“പണ്ട് പണ്ട് .. വർഷങ്ങൾക്കു മുമ്പേ … പ്രബുദ്ധരും ദാർശനികരുമായ നമ്മുടെ രാജാക്കന്മാർ ദുർഘടമായ പാതകൾ താണ്ടി പുരോഗതിയിലേക്കു സഞ്ചരിച്ചു. എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും അവർ നേടിത്തന്നു… രാത്രിയുടെ ഇരുട്ടിനെ പോലും അവർ പ്രകാശ പൂരിതമാക്കി.. കൊടുങ്കാറ്റിനേയും പേമാരിയെയും പോലും ചെറുക്കുന്ന രക്ഷാകവചങ്ങൾ തീർത്തു. വിജയത്തിന്റെ മിന്നും ഗോപുരങ്ങൾ അവർ സൃഷ്ടിച്ചു. അവരെ എന്നും നീ വാഴ്ത്തിപ്പാടുക. നിന്റെ മുന്നോട്ടുള്ളയാത്രയിൽ അവരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുക” 

കിരീടമണിഞ്ഞവൾ പൂർവ്വികന്മാർ തീർത്ത അഭ്യുന്നതിയുടെ ശൃംഗത്തിൽ നിലകൊണ്ടു. അതിനു മേലെ അവൾ വീണ്ടും വീണ്ടും  പടവുകൾ പണിതു. ആകാശം നോക്കി അവൾ കുതിച്ചു. 

നാളുകൾ കടന്നു പോയി. അല്പാല്പപമായി അവർ നിർമിച്ച  ശൈലത്തിന്റെ അടിത്തറയ്ക്ക് ഇളക്കം സംഭവിക്കുന്നതായി അവൾ മനസിലാക്കി. എവിടെ പിഴച്ചു എന്നവൾ പരിശോധിക്കാൻ തുടങ്ങി. അപ്പോൾ ആ ഞെട്ടിക്കുന്ന സത്യം അവൾ മനസ്സിലാക്കി. പ്ലാസ്റ്റിക് കടലുകൾക്കും കോൺക്രീറ്റ് പുഴകൾക്കും മേലെയാണ് കോട്ടകൾ കെട്ടിപ്പടുത്തിരിക്കുന്നത്. അവയ്ക്കു കീഴിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ഉച്ഛിഷ്ട മാലിന്യ കൂമ്പാരങ്ങൾ നിശബ്ദമായി പ്രതിഷേധിച്ചു തുടങ്ങി.  അതിനടിയിൽപ്പെട്ട് പിടയുന്ന ഭൂമി, ഉത്ക്കടമായ കീഴടക്കലിനെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു ……

ശാസ്ത്രീയമായി നിർമാർജനംചെയ്യപ്പെടാത്ത മാലിന്യക്കൂമ്പാരങ്ങൾ പ്രത്യാഘാതങ്ങളായി ആവാസവ്യവസ്ഥയിൽ പ്രതിഫലിച്ചു കൊണ്ടേയിരിക്കും. അത് പരിസ്ഥിതിക്കും, ജൈവവൈവിദ്ധ്യത്തിനും, ആരോഗ്യക്ഷേമത്തിനും മറ്റും വിലങ്ങു തടിയായി തുടർന്നുകൊണ്ടേയിരിക്കും. അത് സൃഷ്ടിക്കുന്ന വിഘാതങ്ങൾ ഏറെയാണ്.

കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാത്ത മാലിന്യങ്ങൾ ജലസ്രോതസുകളിൽ കലരുമ്പോൾ അത് പലതരം ജലജന്യ രോഗങ്ങൾക്ക് വഴി വെയ്ക്കുന്നു.  കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നു വമിക്കുന്ന അധിക പോഷകങ്ങളും, നൈട്രജനും, ഫോസ്ഫറസുമെല്ലാം വെള്ളത്തിൽ കലർന്ന് അമിതപോഷണ (eutrophication )ത്തിനിടയാക്കുന്നു. അങ്ങനെ ജലാശയങ്ങളിൽ ഓക്‌സിജൻ അളവ് കുറയ്ക്കുന്ന കടൽക്കളകളും മറ്റും രൂപപ്പെടുകയും അങ്ങനെ ജലജന്തുക്കളെ അത് സാരമായി ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് ആഘാതം ഏല്പിക്കുന്നു.  മാലിന്യങ്ങൾ മണ്ണിലേയ്ക്ക് കടക്കുമ്പോൾ അത് കൃഷിയെയും മണ്ണിന്റെ ഫലപുഷ്ടിയേയും ബാധിക്കുന്നു. വിഷലിപ്തവും, അപകടകാരികളുമായ പകർച്ചരോഗാണുക്കൾ മണ്ണിനെ മലിനമാക്കുന്നു. കുമിഞ്ഞു കൂടിയ മാലിന്യങ്ങളിൽ നിന്നുമുത്ഭവിക്കുന്ന  വായുജന്യ രോഗങ്ങൾ അതിന്റെ പരിസര വാസികളെ കാത്തിരിക്കുന്ന മറ്റൊരു അപകടമാണ്. അങ്ങനെ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാവും ഇതുമൂലമുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക സാമ്പത്തിക പ്രത്യാഘാതങ്ങൾ എത്രയെന്ന് . സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ- 6 (SDG 6 Sustainable Development Goal 6 ) അനുസരിച്ചു 2030 ഒടുകൂടി എല്ലാവർക്കും ശുദ്ധമായ വെള്ളവും ശുചിത്വവും എന്ന ആശയത്തിലേക്കെത്തിച്ചേരാൻ ഇന്ത്യയുടെ നിലവിലെ സ്ഥിതിയിൽ നിന്നും ബഹുദൂരം പോകേണ്ടതുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ ഇതിനൊരു പരിഹാരം വളരെ വേഗം ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. 

മാലിന്യ വകഭേദങ്ങളും നിർമാർജ്ജന മാർഗ്ഗങ്ങളും  

നഗര വികസനവും, ജനസംഘ്യാവർധനവും, ഉയർന്ന ജീവിത സാമ്പത്തിക നിലവാരവും എല്ലാം തന്നെ നഗരസഭാ മാലിന്യ വർധനക്ക് വഴിവെയ്ക്കുന്നവയാണ്. മനുഷ്യ-മൃഗ-വ്യാവസായിക  പ്രവൃത്തികളുടെ ഭാഗമായി രൂപപ്പെടുന്ന മാലിന്യങ്ങൾ രണ്ടായി തരം തിരിക്കാം. ഖര മാലിന്യങ്ങൾ (solid waste), ജലമാലിന്യങ്ങൾ (sewage). ഖര മാലിന്യങ്ങളിൽ തന്നെ നഗരസഭാ ഖര മാലിന്യങ്ങൾ വ്യാവസായിക മാലിന്യങ്ങൾ ആപൽക്കരമായ ബിയോമെഡിക്കൽ  മാലിന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. സീവേജുകളിൽ വീടുകളിലെ അടുക്കളയിൽ നിന്നും മറ്റും വരുന്ന ഗ്രേ വാട്ടർ, ശുചി മുറികളിൽ നിന്നും എത്തുന്ന ബ്ലാക്ക് വാട്ടർ എന്നിവ ഉൾപ്പെടുന്നു. 

  ഇവയുടെ നിർമാർജന രീതികൾ പലവിധമാണ്.  ഖര മാലിന്യങ്ങളെ തരം തിരിച്ച് അതിന്റെ സവിശേഷതയ്ക്കൊത്തവണ്ണം ഉള്ള നിർമാർജന മാർഗം സ്വീകരിക്കാവുന്നതാണ്. അഴുകുന്ന മാലിന്യങ്ങളെ (പച്ചക്കറി, പഴങ്ങൾ, ഭക്ഷ്യ മാലിന്യങ്ങൾ) വിഘടിപ്പിച്ചു കമ്പോസ്റ്റുകൾ ഉണ്ടാക്കാവുന്നതാണ്.  വീണ്ടെടുക്കാവുന്ന (salvagable) വസ്തുക്കളെ വീണ്ടെടുത്ത് റീസൈക്കിൾ ചെയ്തുപയോഗിക്കാവുന്നതാണ്. അണുജീവികൾ ഉപയോഗിച്ച് ജീർണിക്കുന്ന മാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കുന്ന ഫെർമെൻറ്റേഷൻ പ്രക്രിയ ഉപയോഗിച്ച് ഓർഗാനിക് മാലിന്യങ്ങളെയും സീവേജുകളെയും കൈകാര്യം ചെയ്യാവുന്നതാണ്.  സീവേജുകളെ കൈകാര്യം ചെയ്യുന്നതിനുതകുന്ന സീവേജ് treatment പ്ലാന്റുകൾ സ്ഥാപിക്കുന്നത് ഉത്തമമാണ്. 

