എന്റെ ബാല്യകാലസ്മരണകളേറെയും മുത്തശ്ശിയോടൊപ്പം, അവരുടെ വീട്ടിൽ ചിലവഴിച്ചതാണ്. വലിയ പട്ടണത്തിനുള്ളിലായിരുന്നു വീടെങ്കിലും, നിറയെ പച്ചപ്പും, പൂന്തോട്ടവും, പക്ഷികളും, കോഴി വളർത്തലും, പൂച്ചകളും ഒക്കെ ഉണ്ടായിരുന്നു അവിടെ. ഇന്നു ദിനവും ബ്രമ്ഹപുരത്തിന്റെയും വിളപ്പില്ശാലയുടെയും മാലിന്യസംസ്കരണ ദുരിതങ്ങളുടെ വാർത്തകൾ കേൾക്കുമ്പോൾ, ഞാൻ ആലോചിക്കാറുണ്ട്, എങ്ങനെയാണ് അന്നൊക്കെ പട്ടണത്തിന്റെ നടുവിലും വീടുകളിൽ മാലിന്യം കൈകാര്യം ചെയ്തിരുന്നതെന്ന്. ഇന്നു നാം അഭിമുഖീകരിക്കുന്ന സ്ഥലപരിമിതികൾ അന്ന് ഇല്ലായിരുന്നു, എന്നാലും, വീടുകളിൽ മാലിന്യവും കുറവായിരുന്നു. ഭക്ഷണം പാഴാക്കുന്നത് നന്നേ കുറവായിരുന്നു, അഥവാ ബാക്കി വന്നാൽ, ഒന്നുകിൽ അത് അടുത്ത ദിവസത്തെ സ്വാദിസ്ഥമായ മറ്റൊരു വിഭവമായി മാറുമായിരുന്നു, അല്ലെങ്കിൽ അവ കോഴികൾക്കുള്ള ആഹാരമായി മാറും. ജൈവമാലിന്യമെല്ലാം കൃത്യമായി വീടിന്റെ പുറംഭാഗത്തെ ‘ഉരക്കുഴിയിൽ’ നിർബന്ധമായി നിക്ഷേപിക്കണമായിരുന്നു – ഒരു സമയപരിധി കഴിയുമ്പോൾ, അതില്നിന്നുമുള്ള ‘ഉരം’ കൃത്യമായി തെങ്ങിൻചുവട്ടിൽ വളമായി നൽകിയിരുന്നു. ഈ രണ്ടു രീതിയിലും സംസ്കരിക്കാൻ പറ്റാത്തവ മാത്രമാണ് പഴയ സാധനങ്ങളായി തൂക്കി വിറ്റിരുന്നത്. ഒരു വിളപ്പില്ശാലയോ ബ്രഹ്മപുരമോ യാഥാർഥമാകുമെന്നു ഒരിക്കലും അന്ന് കരുതിയിരുന്നില്ല. എന്നാൽ, പഴയ പ്രതാപത്തെക്കുറിച്ചു വിലപിച്ചിട്ടു കാര്യമില്ല, ഇന്നിന്റെ യാഥാർഥ്യം മനസ്സിലാക്കി അതിന്റെ വെല്ലുവിളികളും നൂതന മാർഗ്ഗങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു.

എന്തെല്ലാമാണ് വെല്ലുവിളികൾ?

1. ഉയർന്നു വരുന്ന മാലിന്യക്കൂമ്പാരം – ലോകാരോഗ്യ സംഘടനയുടെയും ലോകബാങ്കിന്റെയും വിവിധ പഠനറിപ്പോർട്ടുകളനുസരിച്ചു ഇന്നു ലോകം പ്രതിവർഷം 2.01 ബില്യൺ (ഏകദേശം 200 കോടി) ടൺ  ഖരമാലിന്യം ഉദ്പ്പാതിക്കുന്നു. ഇത് 2050 ആകുമ്പോൾ 3.40 ബില്യൺ ടൺ ആകുമെന്നാണ് കണക്കുകൂട്ടലുകൾ. ഭൂമിയിൽ മാലിന്യമുണ്ടാക്കുന്ന ഏക ജീവജാലം മനുഷ്യനാകയാൽ, മാനുഷരാശി ഈ ഭൂമിയിലുള്ളെടുത്തോളംകാലം മാലിന്യം കൂടുകതന്നെ ചെയ്യും. എത്ര നൂതന മാർഗ്ഗങ്ങളുണ്ടെങ്കിലും മാലിന്യം ഒരിക്കലും അവസാനിക്കുകയുമില്ല, ഈ കൂമ്പാരം ഒരു ഞൊടിയിടകൊണ്ടു തുടച്ചുമാറ്റാനും കഴിയുകയില്ല.

