ഇവിടെയിരുന്നാലെന്നിൽ കവിത പൂക്കില്ലാ, 
അക്ഷരക്കുഞ്ഞിനെ ഞാൻ വാരിയെടുക്കില്ല.
എത്രയെഴുതിയാലും ‘ഒൺലി മീ’മാത്രമാകുന്ന,
പാഴ്‌വിചാരത്തിൻ ജ്ഞാനപീഠം!
 
ഭാവനയുടെമുടിയിഴകളിവിടെ, മെടയാനൊക്കാത്തവണ്ണം
ഗതകാലത്തിന്റെ കൊടുങ്കാറ്റിലകപ്പെടുന്നു!
നോവിന്റെപ്രഹരങ്ങൾ അതിനറ്റം പിളർത്തുന്നു!
മുട്ടോളമാകേണ്ട തോഷങ്ങൾ, മുരടിച്ചതറിയുന്നു!
ഉറക്കമില്ലാത്ത രാവിന്റെയാമങ്ങളിൽ, എനിക്കൊപ്പ-
മിവിടെ മൂന്നുപ്രേതങ്ങൾ കട്ടനടിക്കുന്നു!
എനിക്കൊപ്പമേറെദൂരം സഞ്ചരിക്കേണ്ടവരപ്പോൾ
ദുർവിധിയുടെ ഞരമ്പുളെ കടിച്ചുമുറിക്കുന്നു!
 
ഇവിടെയിരുന്നാണന്നൊരു സൗഹൃദം വീഞ്ഞൊഴിച്ചുതന്നത്..
ഒരിറ്റുനുകരാതെയെന്നിൽ ലഹരിനിറച്ചത്..!
ആത്മരതിത്രാസ്സിൽ മനമുലയുന്നവേളയിൽ,
വികൃതസൗന്ദര്യത്തിലെ വിള്ളലടയുന്നതിവിടെ!
അന്നനവധി സെൽഫികളിൽ കൂർത്തനോട്ടത്തിന്റെ 
പോറലുകൾ വീഴുന്നതുമിവിടെ!
 
നിസ്സഹായത കൈകോർക്കുന്നനേരത്ത്
അലറിക്കരഞ്ഞു പൊട്ടിത്തകർന്നതുമിവിടെ!
പ്രണയത്തിൻ പൂമ്പൊടിയിലമരുമ്പോഴും
തൃഷ്ണകൾ വന്ധ്യമാകുന്നതിവിടെ…!
ചിരിയടർത്തിയെടുത്തെന്റെപൊന്നിൻകുടങ്ങൾ-
ക്കാശയൊപ്പിവടിച്ചൂട്ടിയതുമിവിടെ!
 
കരുതലുകൾ ‘ഗൂഗിൾപേയി’ലൊഴുക്കുന്നതും,
നിലനിൽപ്പു ‘കോർപ്പറേറ്റുമീറ്റിങ്ങാ’കുന്നതുമിവിടെ!
പരസഹായം, ലൈക്കും ലൗവുമായി മാറുന്നതും
ഭാഗംവയ്ക്കാനില്ലാത്ത ‘ഷെയറിനു’വേണ്ടി
കടിച്ചുതൂങ്ങുന്നതുമിവിടെ!
 
ഇവിടെ ഞാനില്ല! ഞാനെന്നയെന്നെ കാണാനുമില്ല!!
പിന്നിവിടെ കാണുന്നതെന്താണ്?
കാലത്തിന്റെ ചൂണ്ടയിൽകുരുങ്ങിക്കിടക്കുന്നയിര!
പൊട്ടിച്ചിരിക്കുമാധുനിക ബൾബിന്റെ കൃത്രിമപ്രകാശം!
എങ്ങോട്ടുമൊഴുകുന്ന കൺകെട്ടിൻ മരീചിക!
വരികളിലഴുക്കുപുരളുമക്ഷരത്തെറ്റിന്റെ സ്വപ്നം!