ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് മതങ്ങൾ പറയുന്നു. മനുഷ്യൻ മാലിന്യത്തെയും. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവം പരിതപിച്ചു എന്ന് ബൈബിൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, മാലിന്യത്തിന് വിത്ത് പാകിയ മനുഷ്യന് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ, ഭയാനകമായ പര്യവസാനത്തേക്കുറിച്ചോ വേണ്ടത്ര ബോധവാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം പഠനങ്ങളിപ്രകാരം വെളിപ്പെടുത്തുന്നുണ്ട്., അനതി വിദൂര ഭാവിയിൽ ഭൂമി ഒരു മാലിന്യ കൂമ്പാരമായി മാറിയേക്കാമെന്ന്. പക്ഷെ, എന്നിട്ടും അതിന് തക്കതായ വിധത്തിലുള്ള ഒരു പരിഹാരം കാണാനോ വേണ്ടത്ര ജാഗ്രത പുലർത്താനോ അതിനു വേണ്ടപ്പെട്ടവരും നമ്മുടെ സമൂഹവും തയ്യാറാവുന്നില്ല എന്നതാണ് സത്യം. ഏതൊരു വികസിത രാജ്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഒരു അനന്തരഫലം തന്നെയാണ് മാലിന്യം. അതിനെ നിഷേധിച്ചിട്ട് കാര്യമില്ല എന്നിരിക്കെ, ആ സത്യത്തിൽ നിന്ന് ഒളിച്ചോടുന്നതോ അല്ലെങ്കിൽ അതിനു വേണ്ട പരിഹാരം കാണാതിരിക്കുന്നതോ തീർച്ചയായും തെറ്റു തന്നെ.

                                       മനുഷ്യൻ, അവന്റെ ഉപയോഗത്തിന് ശേഷം വരുന്ന വസ്തുക്കൾ  കാലാവധി കഴിയുന്ന മുറക്ക് അതൊരു പാഴ്‌വസ്തു ആയി തള്ളുന്നു. ഉപയോഗമില്ലാതായി തീരുന്ന ആ വസ്തുക്കൾ വേണ്ടത്ര ജാഗ്രതയോടും സൂക്ഷ്മതയോടുംക്കൂടി കൈകാര്യം ചെയ്‌തില്ലെങ്കിൽ അത് വെറും മാലിന്യമായും സാമൂഹിക പ്രശ്നമായും തീരുന്നു. ആഗോളവൽകരണവും ഭൗതികമായ കാഴ്ച്ചപ്പാടുകളും മനുഷ്യനെ വെറുമൊരു ഉപഭോഗ വസ്തുവായി മാറ്റിതീർത്തിരിക്കുന്നു എന്ന് ശാസ്ത്രലോകം വിധിയെഴുതുന്നു. ഈ ഭൗതികമായ കാഴ്ച്ചപ്പാടുകളിലേക്കും അനാരോഗ്യകരമായ പ്രവണതകളിലേക്കും നമ്മെ കൊണ്ടുചെന്നെത്തിക്കാൻ ബഹുമുഖമായ പരസ്യകമ്പനികൾ നമുക്ക് പ്രചോദനഹേതുവാകുന്നു. ഈ പരസ്യകമ്പനികളെല്ലാം തന്നെ ഓരോ വികസിത സമൂഹത്തിന്റെയും ബൈ പ്രോഡക്ടുകളാണ് എന്നതിൽ സംശയമില്ല. കാരണം, പത്തൊൻപതാം നൂറ്റാണ്ടോടുകൂടി വ്യവസായിക വിപ്ലവത്തിന് തിരശീല ഉയർന്നപ്പോൾ വ്യത്യസ്തങ്ങളായ ഉൽപ്പനങ്ങൾ അതിന്റ നിർമ്മാണത്തിലും രൂപത്തിലും എണ്ണത്തിലും അസാമാന്യമായ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. ഇങ്ങനെ ബ്രഹത്തും എണ്ണമറ്റതുമായ ഉൽപ്പനങ്ങൾ, ആരോഗ്യപരവും അനാരോഗ്യപരവുമായ മത്സരങ്ങൾക്ക് വഴി തുറന്നപ്പോൾ അവ വിറ്റഴിക്കാൻ പരസ്യങ്ങൾ ആവശ്യമായി വന്നു. ആ പരസ്യങ്ങളുടെ മാസ്മരിക വലയങ്ങളിൽ കുടുങ്ങി ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ വാങ്ങി കൂട്ടുക എന്നുള്ളത് ഒരു മനുഷ്യ സ്വഭാവമായി മാറി. ഫാഷനിങ്ങിലും ഡിസൈനിങ്ങിലും വ്യത്യസ്തതയും ആകർഷണിയവുമായ ആധുനിക രീതിയിലുള്ള വസ്ത്രങ്ങളും ശാരീരിക ഭംഗി കൂട്ടുന്നതിനുള്ള അലങ്കാരവസ്തുക്കളും വിദേശിയും സ്വദേശിയുമായ ഭക്ഷണ സാധനങ്ങളും വിവിധങ്ങളായ വാഹനങ്ങളുമെല്ലാം ഇന്ന് തറവാടിത്തത്തിന്റെയും മാന്യതയുടെയും അടയാളമായി കരുതിപ്പോരുന്ന ഒരു സമൂഹത്തിൽ പരസ്യങ്ങളുടെ പിന്നാലെ പോയി ഒന്നു വാങ്ങി അത് അനുഭവിച്ചു തീരുന്നതിനുമുൻപേ മറ്റൊന്ന് വാങ്ങാനുള്ള മനുഷ്യന്റെ ത്വര ഒരു ‘വലിച്ചെറിയൽ സംസ്കാര’ത്തിലേക്കാണ് നമ്മെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്.

