നീറുന്ന ഗസ്സ, ഉരുകുന്ന  ഉക്രയിൻ,
മെലിയുന്ന ലിബിയ, തകരുന്ന സിറിയ.
അലയുന്ന ജനത, പൊലിയുന്ന ബാല്യം,
നുരയുന്ന രോഷം, എരിയുന്ന പകയും.

പലതുണ്ട് രാജ്യങ്ങൾ, പലതുണ്ട് മതവും,
പലതുണ്ട് ഭാഷകൾ, പലതുണ്ട് നിറവും.
പലതല്ലീ രോദനം, പലതല്ലീ വേദന,
പലതല്ലീ രക്തവും, പലതല്ലീ അശ്രുവും.

അധിപനുമധീനനും സായുധമേരുക്കൾ,
ആയുധ ലഹരി, അടിമത്ത ലഹരി.
ശോകവും പാപവും പേറുന്ന ലഹരി,
എല്ലാം തകർക്കുന്ന കമ്പോള ലഹരി.

ചരക്കിൻ വഴികളിൽ അധികാര യുദ്ധം,
നിലക്കും മുതലിനെ ഒഴുക്കുന്ന യുദ്ധം.
പരക്കെ കരാറുകൾ ഒരുക്കുന്ന യുദ്ധം,
കുതിക്കും ഓഹരിക്കാധാര യുദ്ധം.

ചെറുകാലമൊഴുകി നിലക്കുമീ ഓളം,
ഇനിയുമൊഴുകും രുധിരവും വ്യധയും.
അറിഞ്ഞുമനങ്ങാതെ നിൽപ്പു ഞാൻ,
അടിമമനസ്സിനെ ആഘോഷമാക്കുവാൻ.

അഴകുള്ള മനസ്സുകളൊഴിയുന്ന കാലം,
അഴുകുന്ന മനമുള്ളോരതിജീവിതൻ ഞാൻ.
അതിജീവനം, ഒരു കലയാണ് പോലും,
അതിലൂറും മൗനം, ഒരു നിലയാണ് പോലും!