ആപത്കരമായ വ്യവസായ മാലിന്യങ്ങളുടെയും ബയോ മെഡിക്കൽ മാലിന്യങ്ങളുടെയും പുറം തള്ളൽ കുറച്ചു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഉറവിടങ്ങളിൽ തന്നെ ഇവയെ നിയന്ത്രിക്കുകയും ആവുന്നത്ര വീണ്ടെക്കുകയും ചെയ്യുന്നത് പരീക്ഷിക്കാവുന്നതാണ്. എങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതിനുള്ള പ്രത്യേകം മാർഗങ്ങൾ പ്രബലമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരം  മാലിന്യങ്ങൾ കെമിക്കൽ, തെർമൽ, ബയോളജിക്കൽ, ഫിസിക്കൽ രീതികളിൽ സംസ്കരിക്കാവുന്നതാണ്. ഇവ നിർമാർജനം ചെയ്യുന്നവേളയിൽ ലൈനുകൾ ഉള്ള കുഴികളിൽ കളയേണ്ടതാണ്. ഇല്ലാത്ത പക്ഷം ഇവ പരിസരങ്ങളിൽ പടർന്നുകയറാനും ശുദ്ധജല സ്രോതസുകളിലേക്കു ഒഴുകി ഇറങ്ങാനും സാധ്യതയുണ്ട്. ഇത് ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നു. 

വെല്ലുവിളികൾ 

എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (TERI ) പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാർഷിക മാലിന്യ തോത് 62 മില്യൺ ടൺ ആണ്. ഇതിൽ 43 മില്യൺ ടൺ (70%) മാത്രമാണ് ശേഖരിക്കപ്പെടുന്നത്. അതിൽ 12 മില്യൺ ടൺ സംസ്കരിക്കപ്പെടുന്നു. ബാക്കി 31 മില്യൺ ടൺ കെട്ടിക്കിടക്കുന്നവയായി ഭവിക്കുന്നു.  Indian Central Pollution Control Board (CPCB) കണക്കുകൾ പ്രകാരം 2030 ഓടുകൂടി രാജ്യത്തു ഉണ്ടാകാൻ പോകുന്ന മാലിന്യത്തിന്റെ തോത്‌ 165 മില്യൺ ടണ്ണോളമെത്തുമെന്നാണ്. ഇന്ത്യൻ ഖരമാലിന്യ നിർമാർജ്ജന വിപണിയെ ശേഖരണം, ഗതാഗതം, കൈകാര്യം ചെയ്യൽ, നിർമാർജനം എന്നീ വിഭാഗങ്ങളായി തരം തിരിക്കാം. 

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ട് ഏറ്റവും കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്ന മേഖലയാണ് ശേഖരണവും, ഗതാഗതവും. International Centre for Environment Audit and Sustainable Development (ICED) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മാലിന്യ ശേഖരണ തൊഴിലാളികളുടെ ശരാശരി എണ്ണത്തിന്റെ ഏകദേശകണക്ക് 21 മില്യൺ മാത്രമാണ്. അപകടകരമായ ബിയോമെഡിക്കൽ വ്യവാസായിക മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ആപത്കരമായ തൊഴിൽ പരിതഃസ്ഥിതി ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ ഏറെ ശ്രദ്ധ അവകാശപ്പെടുന്ന ഒന്നാണ്. ഉറവിടത്തിൽ തന്നെ ഇത്തരം മാലിന്യങ്ങളെ കൃത്യമായി തരംതിരിച്ചെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ ഇത് പലപ്പോഴും സാധ്യമാകുന്നില്ല എന്നതാണ് സത്യം. ഹോസ്പിറ്റൽ മുറികളിലും വീടുകളിലും മറ്റും ഉണ്ടാകുന്ന ബിയോമെഡിക്കൽ മാലിന്യങ്ങളുടെ അശാസ്ത്രീയ തരം തിരിക്കലും തെറ്റായ കൈകാര്യം ചെയ്യലും ഈ പ്രശ്നത്തിനാക്കം കൂട്ടുന്നു. വീടുകളിൽ നിന്നും പുറംതള്ളുന്ന സാനിറ്ററി പാടുകൾ ഡയപ്പറുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായുള്ള കൃത്യമായ അവബോധം സാധാരണ ജനങ്ങളിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. 

മാലിന്യ നിർവ്വഹണ സംഹിതയിൽ പ്രാധാന്യമർഹിക്കുന ഒന്നാണ് ട്രാൻസ്ഫർ സ്റ്റേഷനുകളുടെ സ്ഥാനവും അതിന്റെ ശരിയായ പ്രവർത്തനവും. പല സ്രോതസ്സുകളിൽ നിന്നും വന്നു ചേരുന്ന മാലിന്യങ്ങൾ ഒരുമിച്ചു സ്വാംശീകരിച്ച് വലിയ വാഹനത്തിലേക്ക് മാറ്റുന്ന കേന്ദ്രങ്ങളെയാണ് ട്രാൻസ്ഫർ സ്റ്റേഷൻസ് എന്ന് പറയുന്നത്. ഇവിടെ നിന്നും മാലിന്യങ്ങൾ നിർമാർജ്ജന പ്ലാന്റുകളിലേക്കോ, മറ്റു തുടർ പ്രക്രിയകൾ ചെയ്യുന്ന കേന്ദ്രങ്ങളിലേക്കോ നീക്കുന്നു.  മാലിന്യങ്ങളിൽ ഉപയോഗപ്രദമായതും, അപകടകരമായതും എല്ലാം വേർതിരിച്ചുവീണ്ടെടുക്കുന്നതിൽ ഇത്തരം കേന്ദ്രങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നിലവിൽ രാജ്യത്ത് ഇവയുടെ അപര്യാപ്തമായ സ്ഥിതി സ്ഥാനവും, പരിമിതമായ ആസൂത്രണവും പ്രവർത്തനവും എല്ലാം മാലിന്യ നിർമാർജ്ജന പ്രക്രിയയെ മൊത്തത്തിൽ ദുർബലമാക്കുന്നു. 

ഇന്ത്യയിലുടനീളം ആകെ 16 സംസ്ഥാനങ്ങളിൽ മാത്രമാണ്, ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളിൽ 25% എങ്കിലും കൈകാര്യം ചെയ്യാൻ  നഗരസഭകൾ പര്യാപ്തത കൈവരിച്ചിരിക്കുന്നത്. കേന്ദ്ര സഹായ പദ്ധതികളും (സ്വച്ഛ് ഭാരത് അഭിയാൻ) ഫണ്ടുകളും മറ്റുമുണ്ടെങ്കിൽക്കൂടിയും, മാലിന്യ സംസ്കരണ പ്ലാന്റുകളുടെ  സ്ഥാപിക്കൽ ,  സുഗമമായ പ്രവർത്തനം,  പരിപാലനം എന്നിവയ്ക്ക് വേണ്ടുന്ന അധിക മുതൽമുടക്ക് തന്നെയാണ് സംസ്ഥാനങ്ങൾ നേരിടുന്ന പ്രഥമ വെല്ലുവിളി. അതുപോലെ മാലിന്യ സംസ്ക്കരണ പ്രക്രിയകൾ ക്ക് നിരന്തരമായ ഊർജ വിതരണം ആവശ്യമാണ്.  

ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മുന്നേറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും വേണ്ട ശാസ്ത്രീയ പരിജ്ഞാനവും നവീന ചിന്താഗതിയും നമ്മുടെ രാജ്യത്ത് വർധിച്ചു വരേണ്ടതുണ്ട്. എങ്കിൽ മാത്രമേ ആഗോളതലത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ കെല്പുള്ള ഒരു സുസ്ഥിര മാലിന്യ നിർമാർജനം നമുക്ക് സാധ്യമാവുകയുള്ളു.