2. പുതിയതരം മാലിന്യങ്ങൾ – കേവലം ഒരു ദശകത്തിനു മുമ്പ് പ്ലാസ്റ്റിക് ഒരു മാലിന്യമായിരുന്നില്ല, വർഷങ്ങൾക്കിപ്പുറം അത് ഭയാനകമായ ഒരു മാലിന്യമായി മാറുമെന്നും കരുതിയിരുന്നില്ല. അതുപോലെ തന്നെയാണ് ഇലക്ടോണിക് മാലിന്യവും. ജീവിതരീതികളും സൗകര്യങ്ങളും മാറിയപ്പോൾ, പുതിയ കണ്ടുപിടിത്തങ്ങളുണ്ടായപ്പോൾ, പുതിയതരം മാലിന്യങ്ങളുമുണ്ടായി. കോവിഡ് കാലഘട്ടം ദീനദുഖങ്ങളുടെ കൂടെകൊണ്ടുവന്ന പുതിയതരം മാലിന്യമാണ് ‘മെഡിക്കൽ വേസ്റ്റ്’ – മാസ്കുകളും, കൈയുറകളും, സിറിഞ്ചുകളുമെല്ലാം ഇവയിലുൾപെടും. ഇന്നു മാല്യിന്യം മനുഷ്യന് കാണാനും തൊടാനും കഴിയാത്ത ശൂന്യാകാശത്തും സമുദ്രത്തിനടിയിലും വരെ വളർന്നു കഴിഞ്ഞു – ഇവയൊക്കെ എങ്ങനെ കണക്കിടുമെന്നോ, എങ്ങനെ സംസ്കരിക്കുമെന്നുപോലും നമ്മുക്കറിയില്ല എന്നത് ദുഃഖകരമായ യാദാർഢ്യമാണ്.

3. സാമ്പത്തിക ബാധ്യത – എന്തുതരം മാലിന്യമാണെങ്കിലും, അതിന്റെ സംസ്കരണത്തിനൊരു ചിലവുണ്ട് – അത് ചെറിയരീതിയിലെ മാലിന്യശേഖരണമാണെങ്കിലും വലിയരീതികളിലെ പ്ലാന്റ് സംസ്കരണമാണെങ്കിലും. ഈ സാമ്പത്തികഭാരം കാരണം മിക്കപ്പോഴും മാലിന്യം സംസ്കരിക്കാതെയോ, അപൂര്ണമായി സംസ്കരിക്കുകയോ, ശെരിയല്ലാത്ത രീതികളിൽ സംസ്കരിക്കുകയോ ചെയ്യുന്നു. ഇതു കൂടുതൽ മാലിന്യം സൃഷ്ടിക്കുകയോ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുകവഴി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.

4. സമയപരിമിതികളും ദുർബലമായ മനുഷ്യപിൻബലവും – സമയവും ആൾബലവും സാമ്പത്തികംപോലെ തന്നെ മാലിന്യ സംസ്കരണത്തിന്  അത്യാവശ്യമാണ്. ഇന്നു മാലിന്യശേഖരണത്തിനായോ മാലിന്യസംസ്കരണത്തിനായോ തൊഴിലാളികളെ കണ്ടെത്തുവാൻതന്നെ വളരെ ബുദ്ധിമുട്ടാണ്. ഈ തൊഴിലിലെ ബുദ്ധിമുട്ടും, അതിനോടുള്ള വിമുഖതയുമെല്ലാം ഇതിനു കാരണമാണ്. ഈ സ്ഥിതി വീടുകളിലും തൊഴിലിടങ്ങളിലും  ഒരുപോലെയാണ്. എന്നാൽ “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം” ഇന്നു കരുതി, തൊഴിലാളികളിലെങ്കിൽ പോലും സ്വയം സംസ്കരിക്കുവാൻ ശ്രമിക്കുന്നവർക്ക് പക്ഷെ അതിനുള്ള പൂർണ സമയമോ അതിനുതകുന്ന സംവിധാനങ്ങളോ ഇല്ല. മാത്രവുമല്ല, അങ്ങനെ സ്വയം ശ്രമിക്കുന്ന ചിലരെപ്പോലും പിന്തിരിപ്പിക്കുകയും കളിയാക്കുകയും ചെയ്യുന്നവരാണധികവും. 