                        അങ്ങനെ വ്യവസായ വൽക്കരണത്തിന്റെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും, അതിലുപരി വലിച്ചെറിയൽ സംസ്കാരത്തിന്റെയും ഫലമായി അടുത്ത കാലത്ത് പാഴ്‌വസ്തുക്കളുടെ അളവ് ക്രമാതീതമായി വർധിച്ചു. വികസിത രാജ്യങ്ങളിൽ ഒരു വ്യക്തി ഒരു വർഷം മൂന്നര ടണ്ണിലധികം മാലിന്യം സൃഷ്ടിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നമ്മുടെ സമൂഹവും അതിലൊട്ടും പുറകിലല്ല തന്നെ. അതുകൊണ്ട് തന്നെ നമ്മുടെ നഗരസഭകൾക്ക് പരിഹരിക്കാൻ പറ്റാത്ത ഒരു കീറാമുട്ടിയായി മാലിന്യം ഇന്ന് വളർന്ന് വലുതായിരിക്കുകയാണ്. ‘ഹരിത കർമ്മ’ സേനകൾ പോലെ കർമ്മോത്സുകരായ സേനകൾ ഈ രംഗത്ത് വിജയകരമായി പ്രവർത്തിച്ചു വരുന്നുണ്ട്. അവരെ അതിൽ അനുമോദിക്കാതിരിക്കാൻ വയ്യ. പക്ഷെ, എങ്കിലും ആർത്തലച്ച് വരുന്ന മാലിന്യ കൂമ്പാരങ്ങൾക്ക് മുൻപിൽ അവർക്ക് എത്രത്തോളം വിജയിക്കാൻ കഴിയും. അതിനുവേണ്ടത്, നമ്മുടെ സമൂഹം ഉണരേണ്ടിയിരിക്കുന്നു… പ്രബുദ്ധരാകേണ്ടിയിരിക്കുന്നു… ഓരോ വ്യക്തിയും ഉണരേണ്ടിയിരിക്കുന്നു. അവനവനെത്തന്നെ അവൻ ഉണർത്തേണ്ടിയുമിരിക്കുന്നു.