 പ്രതിവിധികൾ 

ഒരിക്കൽ ഒരു ഗ്രാമത്തിൽ രണ്ടു നിരപരാധികളെ അവർ ചെയ്യാത്ത കുറ്റത്തിന് രണ്ടു കാരാഗ്രഹങ്ങളിൽ പൂട്ടിയിട്ടിരുന്നു. അവർ അടുത്തടുത്ത തടവറകളിലായിരുന്നു. അവർക്കു രണ്ടുപേർക്കും മറ്റെയാളിന്റെ താക്കോൽ കൈവശമുണ്ടായിരുന്നു. എന്നാൽ അവർ തമ്മിൽ സമ്പർക്കമില്ലാത്തതു കൊണ്ട് അവർ ഇതറിഞ്ഞിരുന്നില്ല. കുറേ നാളുകൾക്കു ശേഷം ഒരു പ്രബുദ്ധനായ ഗുരു അവരെ സന്ദർശിക്കുകയും ഈ വിവരം കൈമാറുകയും ചെയ്തു. താക്കോലുകൾ കൈമാറാൻ സഹായിക്കാം എന്നദ്ദേഹം പറഞ്ഞു. പകരം അവർ രണ്ടു പേരും ചേർന്ന് ഗുരുവിന്റെ പക്കലുള്ള ഒരു മായപെട്ടി തുറക്കാൻ സഹായിക്കണമെന്നു പറഞ്ഞു. അത് തുറക്കാൻ ഈ രണ്ടു താക്കോലുകളും വേണമായിരുന്നു. അങ്ങനെ പുറത്തിറങ്ങിയ അവർ ഗുരുവിനൊപ്പം ചേർന്ന് മായപെട്ടി തുറക്കുകയും അതിൽ നിന്നും ദിവ്യ ജ്യോതിസ്സ് പുറത്തുവരികയും ലോകം മുഴുവൻ സമൃദ്ധി പരത്തുകയും ചെയ്തു. 

നമ്മുടെ ലോകത്തും പല കോണുകളിലായി പരസ്പരം ബന്ധിക്കപ്പെടാതെ പല പരിഹാരങ്ങളും ഒളിഞ്ഞു കിടക്കുന്നു. ഇവ ഒരുമിച്ചു കൊണ്ടു വരുന്ന മാത്രയിൽ നമുടെ ആഗോളപ്രശ്നങ്ങൾക്കു പ്രതിവിധികൾ ഉരുത്തിരിയും. 

മാലിന്യ നിർമാർജന വെല്ലുവിളികളിൽ പ്രധാനമായി പറയുന്ന മുതൽമുടക്ക് പ്രശ്നം പരിഹരിക്കണമെങ്കിൽ സ്വകാര്യ- പൊതുമേഖലാ സംയുക്ത പ്രയത്നങ്ങൾ ആവശ്യമാണ്. നോർത്ത് ഗോവയിലെ സലിഗാവോയിൽ സ്ഥിതി ചെയ്യുന്ന ഖര മാലിന്യ നിർമാർജ്ജന കേന്ദ്രം (SWMF- solid waste management facility ) ഇതിനുദാഹരണമാണ്. പ്രമുഖ ബീച്ചുകളായ ബാഗ, കാലാൻഗുട്ടെ, അഞ്ചുന തുടങ്ങിയവ കൂടാതെ പഞ്ചായത്തുകളിൽ നിന്നും വരുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്തു സംസ്കരിക്കാൻ ഇവിടം പ്രാപ്തമാണ്. Goa Waste Management Corporation (GWMC) , Hindustan Waste Treatment Pvt Ltd എന്നിവയുടെ യോജിച്ച പങ്കാളിത്തത്തോടുകൂടിയാണ് ഈ സുസ്ഥിര പദ്ധതി വിജയം കണ്ടെത്തിയിരിക്കുന്നത്. പ്രതിദിനം 17,000 ക്യൂബിക് മീറ്റർ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ ഈ പ്ലാന്റിന് കഴിയുന്നു. ഇതിന്റെ വിജയത്തിനു പിന്നിൽ ഘടകങ്ങളേറെയാണ്. 

ഇത്തരം ഒരു സംരംഭത്തിന്റെ ആവശ്യം ശക്തമായി ഊന്നിപ്പറയുന്ന  തരത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തി വളരെ അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക, മാലിന്യ നിർവ്വഹണ വകുപ്പുകളുടെ വിലയേറിയ പങ്കാളിത്തം വളരെ വലുതാണ്. പ്രധാനപ്പെട്ട മറ്റൊന്നാണ് മറ്റു മേഖലകളുമായുള്ള പദ്ധതി സംയോജനം. ഒരു ചെറിയ ഉദാഹരണം ഇവിടെ ഉദ്ധരിക്കട്ടെ!

” അതേയ് രാഘവേട്ടോ!!! കണ്ടില്ലേ ! എന്തൊരു കൊട്ടും മേളവും ആഘോഷവുമായിരുന്നു ഉദ്ഘാടനത്തിന്. മാലിന്യത്തിൽ നിന്നും സമ്പത്തെന്നൊക്കെ പറഞ്ഞു തുടങ്ങിയതാ. മാസം മൂന്നാകുന്നതിനു മുന്നേ അടച്ചു പൂട്ടി “

“അതെങ്ങനെ പൂട്ടാതിരിക്കും? എനിക്കപ്പഴേ അറിയാമായിരുന്നു… ചുറ്റുവട്ടത്തുള്ളോർക്കു പുക മണത്തിട്ടു ശ്വാസം മുട്ടും ..പിന്നെ ശരീരം മൊത്തം തടിച്ചു പൊങ്ങലും… ഇതൊക്കെ വെറും പറ്റിപ്പല്ലേ?”

“അതിനു രാഘവേട്ടാ നിങ്ങളും വീട്ടിലെ എല്ലാ ചപ്പും കൊണ്ട് തട്ടാറുണ്ടായിരുന്നല്ലോ… എന്നിട്ടിപ്പോ മാറ്റിപ്പറയുന്നോ?”

“നിർത്തി …. ഈ  നാട്ടാരെ പറ്റിക്കണോരെ സഹായിക്കാൻ നമ്മളില്ലേ!!!!”

ഒരു ഗ്രാമത്തിലെ മാലിന്യ കൈകാര്യ കേന്ദ്രം അടച്ചുപൂട്ടിയപ്പോൾ ഉണ്ടായ സംഭാഷണ ശകലമാണിത്. ഇത് നമ്മൾ ഗൗരവപൂർവ്വം ശ്രദ്ധ കൊടുക്കേണ്ട ഒരു മേഖലയാണ്. കാരണം മാലിന്യ കൈകാര്യ കേന്ദ്രങ്ങളുടെ സ്ഥാപനം എന്നത് ഈ പ്രക്രിയയുടെ വളരെ ,ചെറിയ ഒരു ഭാഗം മാത്രമാണ്. ഇവിടെ മാറുന്ന മനോഭാവം, അവബോധം, കൃത്യമായ രീതിയിലുള്ള പരിശീലനം ഇതെല്ലാം പ്രാദേശിക ജനങ്ങൾക്ക് ഉണ്ടേകേണ്ടത് ഈ സംരംഭ വിജയത്തിന് അത്യന്താപേക്ഷിതമാണ്. സമൂഹത്തിലെ ഈ മാറ്റത്തിന്  വിദ്യാഭ്യാസമേഖലയിലെ സമീകരണവും, കോർപ്പറേറ്റ് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ (CSR ) മുഖേനെയുള്ള അവബോധ പരിപാടികളും എല്ലാം പ്രധാനമാണ്. മാലിന്യ നിർമാർജ്ജന പ്രക്രിയ ഒരു ഒറ്റപ്പെട്ട ചട്ടക്കൂടിൽ നിന്നും പ്രവർത്തിക്കേണ്ട ഒന്നല്ല എന്ന് നാം മനസിലാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥാപനം കൊണ്ടുമാത്രം സമഗ്രമായ ഒരു മാലിന്യ നിർമാർജന പ്രതിവിധി കണ്ടെത്താൻ നമുക്കാവില്ല. 

ഇനി ഇത്തരം സംരംഭങ്ങളുടെ നടത്തിപ്പിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് നിരന്തരമായ നിരീക്ഷണം. സാങ്കേതിക പരിജ്ഞാനമുള്ളവരുടെ മേൽനോട്ടത്തിൽ ഇത്തരം സംരംഭത്തിന്റെ പ്രവർത്തനങ്ങളും നടത്തിപ്പും വിലയിരുത്തേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ പുരോഗതിക്കൊപ്പം സഞ്ചരിച്ച് പരിതഃസ്ഥിതിക്ക്‌ അനുയോജ്യമായ പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിനുള്ള അപഗ്രഥനവും പഠനങ്ങളും ആവശ്യമാണ്. അങ്ങനെ പ്രവർത്തന വെല്ലുവിളികളെ തത്സമയം നേരിടുവാനും പ്രതികരിക്കാനും പ്രാപ്തിയുള്ള ഒരു ഘടന രൂപപെടുത്തിയെടുക്കേണ്ടത് പ്രധാനമാണ്. 

മേല്പറഞ്ഞവയെല്ലാം തന്നെ സർക്കാർ-സ്വകാര്യ മേഖലയുടെയും സംരംഭകരുടെയും ഉത്തരവാദിത്തങ്ങളും മുഖ്യ പരിഗണനകളുമാണ്. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ നാമോരോരുത്തരും ഇതിൽ വലിയ ഉത്തരവാദിത്തം പേറുന്നവരാണ്. മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ സംഹരിക്കുകയും, പുനരുപയോഗിക്കുകയും ചെയ്യാനുതകുന്ന നിർണായക തീരുമാനങ്ങൾ നമ്മുടെ കൈയിലാണ്. ഇത്തരം ചര്യകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിക്കുന്ന ആശയങ്ങളാണ് ഇനി പറയുന്നത്. 