5.  അപരിയാപ്തമായ സാമൂഹിക മാലിന്യസംസ്കരണ രീതികൾ – മാലിന്യസംസ്കരണം ഒരു കൂട്ടുത്തരവാദിത്വമാണ് – ഇതിൽ വ്യക്തികളും സർക്കാരും തൊഴിലിടങ്ങളും കച്ചവടക്കാരുമെല്ലാം കൂട്ടായി പ്രവർത്തിച്ചാലേ മാലിന്യത്തെ ഒരു പരിധിവരെയെങ്കിലും ശെരിയായി കൈകാര്യം ചെയ്യാൻ സാധിക്കുകയുളൂ. എന്നാൽ “ബഹുജനം പലവിധം” എന്നുപറയുമ്പോലെ മാലിന്യം കൈകാര്യം ചെയ്യുന്നതിലും ഒരിക്കലും ഒരു കൂട്ടായ പദ്ധതി എളുപ്പമല്ല. ഈ ഭൂമിയിലെ സർവ മാലിന്യവും കൂട്ടമായി ഉന്മൂലനം ചെയ്യാൻ എന്തായാലും ഒരു ആഗോള പദ്ധതി നടപ്പിലാക്കാനും നമുക്ക് സാധ്യമല്ല. 

എന്തെല്ലാം ആണ് പരിഹാരമാർഗങ്ങൾ?

ഈ വെല്ലുവിളികൾക്കെല്ലാം പ്രതിവിധിയായി മനുഷ്യന് ഒരു മാന്ത്രികവടിയില്ല, എന്നാൽ ചെറിയ കാൽവെപ്പുകളിലൂടെ ചെറുതല്ലാത്തൊരു ലക്ഷ്യത്തിലെത്താം:

1. സ്ഥലത്തിനുതകുന്ന സംവിധാനം – ഒരു ഗ്രാമീണ മേഖലയിൽ വേണ്ട മാലിന്യസംസ്കരണമല്ല ഒരു പട്ടണത്തിൽ വേണ്ടത്. സാമാന്യം തുറസ്സായ സ്ഥലങ്ങളുള്ള ഒരു ഗ്രാമത്തിൽ ഒരു മാലിന്യസംസകരണ പ്ലാന്റ് ആവശ്യമില്ല, മറിച്ചു ഖരമാലിന്യവും ജൈവമാലിന്യവും അജൈവമാലിന്യവും വീടുകളിൽ തന്നെ പരമാവധി സംസ്കരിക്കാനുള്ള സംവിധാനങ്ങളും ജനങ്ങളിൽ അവബോധവും ഉണ്ടാക്കുകയാണ് വേണ്ടത്. പലതരം മാലിന്യം തരംതിരിച്ചു കൈകാര്യം ചെയ്യുവാനും അതാതിന്റെ രീതിയിൽ സംസ്കരിക്കുവാനുമുള്ള  സംവിധാനവും അറിവും ജനങ്ങളിൽ എത്തിക്കേണ്ടതുമുണ്ട്. എന്നാൽ സ്ഥലപരിമിധിയുള്ള പട്ടണങ്ങളിൽ വീടുകളിൽ മാലിന്യം സംസ്കരിക്കാൻ നന്നേ ബുദ്ധിമുട്ടാണ്. അതിനാൽ ഫലപ്രദമായ ഒരു മാലിന്യ സംസ്കരണ പ്ലാന്റ് അത്യാവശ്യവുമാണ്. അതുപോലെ തന്നെ, ഒരു ആശുപത്രിയിൽ വേണ്ട മാലിന്യസംസ്കരണ രീതിയല്ല ഒരു വ്യാപാരസമുച്ചയത്തിനു വേണ്ടത്. ഒരു വികസിത രാജ്യത്തിന് പ്ലാസ്റ്റിക് പോലുള്ള മാലിന്യം പുനർചംക്രമണം ചെയ്യാൻ നിരവധി സംവിധാനങ്ങൾ വിന്യസിക്കാം, എന്നാൽ താരതമ്യേന വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് അത്തരം സംവിധാനങ്ങൾ നിർമിക്കാനുള്ള സാമ്പത്തികബാധ്യത ഏറ്റെടുക്കാൻ കഴിയുകയില്ല. അതിനാൽ, താരതമ്യേന ചിലവുകുറഞ്ഞ മാലിന്യ സംസ്കരണ സംവിധാനങ്ങളേർപ്പെടുത്തുന്നതാണ് ആ രാജ്യത്തിന് അഭികാമ്യം. 