                                                              മാലിന്യ സ്രോതസ്സുകളെ നമുക്ക് പല ഗണങ്ങളായി തിരിക്കാം. വ്യവസായങ്ങൾ മൂലമുണ്ടാകുന്ന  മാലിന്യങ്ങൾ, ജൈവ മാലിന്യങ്ങൾ, വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ, ഹോസ്പിറ്റലുകളിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങൾ, റേഡിയോ കിരണങ്ങൾ മൂലമുണ്ടാകുന്ന മാലിന്യങ്ങൾ, അങ്ങനെ, അങ്ങനെ…… വ്യവസായ ശാലകൾ പുറന്തള്ളുന്ന വിഷദ്രാവകങ്ങളും അഴുക്ക് ചാലുകളിലെ വെള്ളവും ടോയ്ലറ്റ് മാലിന്യവും എല്ലാം നമ്മുടെ പ്രകൃതിക്ക് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. ഒപ്പം കീടനാശിനികളും കളനാശിനികളും നമ്മുടെ ആരോഗ്യ സ്ഥിതിയെ തന്നെ മാറ്റിമറിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ, കളിക്കോപ്പുകൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, എന്നിവയെല്ലാം പാഴ്വസ്തുക്കളായി മാറി നമ്മുടെ സമൂഹത്തെ ഒരു ദുരന്ത ഭൂമിയായി മാറ്റുന്നു. വീടുകളിൽ നിന്നും വരുന്ന ഭക്ഷണ സാധനങ്ങൾ, പ്രത്യേകിച്ച് കല്യാണാഘോഷങ്ങളുടെയും വലിയ വലിയ ഉത്സവങ്ങളുടെയും ഫലമായി ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ചീഞ്ഞു നാറി ദുർഗന്ധവും തദ്വാര, രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നു. ഇങ്ങനെ ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ, മറ്റു പാഴ്വസ്തുക്കൾ എന്നിവ വഴിക്കവലകളിലും റോഡുകളിലും വലിച്ചെറിയുന്നത്, എനിക്ക് തോന്നുന്നു, നമ്മുടെ കേരളീയരുടെ മാത്രം ഒരു ദുർമാതൃകയാണ്. അതവിടെ കിടന്ന് ദുർഗന്ധം വമിപ്പിച്ച് ഈച്ചയും, കൊതുകും, മറ്റു പ്രാണികളും വന്നടിഞ്ഞ്, ചീഞ്ഞ് നമ്മുടെ സമൂഹത്തിൽ തന്നെ വലിയ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ നഗരങ്ങളിൽ അങ്ങോളം ഇങ്ങോളം ഒന്ന് യാത്ര ചെയ്‌താൽ ഇങ്ങനെയുള്ള ഈ മാലിന്യ കൂമ്പാരങ്ങൾ ഒരു സ്ഥിരം കാഴ്ചയാണ്. കണ്ണടക്കാതെ, മൂക്കൊന്ന് പൊത്താതെ കടന്നുപോകാൻ പറ്റുന്ന എത്രയെത്ര കൊച്ചു ഇടവഴികൾ നമ്മുടെ നാട്ടിലുണ്ട്. ഒരു നിമിഷം, ഒരേയൊരു നിമിഷം നമുക്ക് നമ്മുടെ ചിന്തകളെ തുറവിയോടെ ശ്രവിക്കാം. മുൻപെങ്ങും കണ്ടിട്ടില്ലാത്ത, കേട്ടിട്ടുപോലുമില്ലാത്ത തരം കൊറോണ, ഡെങ്കിപനി, എലിപ്പനി എന്നീ അണുജന്യ രോഗങ്ങൾ ഇന്ന് ഈ കാലത്ത് വർദ്ധമാനമായി കാണുന്നതിന്റെ കാരണം എന്തായിരിക്കും., എന്തായിരിക്കാം…? സത്യസന്ധമായും സുതാര്യമായും ആത്മശോധനാപരമായും നമ്മളതിനെ ഇഴ കീറി പരിശോധിച്ചാൽ മറ്റുള്ള കാരണങ്ങളോടൊപ്പം ആ വിരൽ ചൂണ്ടപ്പെടുന്നത് ഒരു വ്യക്തി എന്ന നിലക്ക് നമ്മുടെ നേരെത്തന്നെ ആയിരിക്കില്ലേ…?

                                                            വർദ്ധമാനമായ വേസ്റ്റ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് എന്താണ് പ്രതിവിധി എന്നുള്ള ചോദ്യം ഇവിടെ തീർത്തും പ്രസക്തം തന്നെയാണ്. പാഴ് വസ്തുക്കൾ അഥവാ മാലിന്യം ഇല്ലാത്ത അവസ്ഥയാണ് പ്രകൃതിയുടേത്. ഏതാണ്ട് ഒന്നര നൂറ്റാണ്ടുകൾക്ക് മുമ്പുവരെ ഇങ്ങനെ ഒരു പ്രശ്‌നം നമ്മുടെ മുന്നിൽ ഒരിക്കലും ആവിർഭവിച്ചിരുന്നില്ല. അന്നൊരു പക്ഷെ, ഭൂമിയുടെ ലഭ്യത കൂടുതലായിട്ടുണ്ടായിരുന്നിരിക്കാം. ജനസംഖ്യയും ഇത്രത്തോളം ഉണ്ടായിരുന്നില്ല. എങ്കിലും ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. ക്ഷയിച്ചു മണ്ണിന്റെ ഭാഗമായി മാറാത്ത ഒരു വസ്തുവും പ്രകൃതിയിലില്ല. ശരിയാണ്, വ്യാവസായിക ഉത്പാദന പ്രക്രിയയുടെ ഫലമായി പാഴ്വസ്തുക്കളുണ്ടാകുന്നത് പൂർണമായും നമുക്ക് തടയാനാകില്ല. എങ്കിലുംപാഴ് വസ്തുക്കൾ കഴിയുന്നിടത്തോളം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാൻ നമുക്ക് കഴിയണം. കഴിഞ്ഞേ ഒക്കൂ… ഇല്ലെങ്കിൽ പ്രശ്നങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായി അത് മാറും.ഇതിനു നമുക്ക് പ്രധാനമായും ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്.

