അലസതയുടെ നാൾവഴികളിൽ മധുരമായ് വന്നൊരു കാറ്റുണ്ട്…

കാറ്റൊട് ചേർന്ന് കഥ പറയുന്നൊരു പൂവുണ്ട്…

കാറ്റിന്റെ വേഗത കൂടും തോറും ആ മാധുര്യം കുറഞ്ഞുവന്നു…

തലോടുന്ന കാറ്റാണ് പൂവിനിഷ്ടം.

അലമുറയിട്ട് കരയുന്നൊരു പക്ഷിയുണ്ട്…

കാറ്റിന്റെ വേഗം കൂടും തോറും,

തന്റെ കൂടു തകരുമെന്ന് കരുതി അലമുറയിടുന്ന പക്ഷി…

തണുത്ത സ്പർഷത്തോടുള്ള കാറ്റിനോടാണ് പക്ഷിക്കിഷ്ടം.

ശിഖരങ്ങൾ ഇളക്കി മറിയുന്ന മരമുണ്ട് അവിടെ…

തന്റെ ഇണചില്ലയോട് ചേർന്നിരിക്കാൻ ശ്രമിക്കുന്ന ശിഖരങ്ങൾ…

വേഗതയേറിയ കാറ്റാണ് അവർക്കിഷ്ടം…

ഇണയോടു ചേർന്ന് നിൽക്കുവാൻ കാരണക്കാരിയാണ് അവർക്ക് കാറ്റ്.

കരയിലേക്ക് പടരാൻ കൊതിക്കുന്ന കടലുണ്ടവിടെ…

കരയെ ചുംബിച്ചു കൊതിതീരാത്ത കടൽ…

കരയോടുള്ള പ്രണയത്തിൽ ഹംസമാണവൾക്ക് കാറ്റ് …

തന്നെ കരയോട് അത്രമാത്രം പറ്റിച്ചേർക്കുന്ന കൊടുംകാറ്റിനോടാണ് അവൾക്കിഷ്ടം.

പക്ഷെ കാറ്റിനിഷ്ടം ഇവയൊന്നുമല്ല…

ആർക്കോവേണ്ടി കാറ്റ് കാറ്റായി മാറിയതാണത്രേ…

ആർക്കോ വേണ്ടി.