2. മാലിന്യത്തിനനുസരിച്ചുള്ള സംസ്കരണം –  പ്ലാസ്റ്റിക് മാലിന്യം ഒരിക്കലും തീയിൽ എരിച്ചു നശിപ്പിക്കാൻ പാടില്ല, കാരണം പ്ലാസ്റ്റിക് കത്തുമ്പോൾ വിഷവാതകം പുറപ്പെടുവിക്കുന്നു. അതുപോലെ, ആശുപത്രി മാലിന്യം ഒരിക്കലും ശെരിയായ രീതിയിൽ സാംസ്കാരികാതെ മണ്ണിലോ ജലാശയങ്ങളിലോ പുറംതള്ളാൻ പാടില്ല, എന്നാൽ അതേസമയം ജൈവമാലിന്യം മണ്ണിൽ നിക്ഷേപിക്കുകയും ചെയാം. മണ്ണറിഞ്ഞു വിത്തിടണം എന്ന് പറയുന്നത്പോലെ, എണ്ണമറ്റ തരം മാലിന്യമുള്ള ഇന്ന്, നമ്മൾ മാലിന്യത്തിന്റെ സ്വഭാവമറിഞ്ഞു വേണം മാലിന്യ സംസ്കരണസംവിധാനങ്ങളും നിർമിക്കാൻ. മാത്രവുമല്ല, അതിനുതകുന്ന നിയമസംവിധാനവും, മാർഗ്ഗരേഖകളും മാലിന്യത്തിന്റെ രീതിക്കനുസരിച്ചും മാറ്റേണ്ടതുണ്ട്. മനുഷ്യന്റെ കയ്യെത്താ ദൂരത്തുള്ള ശൂന്യാകാശ മാലിന്യത്തിനും, ജലാശയ മാലിന്യത്തിനും, നാം എന്ത് ചെയ്യണം എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.

3. സാമ്പത്തിക- സാധനസാമക്രാഹിക സഹായം –  ‘ഭിന്നിപ്പിച്ചു കൈയ്യടക്കുക’ എന്നത് ഒരു യുദ്ധതന്ത്രം മാത്രമല്ല, മാലിന്യസംസ്കരണത്തിനും അത് ഉപയോഗിക്കാം. മാലിന്യസംസ്കരണം ഒരു സർക്കാരിന്റെയോ ഭരണസംവിധാനത്തിന്റെയോ മാത്രം ചുമതലയല്ല അത് മാലിന്യത്തിന്റെ ഉറവിട ഉടമസ്ഥന്റെ കൂടെ ഉത്തരവാദിത്തമാണ്. അതിനാൽ മാലിന്യമുണ്ടാകുന്ന വീടുകളിലും തൊഴിലിടങ്ങളിലുമെല്ലാം സാധ്യമാകുന്ന രീതിയിൽ മാലിന്യം സംസ്കരിക്കപ്പെടണം. ഇതിനു ഒരു വല്യ സാമ്പത്തികഭാരം ഉണ്ടായാൽ, അതൊരിക്കലും വിജയിക്കില്ല. അതിനാൽ കഴിയാകുന്നത്ര സാമ്പത്തിക സഹായങ്ങൾ ഭരണകേന്ദ്രങ്ങളിലും നിന്നും കൊടുക്കേണ്ടതുണ്ട്. സാമ്പത്തികസഹായം മാത്രമല്ല, ആവശ്യമായ അറിവുകളും, ശക്തമായ സംസ്ക്കരണ ശൃംഖലയും കൂടി വേണ്ടതുണ്ട്. ഉദാഹരണത്തിന്, ജൈവമാലിന്യസംസ്കരണത്തിനായി, വീടുകളിൽ മണ്ണിരകമ്പോസ്റ് പ്ലാന്റ് നിർമാണം സർക്കാർ പ്രോത്സാഹിപ്പിക്കാറുണ്ടല്ലോ, എന്നാൽ അതാതു സമയത്തു ആവശ്യമായ ചകിരിച്ചോറും, സാധനസാമക്രഹികളും വീടുകളിൽ എത്തിച്ചില്ലെങ്കിൽ അവ വിജയിക്കുകയുമില്ല, മാലിന്യം വീണ്ടും പൊതുനിരത്തുകളിൽ തള്ളപ്പെടുകയും ചെയ്യും. അതുപോലെ, പ്ലാസ്റ്റിക് മാലിന്യം സർക്കാർ തന്നെ ഉറവിടങ്ങളിൽനിന്നും ശേഖരിക്കുന്നുണ്ടെങ്കിൽ അവ കൃത്യമായ ഇടവേളകളിൽ മുടക്കം കൂടാതെ നടത്തേണ്ടതുണ്ട്, അല്ലെങ്കിൽ, പ്ലാസ്റ്റിക് മാലിന്യവും പൊതുസ്ഥലങ്ങളിൽ കുമിഞ്ഞുകൂടും.