സർക്കുലാരിറ്റി -ചാക്രികത

പണ്ട് പണ്ട് കുന്നിൻചരുവിലുള്ള   കൊച്ചു  ഗ്രാമത്തിൽ ഒരു മാന്ത്രിക കിണറുണ്ടായിരുന്നു. ഒരു നാണയത്തുട്ട് അതിലേക്കെറിഞ്ഞ ശേഷം ആത്മാർത്ഥമായി എന്താഗ്രഹിച്ചാലും ആ കിണർ അതു സാധിച്ചു കൊടുത്തിരുന്നു. അങ്ങനെ ഒരു ദിവസം ലില്ലി എന്നു പേരുള്ള ഒരു പെൺകുട്ടി അവളുടെ നാണയം അതിലേക്കിട്ടു ഒരു സുന്ദരമായ പൂന്തോട്ടത്തിനു വേണ്ടി ആഗ്രഹിച്ചു. അത്ഭുതമെന്നു പറയട്ടെ അവൾ തിരികെ നടന്നു പോകുമ്പോൾ വഴിയിൽ ഒരു കുഞ്ഞു പൂവ് വിരിഞ്ഞു വരുന്നതു കണ്ടു. സന്തോഷം സഹിക്കാനാവാതെ അവൾ വീണ്ടും കിണറിനടുത്തേക്കോടി  മറ്റൊരു നാണയം കൂടെ അതിലേക്കെറിഞ്ഞു. കൂടുതൽ പൂക്കൾക്കായി ആഗ്രഹിച്ചു. അവളുടെ കൺമുന്നിൽ വച്ചു തന്നെ അവിടം പൂക്കൾ കൊണ്ട് നിറഞ്ഞു. 

ഇതവൾ ഒരു പതിവാക്കി. അങ്ങനെ അടുത്ത കുറച്ചു ദിവസങ്ങളിൽ അവൾ ഇനിയും പൂക്കൾ വരാനായി ആഗ്രഹിച്ച് നാണയങ്ങൾ എറിഞ്ഞു. അങ്ങനെ ഓരോ ദിവസവും പൂന്തോട്ടം പൂർവാധികം മനോഹരമായി കാണപ്പെട്ടു. അങ്ങനെ ഇരിക്കെ വിചിത്രമായ ഒരു സംഭവം അവളുടെ കണ്ണിൽ പെട്ടു. പൂക്കളെല്ലാം വളർന്നു വന്നിരിക്കുന്നത് വൃത്താകൃതിയിലായിരുന്നു. ഒരു വലിയ വൃത്തം നിറയെ പൂക്കൾ വിടർന്നതിനു ശേഷം ഏകകേന്ദ്രമായ (concentric ) മറ്റൊരു കുഞ്ഞു വൃത്തത്തിൽ അടുത്തവ നിരന്നു. അങ്ങനെ അങ്ങനെ പൂക്കൾ കൂടുന്നതനുസരിച്ചു വൃത്തത്തിന്റെ അളവ് ചെറുതായി വന്നു. ഒടുവിൽ വളർന്നു നിൽക്കുന്ന പൂക്കളെ മെതിച്ചിട്ടു കൊണ്ടുമാത്രമേ അവിടെ നടക്കാൻ സാധിച്ചിരുന്നുള്ളൂ എന്ന അവസ്ഥയായി. ഒരു നടുക്കത്തോടെ അവൾ മനസ്സിലാക്കി തന്റെ അളവറ്റ ആഗ്രഹം കാരണം ഇനി ഒരു പൂവിനെപോലും ഉൾക്കൊള്ളിക്കാനാവാത്ത വിധം അവിടം നിറഞ്ഞിരിക്കുന്നു. പൂക്കൾ തിങ്ങി ഞെരുങ്ങി സൂര്യപ്രകാശത്തിനായി മത്സരിച്ചു. 

അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. തന്റെ അത്യാഗ്രഹം കാരണം പൂന്തോട്ടത്തിനേറ്റ കേടുപാടുകൾ ക്ക് പ്രതിവിധി കണ്ടെത്താൻ അവൾ തീരുമാനിച്ചു. പിന്നെയുള്ള എല്ലാ ദിവസവും അവൾ പൂക്കൾക്ക് വെള്ളമൊഴിക്കാനും അവയെ പരിപാലിക്കാനും തുടങ്ങി. അങ്ങനെ തോട്ടത്തിൽ പണിയെടുക്കുമ്പോൾ പ്രകൃതിയുടെ തനതു ചക്രഗതിയെ (cycle ) ആഴത്തിൽ മനസ്സിലാക്കാനും അംഗീകരിക്കാനും അവൾക്കായി. ഒന്നൊന്നിനു വളമാകുന്ന പ്രകൃതി തത്വം നമ്മിലെല്ലാം അന്തർലീനമാണെന്നും പ്രപഞ്ചത്തിലെ എല്ലാത്തിലും കാലചക്രത്തിനനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നു എന്നും അവൾ മനസ്സിലാക്കി. പ്രകൃതി സഹജമായ പ്രവാഹം നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾ മൂലം ഭഞ്ജിക്കപ്പെടുന്നു. ഈ ഒരു തിരിച്ചറിവ് അവളിൽ നിറച്ച വെളിച്ചം കൊണ്ട് അവൾ തൻെറ പൂന്തോട്ടത്തെ മനോഹരമായി പരിപാലിച്ചു. പ്രകൃതിയോട് ചേർന്ന ചെയ്തികളിലൂടെ സുസ്ഥിരവും സുന്ദരവുമായ ഒരു ലോകം കെട്ടിപ്പടുക്കാനാവും എന്നവൾ മനസ്സിലാക്കി. 

ചാക്രികത അഥവാ circularity എന്ന ആശയത്തെ വളരെ ലഘുവായി പ്രതിപാദിക്കുന്ന ഒരു കഥയാണിത്. നമ്മുടെ ജീവിതത്തിലെ ന്യൂനതകളെയും വൈകല്യങ്ങളെയും ചേർത്തുപിടിച്ച് പരിവർത്തനത്തിലേക്കുള്ള പ്രയാണത്തിനായി പ്രേരിപ്പിക്കുന്ന ജാപ്പനീസ് തത്വം പേറുന്ന കലാരൂപമായ കിന്റസുഗി (kintsugi ) ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊട്ടിയ മൺപാത്രങ്ങളും മറ്റും  സ്വർണം വെള്ളി മുതലായ അമൂല്യ ലോഹങ്ങളുടെ തരികൾ ചേർത്തുണ്ടാക്കിയ വാർണിഷുകളാൽ കൂട്ടി യോജിപ്പിച്ച് പൂർവ്വാധികം ഭംഗിയുള്ള വസ്തുവാക്കിമാറ്റുന്ന ‘സുവർണ്ണ ചേർപ്പുപണി’. പൊട്ടിയതെല്ലാം വലിച്ചെറിഞ്ഞു പുതിയത്തിലേക്കു നീങ്ങുന്ന നമ്മുടെ തലമുറ ഏറെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് പുനരുപയോഗം. പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും സുസ്ഥിരതക്കും circular economy  എത്ര പ്രധാനമാണെന്നു നാം അറിയേണ്ടതുണ്ട്. 

