ബലിച്ചോറിന്നിലയിലായ് വെച്ച്
കൈ കൊട്ടിവിളിച്ചവർ നിന്നു
കണ്ടില്ല കാക്കകളെയെങ്ങും
അതിലൊരുവറ്റു തിന്നുവാനായി
 
കാത്തിരുന്നേറെനേരായി
ഒന്നുപോലുമേ വന്നതില്ലിന്നും
പണ്ടു വന്നിരുന്നൊരുനൂറു പക്ഷി
വറ്റു കൊത്തിപ്പെറുക്കുവാനായി
ഇന്ന് കാണുവാനില്ല ഒരെണ്ണം
എങ്ങ്പോയ് എങ്ങ് പോയെല്ലാം
 
പൊറുക്കില്ല ആത്മാക്കളെന്ന്
വീട്ടുകാർ സങ്കടമോതി
പ്രശ്നമെന്തെന്ന് കണ്ടീടുവാനായ്
പ്രശ്ന ചിന്തകൻ ആഗതനായി
 
പലക നിരത്തിയ നേരം
ജ്യോതിഷി മൗനം ഭജിച്ചു
വ്യക്തമായ് ഉത്തരം കണ്ടു
കാരണം കർമ്മഫലമത്രെ…..
 
കാടും മലകളും വെട്ടി നിരത്തിയ
മനുജന്റെ ഒടുങ്ങാത്ത കർമ്മഫലം.