4. നിയമസംവിധാനങ്ങൾ – മാലിന്യനിർമ്മാജനം ഭരണസംവിധാനങ്ങളുടെയും, ജനങ്ങളുടെയും കൂട്ടുരവാദിത്വമാണെന്നു ജനങ്ങളിൽ അവബോധമുണർത്താനുള്ളതാണ് നിയമങ്ങൾ. വ്യക്തിസ്വാതന്ത്ര്യത്തിനു മുൻതൂക്കം കൊടുക്കുന്ന ഈ കാലഘത്തിൽ ഒരുപാട് കർശനമായ നിയമങ്ങൾ കാട്ടാളത്തമായിട്ടേ കണക്കാക്കപ്പെടുകയുള്ളു. അതിനാൽ, തൊഴിൽസ്ഥലങ്ങളിലും വ്യാപാരമേഖലയിലും, നിയമങ്ങലേർപ്പെടുത്തിയാൽ, കൂടുതൽ ഫലപ്രദമായിരിക്കും. 

5. സാംസ്കാരികമായ മാറ്റം – മനുഷ്യസംസ്കാരം മാലിന്യ സംസ്കരണ രീതികളെ ഒരുപാട് സ്വാധീനിക്കാറുണ്ട്. അത് കൊണ്ടാണ്, ചില രാജ്യങ്ങളിൽ മാലിന്യം നല്ല രീതികളിലും, ചില സ്ഥലങ്ങളിൽ അവ മോശമായി കൈകാര്യം ചെയ്യപ്പെടുന്നത്. ആയതിനാൽ, മാലിന്യ സംസ്കരണത്തിന്റെ മുഖ്യ തത്വമായ 3R, അതായത് Reduce (കുറയ്ക്കുക), Reuse (പുനരുപയോഗം), Recycle (പുനർചംക്രമണം) എന്നത് ജനങ്ങൾ  എത്രത്തോളം ഏറ്റെടുക്കുന്നുവോ അത്രയും ഫലപ്രദമാകും മാലിന്യ സംസ്കരണം.

