മഞ്ഞു പെയ്തൊരു പുലർകാലാകാശത്തിൻ കീഴേ
ഭൂമി കാടും പുതച്ചുറങ്ങയായി.
നിറമുള്ള ഒരു സ്വപ്നത്തിൻ കാറ്റ് വീശി
ധരണി ഗാഢനിദ്ര പുൽകി.
കാടുകൾ വെട്ടിത്തളിച്ചു ചിലർ
സ്വാർത്ഥ താത്പര്യമാഘോഷിച്ചു.
സുഖശീതള നിദ്രയിലായൊരു ധരിത്രിതൻ
നിദ്രാഭംഗമന്നേരം സംഭവിച്ചു.
തണുത്തുറഞ്ഞു മരവിച്ച ഭൂമിക്കു
പിന്നെയുറങ്ങാൻ കഴിഞ്ഞതില്ല!
തിരിഞ്ഞും ചരിഞ്ഞുമസ്വസ്ഥതയോടെ
ഉറങ്ങാൻ കഴിയാതെ തരിച്ചനേരം,
തന്നിലായമരുന്ന മൺവെട്ടിതൻ മൂർച്ചയറിഞ്ഞും
പ്രതികരിക്കാനാവാതെയവളിരുന്നു.
കാലം തെറ്റി വെയിലും പിന്നെ നിർത്താതെ മഴയും വന്നു
പിന്നെയുരുൾപൊട്ടലും.
വിപത്തുകളകന്നീല പതിനായിരങ്ങൾ തകർന്നടിഞ്ഞു.
സർവ്വനാശത്തിന്നും മുന്നേ
തൻ്റെ സൃഷ്ടികൾക്കൊരവസരം കൂടെ നൽകീ ധരിത്രി.
എല്ലാമവസാനിച്ചെന്നോർത്ത്
മലയും പുഴയും ശാന്തത വീണ്ടും കൈവരിക്കെ
വിഡ്ഢിയാം മാനുഷൻ വീണ്ടുമിറങ്ങി
തൻ ചുറ്റുപാടുകൾ മലിനമാക്കാൻ.
ബുദ്ധിമാനാണെന്ന ഭാവത്തിലവൻ
വീണ്ടുമെല്ലാ പൊരുളുമപഹരിച്ചു.
സംഹാരരൂപിണിയായി പ്രകൃതി താണ്ഡവമാരംഭിച്ചു
സർവ്വം തകർത്തു!
സർവ്വസംഹാരത്തിലാറാടിയവൾ തന്നെ ശുദ്ധയാക്കി,
പുതുപുൽനാമ്പിനായ് കാലങ്ങളോളം കാത്തിരുന്നു…