കാലത്തെഴുന്നേറ്റു കുഞ്ഞുടുപ്പുമിട്ടു

പിന്നിയിട്ട മുടിയിൽ ചെമ്പകം ചൂടാൻ 

ഉമ്മറത്തുള്ള കുഞ്ഞു കണ്ണാടിയിൽ അവളെത്തിനോക്കി.

എണ്ണതേച്ച മുടിയ്ക്കും തന്റെ

കവിളിനു താഴെയുള്ള മറുകിനും

ഒരേ നിറമായിരുന്നു.

ഒറ്റ നോട്ടത്തിൽ കണ്ടാൽ

കണ്മഷി പടർത്തിയതുപോലെ

വീണ്ടും നോക്കാതെ അവൾ പുസ്തകെട്ടെടുത്തോടി

“ഇന്ന് സ്കൂളില്ലാണ്ട് നീയിതെങ്ങോട്ടാ പുത്തകകെട്ടെടുത്തീട്ട് ” എന്നാരോ ചോദിച്ചപ്പോഴാണ്

ഇന്ന് സ്കൂളില്ല എന്ന വിവരം അവൾക്കോർമവന്നത്.

വീട്ടിലേക്കു തിരിച്ചുനടക്കുമ്പോൾ

ഉണങ്ങിയ ഇലയിലും വരണ്ട മണ്ണിലും ഒരനക്കം.

തന്നെ ആരോ പിന്തുടരുന്നതുപോലെ

ആരോ വീർപ്പുമുട്ടുന്നതുപോലെ

പിന്നിലേക്ക് നോക്കാൻ ധൈര്യമില്ലാതെ

മുന്നോട്ട് മാത്രം അവൾ കുതിച്ചു

വട്ടകിണറും ചെളിക്കുളവും അവൾ കണ്ടില്ല

കണ്ണുമൊത്തം ഇരുട്ടായിരുന്നു.

നേരം തെറ്റി വീട്ടിലെത്തിയപ്പോഴേയ്ക്കും

അമ്മ പല്ലവി തുടങ്ങിയിരുന്നു

കുളിക്കുമ്പോളുണ്ടായ നീറ്റൽ തൊലിപ്പുറത്തേക്കാൾ മനസ്സിനായിരുന്നു.

  വിളക്ക് വെച്ചു ഭസ്‌മം തൊടാൻ നേരം

കണ്ണാടിനോക്കി

അതവിടെ പൊട്ടിച്ചിതറിപ്പോയിരുന്നു

 തന്റെ മറുക് അവൾ തിരഞ്ഞത്

അതവിടെയില്ലായിരുന്നു!

അതപ്പാടെ ഉരഞ്ഞുപോയിരുന്നു

മറുകില്ലാത്ത എന്നെ കാണാൻ കണ്ണാടി അവിടം ഇല്ലായിരുന്നു

 എന്നെപോലെ കണ്ണാടിയും ഉടഞ്ഞുപോയിരുന്നു!