1. വേസ്റ്റ് പരമാവധി കുറക്കുക:- അതിൽ, വ്യക്തി എന്ന നിലക്ക്  നമുക്ക് ചെയ്യാവുന്ന ഒരു കാര്യം വലിച്ചെറിയൽ സംസ്കാരത്തിൽനിന്നും പൂർണമായി നാം ഒഴിവാകുക എന്നുള്ളതാണ്. റോഡിലും വഴിക്കവലകളിലും വലിച്ചെറിയപ്പെടുന്ന ഇത്തരം തോന്ന്യാസങ്ങൾ അവസാനിക്കാൻ അല്ലെങ്കിൽ അവസാനിപ്പിക്കാൻ വലിയ ഒരു വേസ്റ്റ് മാനേജ്മെന്റിന്റെ ഒന്നും ആവശ്യമില്ല. കേവലം ഒരു വ്യക്തി, അല്ലെങ്കിൽ വ്യക്തികൾ വിചാരിച്ചാൽ മാത്രം മതി ആ ഒരു “സംസാരിക വിശുദ്ധീകരണം നടത്താൻ “… നമ്മുടെ റോഡുകൾക്ക് ഒരു അവാച്യമായ സൗന്ദര്യം പകർന്നുനൽകാൻ. അതോടൊപ്പം ലളിത ജീവിത ശൈലി സ്വീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പരസ്യങ്ങളുടെ മാസ്മരിക പ്രഭയിൽ മുങ്ങിപ്പോകാതെ, നമുക്ക് ആവശ്യമുള്ളവ മാത്രം വാങ്ങി, പരമാവധി പാഴ്വസ്തുക്കളെ ഒഴിവാക്കാൻ നമുക്ക് തന്നെ ശ്രമിക്കാവുന്നതാണ്. വസ്ത്രങ്ങളിലും, ഭക്ഷണരീതികളിലും, അലങ്കാരവസ്തുക്കളിലുമൊക്കെ ഇങ്ങനെയുള്ള ഒരു സ്വഭാവ രൂപീകരണം തീർത്തും അഭികാമ്യമാണ്. ഒരു കുടുംബത്തിൽ തന്നെ ഒന്നും രണ്ടും കാറുകൾ വാങ്ങി അതിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തെ തടയാൻ നാം ശ്രമിച്ചില്ലെങ്കിൽ ആസന്നഭാവിയിൽ തന്നെ ജീവവായു കിട്ടാതെ മനുഷ്യർ മരിച്ചുവീഴേണ്ട കാഴ്ചകൾ വരെ നാം കാണേണ്ടിവരും. അതുകൊണ്ടുതന്നെ മഹാത്മാക്കളായ ഗാന്ധിജി, വിശുദ്ധ മദർ തെരേസ എന്നിവരുടെ ജീവിതം മാതൃകയായി സ്വീകരിച്ചുകൊണ്ട് നഷ്ടപ്പെട്ടുപോയ ആ ഒരു ആത്മീയ സംസ്കാരം വീണ്ടെടുക്കുകയാണ് ഇതിനുള്ള പ്രതിവിധി.