ഒരു സാധനത്തെ  അതിന്റെ പരമാവധികാലയളവിൽ  അതിന്റെ ഉപയോഗത്തിൽ കൊണ്ട് വരികയും മാലിന്യവർധനം കുറയ്ക്കുകയും പുനഃചംക്രമണത്തിനും പുനരുപയോഗത്തിനും  (recycling and  reuse) ഉള്ള സാധ്യതകൾക്ക് ഊന്നൽ  നൽകുകയും ചെയ്യുന്ന ഒരു   പുനർജനകമായ (regenerative)സമ്പദ്ഘടനയാണ് circular economy.  ‘ഉപയോഗിച്ച ശേഷം കളയുക ‘ (take make dispose) മോഡൽ അനുഗമിക്കുന്ന ലീനിയർ എക്കണോമിയിൽ നിന്നും വിഭിന്നമായി ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങൾക്കു പരിഹാരമാകേണ്ടുന്ന രീതിയിലുള്ള ഒരു ഘടനയാണ് ഇത്.  പരമ്പരാഗത ലീനിയർ ഇക്കോണമി വ്യവസ്ഥയനുസരിച്ച് നാം പ്രകൃതി വിഭവങ്ങളെ എടുക്കുകയും അതുപയോഗിച്ചു വസ്തുക്കൾ നിർമ്മിക്കുകയും ശേഷം അവയെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ  ഈ ഘടനയനുസരിച്ചുള്ള രൂപകല്പനയാണ് നിലവിലുള്ള മിക്ക വസ്തുക്കൾക്കും  ഉള്ളത്. അപ്പോൾ പുതിയ circular എക്കണോമിയിലേക്കുള്ള കാൽവെയ്പുകളിൽ നിലവിലുള്ള ഡിസൈനുകളിൽ ചില അഴിച്ചു പണികൾ വേണ്ടാതായി വരുന്നു. വ്യവസായപരമായും സമ്പത്ഘടനാപരമായും ഉള്ള വ്യതിയാനങ്ങൾ ഇവിടെ ആവശ്യമാണ്. ഇവിടെ അസംസ്‌കൃത പദാർഥങ്ങളുടെയും, ഘടകവസ്തുക്കളുടെയും (components ), ഉത്പന്നങ്ങളുടെയും എല്ലാം പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിനു പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും രൂപകൽപന. ഇതു പ്രകാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്നു നോക്കാം.

circular economy യിലേക്കുള്ള ആഗോള പരിവർത്തനത്തിനു സാരഥ്യം വഹിക്കുന്ന സംഘടനകളിൽ പ്രധാനിയായ Ellen MacArthur Foundation പഠന പ്രകാരം വസ്തു വിഭവങ്ങളുടെ cycle flow രണ്ടായി വിഭജിക്കാം. ആദ്യമായി ബയോളോജിക്കൽ ഫ്‌ളോ. പ്രകൃതിയിൽ തന്നെ ഉള്ള സ്വാഭാവികമായ ചക്രമാണ് ഇത്. ഉദാഹരണത്തിന് അന്തരീക്ഷത്തിൽ നിന്നും carbondioxide ഉം മണ്ണിൽ നിന്നും ധാതുക്കളും വലിച്ചെടുത്ത് സസ്യങ്ങൾ വളരുന്നു .അതോടൊപ്പം തന്നെ അവ പ്രകൃതിയിലേക്ക് ഓക്സിജൻ പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഇതേ സസ്യം മണ്ണിടിഞ്ഞ് മണ്ണിലേക്ക് ധാതുക്കൾ തിരിച്ചു കൊടുക്കുന്നു.  ഇത് മറ്റൊരു സസ്യത്തിന് വളമാകുന്നു. ഈ ഒരു പ്രക്രിയ ഒരു closed loop system ആയി തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇനി രണ്ടാമതായി ടെക്നിക്കൽ ഫ്‌ളോ.  സ്വതവേ പുനരുപയോഗ സാധ്യതയില്ലാത്തവസ്തുക്കൾക്ക്  പ്രകൃതിയുടെ സ്വാഭാവിക ചക്രത്തിൽ കടന്നു കയറാൻ സാധിക്കുന്നില്ല.  അതുകൊണ്ടു തന്നെ വിഭവങ്ങളുടെ പാഴാക്കൽ കുറയ്ക്കുവാനായി ഇവയെ പുനരുപയോഗത്തിനു പ്രാപ്യമായ രീതിയിൽ രൂപകൽപന ചെയ്തെടുക്കുന്നതു വഴി  ഇവയുടെ സേവനം പരമാവധി നമുക്ക് ലഭിക്കും. അങ്ങനെ ഇവ മാലിന്യ രൂപത്തിൽ വെറുതെ പാഴാകുന്നത് തടയാം. ഉദാഹരണത്തിന് റീസൈക്കിൾ ചെയ്ത പദാർത്ഥങ്ങൾ കൊണ്ട് ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നതു വഴി പുനരുപയോഗം വർധിപ്പിക്കുകയും പാഴാക്കൽ കുറക്കുകയും ചെയ്യുന്ന circular design രീതിയിലേക്ക് നമുക്ക് വഴിമാറാം. 

 circular design  എന്നാൽ ഒരു വസ്തു നിർമിക്കുമ്പോൾ അതിന്റെ ഉദ്ദേശ ലക്‌ഷ്യം പരമാവധി നല്ല രീതിയിൽ കൈവരിക്കുകയും എന്നാൽ അതു മൂലമുണ്ടാകുന്ന മലിനീകരണവും മാലിന്യങ്ങളും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്. ഇതിൽ വളരെ  പ്രധാനമാണ് ഉത്പന്നത്തിന്റെ പുനരുപയോഗത്തിന് അനുയോജ്യമായ  അസംസ്‌കൃത വസ്തുക്കളെ തിരഞ്ഞെടുക്കുന്നത്. ഉപഭോഗത്തിന്റെ അവസാനം അവയെല്ലാം തന്നെ ഉറവിടത്തിലേക്കു തിരിച്ചു് എത്തിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്തു വേണം രൂപകൽപന നടത്താൻ. 

അഡിഡാസിന്റെ ‘future craft loop shoes ‘ ഇത്തരത്തിലുള്ള circular ഡിസൈനിന്റെ ഉത്തമ ഉദാഹരണമാണ്. thermoplastic polyurethane പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച ഈ ഷൂസുകൾ  ഉപയോഗ ശേഷം കമ്പനിയിലേക്കു തിരിച്ചു നൽകുകാനും ആ ഷൂ ഉപയോഗിച്ച് ഒരു മാലിന്യവും കൂടാതെ മറ്റൊരു ഷൂ ഉത്പാദിപ്പിക്കാനും സാധിക്കുന്നു. ഒരൊറ്റ വസ്തു ഉപയോഗിച്ചാണ് ഷൂ വിന്റെ മുഴുവൻ ഭാഗവും ഉണ്ടാക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇതിന്റെ റീസൈക്ലിങ്  വളരെ ലളിതമാണ്. നൂലുകൾ, റബ്ബർ സോളുകൾ, പ്ലാസ്റ്റിക്കുകൾ  തുടങ്ങിയ   പലവിധ അസംസ്‌കൃത വസ്തുക്കൾ  കൊണ്ടുണ്ടാക്കിയ ഉല്പന്നത്തിന്റെ റീസൈക്ലിങ് എത്ര കണ്ടു ബുദ്ധിമുട്ടുള്ളവയാണെന്നു നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ഇവയിലടങ്ങിയ കുഞ്ഞു തരികൾ (ചിലതു ബയോ ബേസ്ഡ് ആവാം ചിലതു അല്ലാത്തതാവാം ) വേർതിരിച്ചു റീസൈക്ലിങ്ങിന് വിധേയമാക്കുന്നത് അസാധ്യമാണ്. 

circular design കൊണ്ടുവരുന്നതിനായി സഹായിക്കുന്ന ഒട്ടേറെ ടൂളുകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രോഡക്റ്റ് സർവീസ് സിസ്റ്റം. ഈ വ്യവസായ മോഡൽ അനുസരിച്ചു് ഉത്പന്നങ്ങൾക്ക് പകരം പ്രാധാന്യം സേവനങ്ങൾക്കാണ്. അതുകൊണ്ടു തന്നെ ഒരേ ഉത്പന്നം കൊണ്ട് ഒരുപാടുപേർക്ക്  പ്രയോജനമാം വിധം സേവനം വിഭാഗിക്കുന്നു. അതുകൊണ്ട് തന്നെ ഒരു വസ്തു ഉപയോഗിക്കാനായി അത് വാങ്ങണമെന്നില്ല പകരം ഒരു പൊതു വസ്തുവിനെ പലരുമായി  പങ്കിട്ടെടുക്കാം.  ഇതിനെ ഷെയേർഡ് ഇക്കോണമി എന്നു പറയുന്നു. ഇവിടെ വ്യക്തികൾ തമ്മിൽ വസ്തുക്കൾ പങ്കിട്ടെടുക്കുന്നു. അങ്ങനെ വസ്തു പാഴാക്കൽ കുറയ്ക്കാനും ഉപഭോക്താവിനു ചെലവ് ചുരുക്കാനും സാധിക്കുന്നു. ഉദാഹരണത്തിനു് zip car പോലുള്ള കാർ ഷെയറിങ് സംവിധാനങ്ങൾ ഉപഭോക്താവിന് ആവശ്യാനുസരണം കാറുകൾ ഉപയോഗത്തിനായി റിസേർവ് ചെയ്യാനനുവദിക്കുന്നു. സ്വന്തമായി ഒരു കാർ വാങ്ങി ഉപയോഗിക്കുന്നതിനു പകരം ആവശ്യത്തിനനുസരിച്ചു കാർ എടുത്തുപയോഗിക്കാം. സ്വന്തം വീടോ മുറിയോ അതിഥികൾക്കായി ഒരുക്കിക്കൊടുത്ത് അതുവഴി പണം സമ്പാദിക്കാൻ സഹായിക്കുന്ന മറ്റൊരു സംരംഭമാണ് Air Bnb. ഉപയോഗമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മറ്റൊരാവശ്യക്കാരന് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്താനും അതുവഴി പണമുണ്ടാക്കാനും സാധിക്കുന്ന ഒരു ഉത്തമ സാധ്യതയാണിത്. വാടക അടിസ്ഥാനത്തിൽ ഫർണിച്ചറുകൾ `നൽകുന്ന ഒരു കമ്പനിയാണ് Fernish ആൻഡ് feather. അവശ്യാനുസരണം ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി ഇഷ്ടമുള്ളപ്പോൾ മാറ്റി പുതിയതാക്കുകയും എന്നാൽ അതുമൂലം വേസ്റ്റ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിന് അഭികാമ്യമായ ഒരാശയമാണിത്.

