അറിയില്ലെനിക്കന്നുമിന്നും,
നിൻ്റെ പുഞ്ചിരിതന്നർത്ഥമൊന്നും.
അഴകാർന്നൊരീമുഖമെന്തേ,
ഉള്ളിൽ ഋതുഭേദമറിയാതെ പൂത്തു.
അരുമയായ്ത്തീർന്നുനീയെന്നോ,
ഹൃത്തിലെവിടെയോ അലസം ഉറങ്ങി.
അകതാരിനുള്ളിലിന്നെങ്ങും,
നൂറു സ്വപ്നങ്ങൾതൻ പ്രേമവർഷം.
അനുവാദമില്ലാതൊരിക്കൽ,
മോഹം നെറുകയിലൊരുപൂനുകർന്നു.
അരുതാത്തതൊന്നെന്ന പോലെ,
കൺപോളകൾ വിറകൊണ്ടു നിന്നു.
അനുരാഗസാഗരത്തിരയിൽ,
നാം നിമിനേരമെല്ലാം മറന്നു.
അതുകണ്ടുനാണിച്ചു കൊണ്ടോ,
സന്ധ്യയിത്രമേൽ ചോന്നുതുടുത്തു.
അകലങ്ങളില്ലാത്ത വാക്കിൽ,
നമ്മളിരുവരല്ലൊന്നെന്നറിഞ്ഞു.
അനഘമീ സായന്തനങ്ങൾ,
കനവിരുകൈകൾ കോർത്തുനടന്നു.
അലകളായാശകൾ നിന്റെ,
ലോലപാദങ്ങൾ പുൽകിപ്പറഞ്ഞു:
അടരുകില്ലണുമാത്ര പോലും,
സാന്ദ്ര-സുരഭിലം, ഈ സ്നേഹതീരം.