വിരഹം ഒരു കടലായി ഇരമ്പുന്നു 

തകർന്ന കടൽപാലമായി

എന്റെ ഹൃദയത്തിന്റെ മതിൽക്കെട്ട് 

ഇടിഞ്ഞു വീഴുന്നു പതിയെ 

ആയിരം മുള്ളുകൾ ആഴ്ന്നിറങ്ങുന്ന

വേദനയിലും, പവിഴമുത്തുപോൽ 

ചോരത്തുള്ളികൾ പൊഴിയുമ്പോഴും 

ഞാൻ നിസ്സംഗയായിരുന്നു…

കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും 

മനസ്സിനെ കാരമുള്ളുകളാൽ 

കുത്തിക്കീറുമ്പോഴും, എനിക്ക് 

ആരോടും പരാതിയില്ല 

തണുത്ത് മരവിച്ചു ആ കിടക്കയിൽ

ആർക്കും വേണ്ടാതെ കിടക്കുമ്പോഴും 

മരണത്തിന്റെ മാലാഖയെ അല്ലാതെ

ആരെയും ഞാൻ പ്രതീക്ഷിക്കുന്നില്ല 

മരുന്നിന്റെ ഗന്ധം മാത്രമുള്ള

ഈ ശരീരം വിട്ട് എന്റെ ആത്മാവ് 

പോകുന്നതുവരെയേ എനിക്ക് സമയമുള്ളൂ 

അതിനു ശേഷം എനിക്ക് ഈ ഭൂമിയിൽ സ്ഥാനമില്ല… 

ഏതാനും വിറകുകൊള്ളികൾക്ക് നടുവിൽ 

മകനോ മരുമകനോ കൊളുത്തുന്ന 

തീയിൽ എരിഞ്ഞ്‌ ഇല്ലാതാവണം 

അവസാനം ഒരു പിടി ചാരം മാത്രമായി 

അവശേഷിക്കണം…