ആർത്തലച്ചാരോ മനസ്സിൽ ഇടയ്ക്കിടെ വന്നു, അച്ചിട്ടു പോകും!
ഞാനിന്നോളം ഒരു നോക്കു നോക്കിയിട്ടില്ലവിടെ
നോക്കുമോ എന്നൊന്നാരും യാചിച്ചിട്ടില്ലയെന്നും ഓർക്കണം നിങ്ങൾ
അതാകാം…
ഇന്നൊന്നു നോക്കിയേച്ചും പോകാമെന്നോർത്തു ഞാൻ നിന്നെയും കൈ പിടിക്കുന്നു ഒപ്പം ! വരൂ…

മുഷിഞ്ഞുനാറിയ മാറാല മൂക്കുപൊത്തി നീക്കി നോക്കി
ഹോ! കഷ്ടമാണവിടം പരമ കഷ്ടം!
കുത്തിമറിച്ചാലും ഇളകാത്ത വണ്ണം ഓർമ്മകളുടെ കൂമ്പാരം എന്നെയും നിന്നെയും നോക്കി ഒരു പോലെ നെഞ്ചു പൊട്ടുന്നു
ഈ ഒരു വട്ടമെങ്കിലും,
എന്നെയും കൊണ്ടുപോകില്ലേ എന്ന് കേണിടുന്നു.
‘ എന്നെയും കൊണ്ടുപോകില്ലെ ?’
മൂന്നുപതിറ്റാണ്ട് പിന്നിട്ട, പുതുമ മാറാത്ത ചോദ്യം!
എന്നെയും കൊണ്ടുപോകില്ലെ?

പിച്ചവെച്ചിടും നാൾ മുതൽക്കെ അമ്മയോടായ് സദാ ചോദിച്ച ചോദ്യം…
‘ എന്നെയും കൊണ്ടുപോകില്ലേ?’
കൂടെപ്പിറന്ന കൂടെപ്പിറപ്പും പല കുറി കേട്ടുമടുത്ത ചോദ്യം
‘ എന്നെയും കൊണ്ടുപോകില്ലേ ?’
ഓർക്കാപ്പുറത്ത് ഒരുപാട് നന്മ എന്നിൽ നിറച്ച്
പാതിയിൽ എന്നെ ഒറ്റയ്ക്ക് നിർത്തി പോയ ഗുരുവിനോടും,
അവസാനം ഞാൻ ചോദിച്ച ചോദ്യം!
‘എന്നെയും കൊണ്ടുപോകില്ലേ?’

ബാല്യ കൗമാരങ്ങളിൽ ഒപ്പം ചേർന്ന സൗഹൃദങ്ങളിൽ ഒടുവിലായ് ഉപേക്ഷിച്ചിറങ്ങി വന്നതും ഈ ചോദ്യമായിരുന്നു !
‘ എന്നെയും കൊണ്ടുപോകില്ലേ?’
എന്നോ ഒരു വേള ചോദിക്കാതെ,
എൻ്റെ ഹൃദയം പറിച്ചെടുത്തു പോയ അവനോടും ചോദിച്ച ആത്മാർത്ഥ ചോദ്യം!
‘എന്നെയും കൊണ്ടുപോകില്ലേ ?’
ഒന്നു തിരികെ നോക്കാനാകാത്ത കണക്കെ അവൻ നിസ്സഹായനും!
അന്നു വെറുത്തുപേക്ഷിച്ചു പോയ ചോദ്യവും ഇതുതന്നെ !
‘ എന്നെയും കൊണ്ടുപോകില്ലേ?’
പിന്നെ ഇന്നോളം ചോദിച്ചോ, കേട്ടോ പരിജയം ഇല്ലാത്ത ചോദ്യവും ഇതുതന്നെ !
‘ എന്നെയും കൊണ്ടു പോകില്ലേ ‘ !

പ്രിയ വായനക്കാരാ … ഒടുവിലായി നിന്നോടും… എന്നെയും കൊണ്ട് പോകില്ലേ?!