2007 -2008  ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ ഉപഭോക്താക്കൾ തങ്ങളുടെ ഉടമസ്ഥത രീതികളെ പറ്റി പുനർവിചിന്തനം ചെയ്യുകയും അങ്ങനെ ചിലവുചുരുക്കലിന്റെ ഭാഗമായി റിസോഴ്സുകൾ പങ്കിടുകയും ചെയ്ത സാഹചര്യത്തിലാണ് shared economy ക്കു പ്രചാരം വന്നത്. ഇന്റർനെറ്റിന്റേയും ഓൺലൈൻ സേവനങ്ങളുടെയും പ്രചാരവും ലഭ്യതയും ഇതിനു് ആക്കം കൂട്ടി. ഉയർന്ന മുതൽമുടക്കിൽ നേടിയെടുക്കാൻ സാധിക്കുന്ന നിലവാരമുള്ള സേവനങ്ങളും സംവിധാനങ്ങളും ചുരുങ്ങിയ ചെലവിൽ നേടാൻ ഉപഭോക്താവിനാകുന്നു. ഇതോടൊപ്പം തന്നെ പ്രകൃതിയിൽ മാലിന്യ രൂപേണ അടിഞ്ഞു ചേർന്നേക്കാവുന്നതായ അനാവശ്യ വസ്തുക്കളുടെ എണ്ണം കുറച്ചു കൊണ്ട് വരാനും സാധിക്കുന്നു. 

ഇത്തരം സാധ്യതകളും മാറ്റങ്ങളും നമുക്ക് ചുറ്റും അലയടിക്കുമ്പോൾ ഇതിൽ നാം ഭാഗമാകേണ്ടതുണ്ട്. ഭൂമിയുടെ സന്തുലിതാവസ്ഥ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ചെറിയ ചില ശൈലി വ്യതിയാനങ്ങളിലൂടെയും കാഴ്ചപ്പാടുകളിലെ മാറ്റങ്ങളിലൂടെയും circularity എന്ന ഉദാത്ത ആശയത്തിനെ കൈനീട്ടി സ്വീകരിക്കാൻ നമുക്കാവും. നാം ദൈനംദിന ജീവിതത്തിൽ ഉൾക്കൊള്ളിക്കുന്ന പല കാര്യങ്ങളിലും circularity എന്ന ആശയത്തെ സ്വാംശീകരിക്കാൻ എത്രകണ്ടാവും എന്ന ദീർഘ വീക്ഷണം അനിവാര്യമാണ്. ഉദാഹരണത്തിന് ഒരു വസ്ത്രം നമുക്ക് പാകമാകാതെ വരുമ്പോൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ അതു പുതിയൊരു വസ്ത്രമാക്കി മാറ്റിയാലോ ? ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഭംഗിയുള്ള വാലെറ്റുകൾ ഉണ്ടാക്കിയെടുത്താലോ? ഇത്തരം സാധ്യതൾ കണക്കിലെടുത്തുകൊണ്ട് നമ്മുടെ പരിസരത്തുതന്നെ നവീകരണ സാധ്യതകളുള്ള സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.  കുപ്പത്തൊട്ടിയിൽ എറിയുന്നതിന് മുമ്പേ മാണിക്യങ്ങൾ നമുക്ക് തന്നെ കണ്ടെത്താം.  അതിനു നമ്മുടെ വരും തലമുറകളെ പ്രാപ്തരാക്കുകയും ചെയ്യാം. 

ഭക്ഷ്യ സംഭരണവും മാലിന്യ ന്യുനീകരണവും 

 ഭംഗിയിൽ അലങ്കരിച്ച സ്വീകരണ മുറിയുടെ നടുക്ക് ചിരിതൂകി നിന്ന വരനെയും വധുവിനെയും ആശംസിച്ച ശേഷം ഭക്ഷണ സ്ഥലത്തേക്കെത്തിയ അവൾ കണ്ടത് അതി ഗംഭീരമായ സജ്ജീകരണമായിരുന്നു. പല രൂപത്തിലും ഭാവത്തിലും ഒരുക്കി വച്ച ഭോജ്യവസ്തുക്കൾ. പല നിറത്തിലും തരത്തിലും ഉള്ളവ. ഇതു വരെ കണ്ടിട്ടില്ലാത്തവ, കേട്ടിട്ടു പോലും ഇല്ലാത്തവ. രുചിയെന്തെന്നറിയാൻ അവൾ അതിൽ ഓരോന്നും തൻ്റെ പാത്രത്തിലേക്ക് എടുത്തു വെക്കാൻ തുടങ്ങി. ഇഷ്ടപ്പെട്ടതൊക്കെയും എടുത്തു വച്ചു. കഴിക്കാനാരംഭിച്ചു. ചിലതു കൊള്ളാം ചിലതത്ര പോരാ. രുചിയും തരവും  നോക്കി ഓരോന്നും കഴിച്ചും ഒഴിച്ചും കഴിഞ്ഞപ്പോൾ തന്നെ എഴുന്നേൽക്കാനാവാത്ത അവസ്ഥ. ആ യുദ്ധ പരമ്പരയുടെ തിരുശേഷിപ്പ് അവളുടെ പാത്രത്തിൽ ഒരു കൂമ്പാരം സൃഷ്ടിച്ചു. അതും ഏന്തി അവൾ പിൻവാതിലിലൂടെ പുറത്തേക്ക് കടന്നു. വെളിച്ചം എത്താത്ത ഇരുണ്ട ഇടനാഴികളിൽ മനം മടുപ്പിക്കുന്ന ദുർഗന്ധം. എച്ചിൽ പാത്രങ്ങൾ കുന്നുകൂടികിടക്കുന്നിടത്ത് ഈച്ചകൾ വട്ടമിട്ടു പറക്കുന്നു. തന്റെ പാത്രം അതിനുമുകളിലായി പെട്ടെന്ന് എടുത്തെറിഞ്ഞ ശേഷം മൂക്കു പൊത്തി അവൾ അവിടുന്ന് ഓടി. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൾ ഞെട്ടി. തിരിഞ്ഞു നോക്കിയപ്പോൾ ജനൽ പാളികളിലൂടെ രണ്ടു വരണ്ട കണ്ണുകൾ. രണ്ടല്ല നാല്. ശ്രദ്ധിച്ചു നോക്കിയപ്പോഴതാ ……. റോഡിന്റെ മറുവശത്തു ചേല കെട്ടി മറച്ച ചെറ്റക്കുടിലിൽ ഒരു നേരത്തെ ഭക്ഷണത്തിനായി കണ്ണുംനട്ടിരിക്കുന്ന ഒരു കുടുംബം. ഇപ്പുറത്തു ഇവിടെയെന്താണു സംഭവിക്കുന്നതെന്നറിയാനുള്ള ആകാംഷയിൽ ജനലിലൂടെ ഉറ്റു നോക്കുന്ന നാല് കുരുന്നു കണ്ണുകൾ. അവരുടെ കയ്യെത്താവുന്നതിനേക്കാൾ ഒരുപാടകലെയുള്ള എച്ചിൽ പാത്രങ്ങളെ കൈകാട്ടി വിളിക്കാനായുന്ന വിളറിയ കൈകൾ. 