2. സാധനങ്ങളുടെ പുനരുപയോഗം സാധ്യമാക്കുക:- എന്നുള്ളതാണ് രണ്ടാമത്തെ ഒരു മാർഗ്ഗം. ഒരിക്കൽ ഉപയോഗിച്ച പല വസ്തുക്കളും വലിച്ചെറിയുന്ന ഒരു ശൈലി അല്ലെങ്കിൽ ഉപേക്ഷിക്കുന്ന ഒരു സംസ്കാരം നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്നു. ഡിസ്പോസെബിൾ എന്ന ഓമന പേരിട്ടു വിളിക്കുന്ന ആ ശൈലിയെ നമുക്കൊന്ന് നോൺ-ഡിസ്പോസെബിൾ ആക്കിക്കൂടെ. അത്തരം വസ്തുക്കൾക്ക് പകരം ആവർത്തിച്ചു ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ആക്കി നമ്മൾ അതിനെ രൂപകൽപ്പന ചെയ്യണം. ഇലക്ട്രോണിക് ഉപകരണങ്ങൾ, മേശകൾ, കസേരകൾ ഇവയെല്ലാം കുറഞ്ഞ വിലക്ക് വിൽക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ചെയ്യാവുന്നതാണ്. വിദേശ രാജ്യങ്ങളിലും മറ്റും ഇങ്ങനെയുള്ള മാർക്കറ്റുകൾ സർവ്വസാധാരണമാണത്രെ. ഈ അടുത്ത കാലത്ത് ശുചിത്വമിഷന്റെ ഭാഗമായി കേരളത്തിൽ ‘സ്വാപ്പ്’ ഷോപ്പുകൾ ആരംഭിച്ചിട്ടുള്ളത് ഇതിനൊരു മാതൃകയാണ്.

3. വേസ്റ്റ് പുതിയ ഉൽപ്പന്നമാക്കി മാറ്റുക:- പലസാധനങ്ങളും ഉപയോഗം കഴിഞ്ഞ് പുനർനിർമ്മിക്കാൻ കഴിയും. പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റൽ, കടലാസ് തുടങ്ങിയവ റീസൈക്കിൾ ചെയ്തു ഉപയോഗിക്കാം. ഇതിനുവേണ്ട നിയമങ്ങളും സംവിധാനങ്ങളും സർക്കാരും പൗരബോധമുള്ള പൗരാവലിയും ചേർന്ന് കൂട്ടായ്മയിൽ ചെയ്യേണ്ടിയിരിക്കുന്നു.

                                                     ഇതിലെല്ലാറ്റിലുമുപരിയായി ഓരോ വ്യക്തിയും ഉണരണം. വ്യക്തി ഉണർന്നാൽ കുടുംബം ഉണരും . കുടുംബം ഉണർന്നാൽ സമൂഹവും, നമ്മുടെ രാജ്യവും ഉണരും. അങ്ങനെ പൗരബോധമുള്ള വ്യക്തികളെയും തദ്വാര സാമൂഹ്യബോധമുള്ള ഒരു സർക്കാരിനെയും വാർത്തെടുക്കുന്നതിന് പരിസ്ഥിതി സൗഹൃദ കൂട്ടായ്മകൾ രൂപപ്പെട്ട് വരുന്നുണ്ട് എന്നത് ആശാവഹമായ ഒരു സംഗതി തന്നെയാണ്. അതിനുവേണ്ടത്ര വെള്ളവും വളവും നൽകി പരിപ്പോഷിപ്പിച്ചാൽ നമ്മുടെ പരിസരങ്ങളും, തെരുവീഥികളും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന ചിന്ത ഓരോ വ്യക്തികളിലും രൂപപ്പെടും. അതിനെതിരായി ആരെങ്കിലും പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്‌താൽ അത് ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. വ്യവസായ ശാലകൾക്കും അതുപോലെ തന്നെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കും അതിന്റെ ശുചിത്വത്തിന്റെ ഭാഗമായി ശക്തവും കർക്കശവുമായ നിയമങ്ങൾ നിർമ്മിക്കണം. അതെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ലളിതജീവിത ശൈലി അഭ്യസിക്കണം, വേസ്റ്റ് സുരക്ഷിതമായും എളുപ്പത്തിലും സംസ്‌കരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം, ബയോഗ്യാസിന് വേണ്ടത്ര പ്രാധാന്യം നൽകി അത് വ്യാപകമാക്കാൻ ശ്രമിക്കണം. നല്ല മനസ്സുണ്ടാവുകയും മറ്റുള്ളവരെ അംഗീകരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾതന്നെ നമുക്ക് നല്ലൊരു സമൂഹം കെട്ടിപ്പടുക്കാനാവും. അതിന് റെസിഡൻഷ്യൽ അസോസിയേഷനുകളും കുടുംബകൂട്ടായ്മകളും സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വേണ്ട പിന്തുണയും സഹകരണവും നൽകണം. എങ്കിൽ നമ്മുടെ നാട് ദൈവത്തിന്റെ നാടാവും. അടുത്ത വർഷങ്ങൾ നമ്മുടേത് മാത്രമായി തീരും…….!