന്ന അവൻ തെറിച്ചു
ഹോമകുണ്ഡത്തിലേക്ക് മൂക്കും കുത്തി വീണു.
ചുറ്റുമുള്ളവർ അന്തംവിട്ട് നിന്നു.
അവനിപ്പോൾ പൊള്ളലിന് ചികിത്സയിലാണ്.
ഒരു നൂറ്റാണ്ടിന്റെ ചികിത്സ മതിയാവുമോ എന്തോ?!