മേല്പറഞ്ഞത് കേവലം ഒരു വിരുന്നു സൽക്കാരത്തിൽ മാത്രംഒതുങ്ങി നിൽക്കുന്ന  ഒന്നല്ല. മറിച്ചു് നമ്മുടെ ലോകത്ത് പൊതുവായി നടന്നു വരുന്ന  ദൗർഭാഗ്യകരമായ വിപത്താണത് . ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭോജ്യയോഗ്യമായ ഭക്ഷണത്തിൻറെ 30% പാഴാക്കപ്പെടുന്നു. അതേസമയം തന്നെ ലോകജനസംഖ്യ 2050 ഓടുകൂടി 9.7 ബില്യൺ ആയി മാറുമെന്ന് കണക്കാക്കപ്പെടുന്നു. അതോടൊപ്പം അതിനുതകുന്ന ഭക്ഷ്യോത്പാദനം 70% ആയി വർധിപ്പിക്കേണ്ടതായും വരുന്നു. ഒരുകോണിൽ പാഴാക്കപ്പെടുമ്പോൾ മറ്റൊരിടത്ത് ആവശ്യം വർധിക്കുന്നു. അതായത് ആഗോളതലത്തിൽ വർഷത്തിൽ  3.6 ലക്ഷം കോടി കുട്ടികൾ പട്ടിണി മരണത്തിനു കീഴടങ്ങുമ്പോൾ ആഗോളതലത്തിൽ അമിതവണ്ണവും ദുർമ്മേദസ്സും കൊണ്ടുള്ള  അസുഖങ്ങൾ മൂലമുള്ള മരണം 2.8 ലക്ഷം കോടിയാണ്.    നിലവിലുള്ള ഭക്ഷ്യ വ്യവസ്ഥയിൽ പ്രബലമായ നവീകരണം കൊണ്ടുവരേണ്ടതത്യാവശ്യമാണെന്ന്   ഇതു  വ്യക്തമാക്കുന്നു. 

ഭക്ഷണത്തിന്റെ അളവും നിലവാരവും കുറയുന്ന അവസ്ഥയിലാണ് ഭക്ഷ്യ ക്ഷാമം ഉടലെടുക്കുന്നത്.   ഉപയോഗയോഗ്യമല്ലാത്ത രീതിയിൽ ഭക്ഷണത്തിന്റെ നിലവാരം നഷ്ടമാകുന്ന അവസ്ഥയാണ് ഭക്ഷണം കേടാകൽ.  ഭക്ഷ്യ വിതരണ ശൃംഖലയിലെ പ്രാരംഭഘട്ടങ്ങളായ  കൃഷി, വിളവെടുപ്പ്, അതിനു ശേഷമുള്ള പ്രക്രിയകൾ എന്നീ അവസരങ്ങളിലാണ് സാധാരണ രീതിയിൽ ഇത് സംഭവിക്കുന്നത്. അനുചിതമായ സംഭരണരീതിയും ഇതിനു വഴി വെയ്ക്കുന്നു. എന്നാൽ ഉപയോഗയോഗ്യമായിരിക്കെ തന്നെ ഭക്ഷണം നിരാകരിക്കപ്പെടുമ്പോൾ അതിനെ പാഴാക്കലായി കാണാം. ഉപഭോക്താവിന്റെയും വ്യാപാരികളുടെയും പക്കലാണ് ഈ അവസ്ഥയുണ്ടാകുന്നത്. കൃത്യമായ ധാരണയില്ലാതെ, അളവിൽ കൂടുതൽ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കൂട്ടൽ, അല്ലെങ്കിൽ കൃത്യമായ സ്റ്റോക്ക് clearance നടാപ്പാക്കാതിരിക്കൽ എന്നിവയൊക്കെ ഈ അവസ്ഥയ്ക്കു വഴിവെയ്ക്കുന്നു.

ഭക്ഷണം പാഴാക്കലും കേടാക്കലും തടയാൻ ഭക്ഷ്യ സപ്ലൈ ചെയിനിൻ്റെ  പരസ്പര പൂരകങ്ങളായ വിവിധ ഘട്ടങ്ങളൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കണം. ഓരോ ഘട്ടത്തിലും പ്രവൃത്തി ഉല്പന്നത്തിന്റെ  അടുത്ത ഘട്ടത്തെ അതെങ്ങനെ ബാധിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. കൃഷി, വിളവെടുപ്പ്, സംഭരണം, അനന്തര പ്രക്രിയകൾ, പാക്കേജിങ്, ഗതാഗതം, വിതരണം എന്നീ ഓരോ ഘട്ടത്തിലും പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. 

ആദ്യമായി  വികസ്വര രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർഷക ശാക്തീകരണം. അവരിൽ കാർഷിക പ്രക്രിയയുടെ നൂതന വഴികളെപ്പറ്റിയും, സുസ്ഥിര കാർഷിക മാർഗങ്ങളെപ്പറ്റിയും, വിളവെടുപ്പ് ഘട്ടത്തിൽ ശ്രദ്ധ ചെലുത്തേണ്ട വിഷയങ്ങളെപ്പറ്റിയും അവബോധം ഉണ്ടാക്കേണ്ടതുണ്ട്.  ഉദാഹരണത്തിന് ചില ധാന്യങ്ങൾ  കൊയ്തെടുക്കുന്ന സമയത്ത് അവഎത്ര ഉയരത്തിൽ വച്ച് മുറിയ്ക്കുന്നു  എന്നത്  അതിന്റെ വിളവിനെ സാരമായി ബാധിക്കുന്നു. കൊയ്ത്തു സമയത്തെഅശാസ്ത്രീയമായ  കൈകാര്യം ചെയ്യൽ വിളവിന്റെ നിലവാരത്തെ ബാധിക്കുന്നു. വിളവെടുപ്പിനു ശേഷമുള്ള സംഭരണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലായ്മയും ഇന്ന് കർഷകർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. Indian Council of Agricultural Research ന്റെ 2022 ഗവേഷണ റിപ്പോർട്ട് പ്രകാരം 18 % പഴവർഗങ്ങളും , 13% പച്ചക്കറികളും വിളവെടുപ്പാനന്തര പ്രക്രിയകളിൽ നശിക്കുന്നു. ആവശ്യത്തിനുള്ള ശീതസംഭരണികളില്ലാത്തതും, ഒരേ ഊഷ്മവ്യവസ്ഥയിൽ പലതരംകാർഷിക   ഉത്പന്നങ്ങൾ  ഒരുമിച്ചു സൂക്ഷിക്കുന്നതും എല്ലാം ഇതിനു കാരണമാണ്. ഉചിതമായ ഉണക്ക് മാർഗങ്ങൾ (drying techniques ) ഇല്ലാത്തതാണ് ചെറുകിട അണ്ടി ഉത്പാദകർ നേരിടുന്ന പ്രധാന പ്രശ്നം. നിലവിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ വിഭജനം ഇന്ത്യയിൽ ദേശീയതലത്തിൽ അസമമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആധുനിക സജീകരണങ്ങളും ടെക്നോളജിയും സംയോജിപ്പിക്കുമ്പോൾ ഇതിന്റെ പരിപാലന ചെലവ്, നഷ്ടമായേക്കാവുന്ന കാർഷികോത്പന്നത്തിന്റെ മൊത്തവിലയെക്കാൾ അധികമാകാതെ നോക്കുകയും വേണം. അതുകൊണ്ടു തന്നെ സോളാർ അല്ലെങ്കിൽ ബയോ ഗ്യാസ് അധിഷ്ഠിത ഊർജ സ്രോതസുകളുപയോഗിച്ചു ഇവ പ്രവർത്തിപ്പിക്കുന്ന രീതിയിലുള്ള സുസ്ഥിര മാർഗങ്ങൾ അവലംബിക്കാവുന്നതാണ്. ഇത്തരം ആധുനികവത്കരണത്തിലേയ്ക്കു കൈപിടിച്ചുയരുവാൻ കർഷകനെ സഹായിക്കുന്ന തരത്തിലുള്ള അറിവും ഇൻസെൻറ്റീവും വളരെ പ്രധാനമാണ്. 

ഉത്പന്നങ്ങളുടെ പാക്കേജിങ് വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന ഒന്നാണ്. കൃത്യമായ ടൈം temperature indicators (TTI ),ഗ്യാസ് indicators, ബയോ സെൻസറുകൾ എന്നിവയുടെ സഹായം കൊണ്ട് ഭക്ഷ്യോത്പന്നങ്ങളുടെ താപനില വ്യവസ്ഥകളും, ഗ്യാസ് കോമ്പോസിഷനും, പകർച്ചാണുവിന്റെയും മറ്റും സാന്നിധ്യം അളക്കൽ എന്നിവ സാധ്യമാകുന്നു. പെട്ടെന്ന് കേടാകാനുള്ള സാധ്യത മുന്നിൽ കാണുന്ന  ഉത്പന്ന ബാച്ചുകളെ ഉടനടി വിതരണം ചെയ്യാനുള്ള സാധ്യതകൾ സ്വീകരിക്കണം. ഇതിനു വേണ്ടി ഗതാഗത മദ്ധ്യേ പര്യാപ്തമായ ഹബ്ബുകളും  ഡിസിഷൻ കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് അഭികാമ്യമായിരിക്കും.

