അതിർത്തി ലംഘിച്ച്
മുറ്റത്തേക്ക്
നുഴഞ്ഞ് കയറിയ
ഒരു പറ്റം കരിയിലകൾ
അടിച്ചു കൂട്ടി
യുദ്ധം കഴിഞ്ഞ് വരും
വഴിയാണ്
എലി വാണം പോലെ
മാറാല ചില്ല് തുളഞ്ഞ്
ഏറു പന്ത്
മുതുക് തകർത്തത്.
തല തെറിച്ച പിള്ളേരെ
പ്രാകി കൊണ്ട്
പന്തിനെ
മച്ചിൻ മുകളിൽ കയറ്റി;
വീട് അടുപ്പത്ത്
കപ്പ പുഴുങ്ങാൻ വച്ചു.
ചാമ്പ മരത്തിൻ
മുകളിലെ കാറ്റ് ;
ആരും കാണാതെ
കുതറിയോടി.
മുട്ട് പൊട്ടി ചോര ഒലിച്ച്
നിൽക്കണുണ്ട്
ഇല്ലി മരച്ചോട്.
പാത്തു പതുങ്ങി നിന്ന
വെയിൽ ചില്ലിനെ
വീട് അകത്തേക്ക് വിളിച്ചു.
കാച്ചികുറുക്കിയ കഞ്ഞി മണം
പ്ലാവിലകളൊന്നിനെ
എറിഞ്ഞു വീഴ്ത്തി.
എരിപിരി കേറ്റിയ
കാന്താരിയേയും കൂട്ടി
കഞ്ഞി മോന്തി
നീളത്തിലൊരു ഏമ്പക്കം വിട്ടു
വീട് മയങ്ങാൻ കിടന്നു.
ഉറക്കത്തിനിടെ
കാലുകൾ പെരുത്ത്
ചോണനുറുമ്പുകൾ വരിവച്ച്
പൊടിപ്പും തൊങ്ങലും
തിരുകിയിറക്കി.
വീട് പുറത്തേക്ക് ഇറങ്ങി.
രാവിലത്തെ
കരിയിലകളിൽ
ഒന്നിന്റെ വാലിന് തീ പിടിച്ചു
പച്ചിലകൾ നോക്കി
നിൽക്കണുണ്ട്
അയൽക്കാരന്റെ
പ്രതികാരം തീർന്നിട്ടില്ല.
മികച്ച എഴുത്ത്. വളരെ നന്നായിട്ടുണ്ട്