ഒറ്റാലിൽ കിട്ടിയത് മീനായിരുന്നില്ല

ചെളി പുരണ്ട ഓർമ്മകളായിരുന്നു

ചേറിൽ പുളക്കുന്ന ഓർമ്മകളെ

കഴുകി വെടിപ്പാക്കി ഉണക്കാനിട്ടു

ഓർമ്മകളെ തഴുകി വരുന്ന കാറ്റിന്

നേരെ മൂക്ക് തുറന്ന് പിടിച്ച് നിന്നു

കാറ്റിന് അമ്മയുടെ ഉളുമ്പ് മണം

അച്ഛന്‍റെ വിയർപ്പിന്‍റെ ഉപ്പ് രസം

ചിരട്ടയിൽ കിട്ടിയ പഴങ്കഞ്ഞിയിൽ

നുരയ്ക്കുന്ന, വറ്റിന്‍റെ പുളിച്ച മണം

ഏതോ ഒരോർമ്മയ്ക്ക് കോരന്‍റെ

നെഞ്ചിൽ കുത്തിയ കൊടിയുടെ നിറം

കൂലി ചോദിച്ചതിന് ചാത്തന്

കിട്ടിയ ചാട്ടവാറടിയുടെ കനം

പനയിൽ നിന്ന് വീണ അച്ഛനെ കാള

വണ്ടിയിൽ ആശുപത്രിൽ എത്തിച്ച വേഗം

ഞാറ് നട്ട ചക്കിക്ക് ചോറ് നൽകാത്ത കാലം

മാറ് മറപ്പാൻ ചീലക്ക്, ചിരുതയ്ക്ക്

മേൽശീല കലാപം നടത്തേണ്ട യോഗം

നദിയിൽ കുളിച്ച ദളിത് മഹിളയെ

പുഴയുടെ ജാതി ഓർമ്മിപ്പിച്ച നാട്

ദളിതനെ സ്നേഹിച്ച മകളെ

ജാതിയുടെ മേന്മ അറിയിച്ച വീട്

വില്ലുവണ്ടിയുടെ നിലച്ചുപോയ ചക്രം

അരുവിപ്പുറത്തെ മറഞ്ഞുപോയ ശിവലിംഗം

ചരിത്രം മറന്നുപോയ വേദഗുരു

ജാതിക്കുമ്മിയിലെ പാട്ടിന്‍റെ പിഴച്ച താളം

ഒരോർമ്മച്ചെപ്പിൽ ഒരു രക്തസാക്ഷി

മറ്റൊന്നിൽ കാട് പിടിച്ച ബലികുടീരം

നാലുമുക്കിലെ പണിതീരാത്ത മണ്ഡപം

പ്രതിമ പണിയാൻ മേൽക്കോയ്മ ഭയം

ദളവാക്കുളം ബസ്റ്റാൻഡിൽ,കൂട്ടക്കുരുതിയുടെ

സ്മരണക്ക് ഒരു ഫാസ്റ്റ്പാസഞ്ചർ

തുലാവർഷമഴയിൽ മുറ്റത്തെ ചെളിയിൽ

കുതിർന്ന് കുഴഞ്ഞ ഒരോർമ്മത്തുണ്ട്

പുറം ചട്ട കീറിയ,ഇരട്ടവാലൻ തിന്ന

ഒരു പുസ്തകം “ജാതി ഉന്മൂലനം”,

ഉറുമ്പരിച്ച വാക്കുകൾ, അവർണ്ണന്‍റെ

അടുപ്പിൽ എരിയട്ടെ എന്ന് നിനച്ചോർക്ക്

ചുട്ട വാക്കുകൾ കൊണ്ടൊരു മറുപടി

എരിയുന്ന കനലുകൾ കൊണ്ടൊരു മറുമൊഴി

ജാതിദോഷം കുടുങ്ങിയ കുരലുപൊട്ടി

ചീറ്റുന്നു വിഷം തീണ്ടിയ മുള്ളുകൾ

ആവർത്തങ്ങളിൽ ഉഴറി തെറിച്ചെത്തി

ആർത്തനാദം മുഴക്കുന്നു കണ്ണകി

തീണ്ടിയാൽ തീരാത്ത ദൂരത്ത് നിന്നവൾ

കാത് പൊള്ളിക്കുന്ന കാരിയം ചൊല്ലുന്നു

ജാതി ചോദിക്കുന്നുണ്ട് ഞാൻ സോദരീ

ചരിത്രത്തിന്‍റെ ചാരത്തിലൂടെ നടക്കരുത്

സനാതനധർമ്മത്തിന്‍റെ കളത്തിൽ ചവിട്ടരുത്