ഞാൻ
തട്ടമിട്ടവൾ
കറുത്ത വസ്ത്രമണിഞ്ഞ
മാംസത്തുണ്ട്

കൈകൾ കൈമാറി ചിരിച്ചപ്പോൾ
നിൻറെ കണ്ണുകൾ
അടക്കം പറയുന്നതെനിക്ക് കേൾക്കാം
ആറാം നൂറ്റാണ്ടിൽ നിന്ന്
കാളവണ്ടി കയറിയവളെന്നു
സിറിയയിൽ യമനിൽ
അഫ്‌ഗാനിൽ
താഴ്വാരങ്ങൾ മലനിരകൾ
കിനാവു കണ്ടവൾ

ആട് കോഴി പോത്ത്
വരുത്തരച്ചു ഫ്രൈ ചെയ്ത്
ഉലർത്തിയെടുത്ത്
ദമ്മിട്ടു
തീൻമുറികൾ
അശുദ്ധമാക്കിയവൾ

ഞാൻ
ആൾക്കൂട്ടത്തിലെ ഏകാകി
പൂ പറിക്കാൻ പോയി
കൈ കോർത്ത് പിടിച്ചു
മുങ്ങാങ്കുഴിയിട്ടവരുടെ
മൗനത്താൽ
മുറിവേറ്റവൾ

നീയെന്റെ
ഹൃദയം
താക്കോലിട്ടു തുറന്നാലും
നെഞ്ചിൻ കൂടു തകർത്തിറങ്ങിയാലും
പിറന്നു വീഴുന്നത്
മനുഷ്യരൂപി
അതിന്
നരവംശശാസ്ത്രത്തിലൊരേയൊരു പേര്
ഹോമോസാപിയൻ

മതം
ജനിതകമായി പകരുന്നതല്ല
സിറിഞ്ചു വഴി
മസ്തിഷ്ക്കത്തിൽ പടരുന്നത്