ഒരാളുണ്ടായിരുന്നു
ഒറ്റയ്ക്ക് നടന്നിരുന്നൊരാൾ

ഒറ്റപ്പെട്ടയാൾ

പിന്നിലൊരു പന്ത്രണ്ടുപേരും
മുന്നിലൊരു ലോകത്തിനുമിടയിൽ
ഒറ്റപ്പെട്ടുപോയൊരാൾ

പിന്നീടതേ പന്ത്രണ്ട് പേർ മുന്നിലും
മുഴുവൻ ലോകവും പിന്നിലുമായി വീണ്ടുമൊറ്റപ്പെട്ട് പോയൊരാൾ

തോറ്റുപോയൊരാൾ

താൻ സ്നേഹിച്ച പോലെ
മറ്റുള്ളവരോടും പരസ്പരം സ്നേഹിക്കുവാൻ പറഞ്ഞ് വിലപിച്ചയാൾ

നിങ്ങളിലൊരുവനെന്നെ ഒറ്റിക്കൊടുക്കുമെന്നും
മറ്റൊരുവൻ
തളളിപ്പറയുമെന്നും പറഞ്ഞ്
കാരുണ്യപൂർവം പുഞ്ചിരിച്ചയാൾ

വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരുന്നൊരാൾ

തോല്പിച്ചു കൊണ്ടേയിരുന്നയാൾ

പാപിക്കുവേണ്ടിയുറക്കെപ്പറഞ്ഞ്
ശത്രുവിനുവേണ്ടി മാപ്പപേക്ഷിച്ച്

സ്വയം തോറ്റുതന്നുകൊണ്ട് തോൽപിച്ചുകൊണ്ടേയിരുന്നയാൾ

അയാളിപ്പോഴും നടന്നുകൊണ്ടേയിരിക്കുകയാണ്

ഏകനായി

ഇരയുടെ കണ്ണിൽ നിന്നും മരണം ചിരിക്കുന്ന വേട്ടക്കാരനിലേക്ക്

മരണം ബോധം പുകയ്ക്കുന്ന നിരാലംബനായ രോഗിയുടെ ഹൃദയത്തിൽ നിന്നും
ഡോക്ടറുടെ കൈകളിലേക്ക്

സ്വർണം പൂശിയ അൾത്താര വിഗ്രഹത്തിൽ നിന്നും
ചുമടു നടുവൊടിക്കുന്ന പടുവൃദ്ധന്റെ ചുമൽത്താങ്ങിലേക്ക്

സ്വന്തം മാംസം മണക്കുന്ന അപ്പത്തിൽ നിന്നും,
വേശ്യയുടെ നനഞ്ഞ കവിൾത്തടങ്ങൾക്കും
ഉലഞ്ഞ മടിക്കുത്തിനുമിടയിലെ
വിശപ്പു പുകയുന്ന മുച്ചാൺ വയറിലേക്ക്

മാപ്പിരക്കുന്ന പാപിയുടെ ചുണ്ടിൽ നിന്നും
പരമകാരുണികനായ തമ്പുരാന്റെ സന്നിധിയിലേയ്ക്ക്

അയാൾക്കങ്ങിനെയേ കഴിയൂ

കാരണം , അയാൾ മനുഷ്യനായിരുന്നു

ദൈവമെന്ന് പറഞ്ഞ് പരിഹസിക്കപ്പെട്ട
പച്ചയായ മനുഷ്യൻ