 ഉത്പന്നങ്ങൾ ഗതാഗതം ചെയ്യുമ്പോൾ ഉചിതമായ രീതിയിൽ അവയെ വിന്യസിക്കേണ്ടതത്യാവശ്യമാണ്. ഉദാഹരണത്തിന് ബെറികളുടെ ഗതാഗതമാർഗങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിൽ പറയുന്നത് ഗതാഗത മദ്ധ്യേ  ട്രക്കിലെ സ്ഥാനം അവയുടെ ഗുണനിലവാരത്തെ ബാധിക്കുന്നു എന്നാണ്. അതുപോലെ ട്രേകളിൽ സൂക്ഷിക്കുന്ന മുന്തിരികളുടെ ആയുസ്സ് അല്ലാത്തതിനെക്കാൾകൂടുതലാണ്. ഉപഭോക്തൃ ആവശ്യങ്ങൾ കണക്കിലെടുത്തും പ്രാദേശിക സ്വഭാവങ്ങൾ കണക്കിലെടുത്തും, സീസൺ കണക്കിലെടുത്തും ആവശ്യാനുസരണം വിതരണ തീരുമാനങ്ങൾ കൈകൊള്ളാവുന്നതാണ്. ഇതിനായി പ്രെഡിക്റ്റിവ് അനലിറ്റിക്സ് മാർഗങ്ങൾ കൊണ്ടു വരാം. ഉദാഹരണത്തിന് ഓണസമയങ്ങളിൽ മൽസ്യമാംസാദികൾക്കു ഡിമാൻഡ് കുറയുകയും 4 സദ്യ കഴിഞ്ഞാൽ ഉടനെ അത് കുത്തനെ ഉയരുകയും ചെയ്യുന്ന സാമാന്യ മാനുഷികാവബോധത്തെ അപഗ്രഥിക്കുന്ന യുക്തി. 

ഇങ്ങനെ പല മാർഗങ്ങൾ അവലംബിച്ച് ഷെൽഫ് ലൈഫ് ഉയർത്താൻ കഴിഞ്ഞാലും ഇവ ഉപഭോക്താവിന്റെ പക്കൽ എത്തിക്കഴിയുമ്പോൾ ഇനി എങ്ങനെ എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്.  ഷോപ്പിംഗ് ചെയ്യുന്ന സമയം മുതൽ നമ്മുടെ ഉത്തരവാദിത്വം ആരംഭിക്കുന്നു. കൃത്യമായ പ്ലാനിങ്ങോടു കൂടി മാത്രം ഷോപ് ചെയ്യുക. ആവശ്യത്തിനനുസരിച്ചു മാത്രം സാധനം വാങ്ങുക. ഉള്ള വസ്തുക്കൾ ഉപയോഗിച്ച് കൃത്യമായ മീൽ പ്ലാനിംഗ് നടത്തുക. എല്ലാ ഉത്പന്നങ്ങളുടെയും സ്റ്റോറേജ് പ്രക്രിയകളെ പറ്റി നാം അറിഞ്ഞിരിക്കണം. അതിന്റെ ശാസ്ത്രീയ രീതി അനുസരിച്ചു തന്നെ അതിനെ സൂക്ഷിക്കുക. ഉദാഹരണത്തിന് ഇലകളും മറ്റും എയർ tight കണ്ടെയ്നറുകളിലോ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞോ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെയ്ക്കാം. പച്ചരിയിലും ജീരകത്തിലും മറ്റും  വെളുത്തുള്ളി ഇട്ടു വെച്ചാൽ പ്രാണികൾ വരാതെ സൂക്ഷിക്കാം.  ഉപ്പിട്ടുവയ്ക്കുന്ന പാത്രത്തിൽ അല്പം അരികൂടെ ഇട്ടു സൂക്ഷിച്ചാൽ ഉപ്പു കട്ട കെട്ടാതെ സൂക്ഷിക്കാം. പഴുത്തു കറുത്ത് തുടങ്ങിയ പഴങ്ങൾ കൊണ്ട് സ്വാദിഷ്ടമായ കേക്കുകളുണ്ടാക്കാൻ സാധിക്കും എന്നുള്ളത് നിങ്ങൾക്കറിയുമോ? ഫ്രിഡ്ജിലെ എക്സ്പയറി അടുക്കാറായ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന റെസിപ്പികൾ പറഞ്ഞു തരുന്ന രസകരമായ AI-IOT സാങ്കേതിക വിദ്യയുടെ സാക്ഷാത്കാരവുമായി സാംസങ് LG തുടങ്ങിയവ രംഗത്തെത്തിയിരിക്കുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും വിരുന്നു സത്കാരങ്ങളിലും ഭക്ഷണശാലകളിലും വീടുകളിലും മറ്റും പ്രതീക്ഷക്കു നിരക്കാത്ത രീതിയിൽ ഭക്ഷണം പാഴാക്കപ്പെടുന്നു. പണ്ടൊരു ഹോസ്റ്റലിൽ ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നിടത്തു രണ്ടു പേർ കാവൽ നിന്നതായി ഓർക്കുന്നു. അവിടെ ബാക്കി വന്ന ഭക്ഷണം കളയുന്നവരുടെ പേര് പിഴയോടൊപ്പം എഴുതി വെക്കുകയും മാസാവസാനം പിഴ ഒടുക്കുകയും അങ്ങനെ സ്വരൂപിച്ച തുക അനാഥാലയങ്ങളിൽ ഭക്ഷണമോ തുകക്കനുസൃതമായ മറ്റെന്തെങ്കിലും സാധനങ്ങളോ പിഴയൊടുക്കിയവരെ കൊണ്ട് തന്നെ വാങ്ങികൊടുപ്പിച്ചിരുന്നു. ഇത് ഹോട്ടലുകളിൽ നടപ്പിലാക്കിയാൽ എത്ര പേർക്കു ഭക്ഷണം കിട്ടുമെന്നോർക്കുക. പക്ഷെ പാഴാക്കിയ നഷ്ടം പരിഹരിച്ചാൽ മതിയെന്ന ചിന്തയും ശരിയല്ല.  ‘വേണ്ടത് എടുക്കു, എടുത്തത് കഴിക്കൂ ‘ എന്ന  നയം നാം സ്വയം ഉൾക്കൊള്ളുക എന്നതാണ് ആദ്യമായി നടപ്പാക്കേണ്ടത്. ഇതു ഓരോ പൗരനിലും വന്നു നിറയുമ്പോൾ തന്നെ പാഴാക്കൽനിയന്ത്രിക്കാൻ ഒരു പരിധി വരെ സാധിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തെയും അനുകൂലമായി ബാധിക്കുന്നു. പോർഷൻ അറിഞ്ഞു നിയന്ത്രിച്ചു കഴിക്കാൻ പ്രാപ്തരാകുമ്പോൾ അമിതാഹാരം കഴിക്കുന്നതിൽ നിന്നു നാം മുക്തരാകുന്നു. 

അനേകം സുസ്ഥിര സാധ്യതകൾ ഉദിച്ചു വരുന്ന ഒരു മേഖലകൂടിയാണിത്. പാഴ്ഭക്ഷ്യ വസ്തുക്കളെ സംസ്കരിച്ച് അതിൽ നിന്നും ബിയർ, ചാരായമടങ്ങാത്ത പാനീയങ്ങൾ എന്നിവ ഉണ്ടാക്കുന്ന ഒരു സംരംഭമാണ് CRUST group. ഭക്ഷണം  പാഴാക്കൽ തടയുന്നതിനായി പുനർവിതരണ സംരംഭങ്ങൾ ധാരാളം കണ്ടു വരുന്നു. ഇതു വളരെ ആശാവഹമാണ്. കേരള ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ  സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന  സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതി ഇതിനു ഒരു മുതൽക്കൂട്ടാണ്. പദ്ധതികൾക്കും  നിർബന്ധിത നിയന്ത്രണങ്ങൾക്കും അപ്പുറം നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങളും പ്രവൃത്തികളും സ്വയം നിയന്ത്രിക്കാൻ നമുക്കായാൽ ഇരുണ്ട ഇടനാഴികളിൽ തളയ്ക്കപെട്ട വരണ്ട നാവുകളിൽ ഒരുരുള ചോറെങ്കിലും നൽകാൻ നമുക്കായേക്കും

മേല്പറഞ്ഞ ആശയങ്ങളും അവബോധവും ജനങ്ങളിൽ എത്തിക്കുവാൻ ഒരു പൗരൻ എന്ന രീതിയിൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. സുസ്ഥിരത എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെയുള്ളിൽ തുടങ്ങി ചുറ്റും വ്യാപിച്ച് ഒരു സമൂഹവും അങ്ങനെ ഒരു നാടും ഒടുവിൽ ഈ ലോകം മുഴുവനും ഈ വികാരം നിറഞ്ഞു പരിലസിക്കാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.