ഗാനങ്ങൾ വിസ്മൃതിയിലേക്കൊഴുകിയൊരിടം

സായന്തനങ്ങളിൽ വിതുമ്പുന്ന നഗരം

നീറുന്ന നെഞ്ചകം, പിടയ്ക്കുന്ന മാതൃത്വം

ഭീതിയിലാഴ്ത്തിയീ ദിനരാത്രങ്ങൾ

കണ്ണീരുവറ്റിയ നരൻ്റെ ഉടലിലെ രക്തം

വാർന്നൊഴുകി നനഞ്ഞുകുതിർന്നൊരാ മണ്ണ്

ഇനിയും നിലയ്ക്കാത്ത ശിശുരോദനം

വിലാപങ്ങൾക്കൊടുവിലായെത്തുന്ന മരണം

നിദ്രകൾ എവിടെയോ പോയിമറഞ്ഞിരിക്കുന്നു

നിർമലസ്വപ്നങ്ങൾ തേടിയാകുമോ?

അകാലമൃത്യുക്കൾ വീണ്ടും വിലപിക്കുന്നു

വേണ്ട നമുക്കൊരു ജന്മമീ ഭൂമിയിൽ

യുദ്ധമെന്നും തരുന്നൊരാനഷ്ടങ്ങൾ

കാലചക്രത്തിനെന്നും നികത്താപ്രതീക്ഷകൾ

ആരു ശരിയെന്നു നിശ്ചയിക്കാനോ ഈ യുദ്ധം?

അതോ, ആരവശേഷിക്കുന്നതെന്നു കാണാനോ?

ഒന്നു നിശ്ചയം! നരജന്മങ്ങളീ ഭൂമിവിട്ടോടിടും

അവശേഷിക്കുന്നതൊക്കെയും കാർന്നെടുക്കാനായി ഭൂമിയുണരും

സ്നേഹമാണെന്നുമീ ഭൂമിതൻ സംഗീതം

സ്നേഹമാണെന്നുമീ ഭൂമിതൻ താളം

നിലയ്ക്കട്ടെ യുദ്ധം, നിലയ്ക്കട്ടെ ഭീതി

വീണ്ടും ജ്വലിയ്ക്കട്ടെ സ്വപ്നങ്ങൾ, വീണ്ടും വിരിയട്ടെ പ്രതീക്ഷകൾ

ഗാനങ്ങൾ ശ്രുതി ചേർക്കട്ടെ “ഗാസ”യിൽ

സപ്തസ്വരങ്ങളിൽ രണ്ടുപൂർണ്ണസ്വരങ്ങളായ്!