(i)  കുറയ്ക്കുക – ഇന്ന് ലോകത്തിലെ ദിനംപ്രതിയുള്ള ഖരമാലിന്യത്തിൽ 75% ഭക്ഷണ മാലിന്യമാണ്. എന്നാൽ അതെ ശതമാനം മനുഷ്യർ ദിനംപ്രതി പട്ടിണിയും കിടക്കുന്നു. നാം ദിനംപ്രതി എന്തുമാത്രം ഭക്ഷണമാണ് പാഴാക്കുന്നു എന്നതിന് ഇതിലും വല്യ തെളിവില്ല. ഒരു ദശകത്തിനു മുമ്പ് വരെ ഇത്രയും ഭക്ഷണം നമ്മൾ പാഴാക്കുമായിരുന്നോ എന്നു സംശയമാണ്. ക്രമാതീതമായി വർധിക്കുന്ന ഭക്ഷണശാലകളും, മാറുന്ന ജീവിതശൈലികളുമാണ് ഇതിനു കാരണമെന്നു നമുക്ക് പഴി പറയാമെങ്കിലും, ഇതേ ജീവിതസാഹചര്യമുണ്ടായിരുന്നപ്പോഴും കോവിഡ് മഹാമാരിയടിച്ചു വീടുകളിൽ ഒറ്റപ്പെട്ട മനുഷ്യൻ, അന്ന് വീട്ടിലെ സകല സസ്യങ്ങളും ഭക്ഷണമായി കഴിച്ചു ഒന്നും പാഴാക്കാതെ നിർവിധിയടഞ്ഞ നാളുകളുമുണ്ടായിരുന്നു എന്നും നാം ഓർക്കണം. അതിനാൽ, പലതും കുറച്ചു ജീവിക്കാനും മനുഷ്യന് കഴിയും. ഭക്ഷണം മാത്രമല്ല, സ്ഥലസൗകര്യങ്ങളും, വാഹനത്തിന്റെ ഉപയോഗങ്ങളും, പേപ്പർ, തുണി, മുതലായ സാധനങ്ങളുടെ ഉപയോഗങ്ങളിലും നമുക്കു ശ്രദ്ധ ചെലുത്തി, ആവശ്യത്തിന് മാത്രമാക്കാം. നിർഭാഗ്യവശാൽ, സമൂഹം ഇന്ന്  ക്രൂരമാണ് – ശ്രദ്ധചെലുത്തി ജീവിക്കുന്നവരെ നിഷ്കരുണം കളിയാക്കുന്നവരാണധികവും. മലയാളത്തിലെ ഒരു പ്രമുഖ സിനിമാപ്രവർത്തകൻ കോവിഡ് കാലഘത്തിൽ സർക്കാർ റേഷൻ വാങ്ങിയതിനെ കളിയാക്കിവരുണ്ട്. എന്നാൽ അദ്ദേഹം യുക്തമായി അതിനെ തള്ളി, എന്നിട്ടു പറഞ്ഞു, സർക്കാരിന്റെ സംവിധാനം ഒരു സഹായഹസ്തം മാത്രമല്ല, മറിച്ചു, അത് വാങ്ങുന്നത് വഴി, നമ്മൾ അതേ റേഷൻ പാഴാകുന്നതിൽ നിന്നും രക്ഷിക്കുകയാണ് എന്നു. സ്വന്തം വാഹനം ഉപയോഗിക്കാതെ സർക്കാർ യാത്രസംവിധാങ്ങൾ ഉപയോഗിക്കുന്നവരെ പുച്ഛിക്കുന്നവരും ധാരാളം. എന്നാൽ ഇന്ധനം പാഴാകുന്നതും ഒരുവിധത്തിൽ മാലിന്യം ഉളവാക്കുന്നതാണെന്നു നാം മറക്കരുത്.

(ii)  പുനരുപയോഗം ചെയുക – ഇന്നത്തെ ‘ഉപയോഗിക്കുക, തള്ളിക്കളയുക’ സംസ്കാരം കാരണം, ഒരു വസ്തു ഒരു സമയപരിധിയിൽ കൂടുതൽ ആരും ഉപയോഗിക്കാൻ ഇഷ്ട്ടപെടുന്നില്ല. ജേഷ്ടനും ചേച്ചിയും ഉപയോഗിച്ച പേനയും പുസ്കതകങ്ങളും ഉടുപ്പുകളും ഉപയോഗിക്കാൻ നമുക്കിന്നു മടിയാണ്, എന്നാൽ ആ വസ്തുക്കളിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹം നാം അറിഞ്ഞ നാളുകളുണ്ടായിരുന്നു. ആ ഇഴയടുപ്പം വീണ്ടും നാം കൊണ്ടുവരണം, വീടുകളിൽ എങ്കിലും. ഇന്ന് എത്ര എത്ര വ്യാപാരസ്ഥാപനങ്ങൾ ഉണ്ടെകിലും നാശായ വസ്തുക്കളെ നന്നാക്കുന്ന റിപ്പയർ കടകൾ ഇന്ന് വിരളമാണ്. നാശായവ ഉടനെ തള്ളിക്കളയുക എന്ന ചിന്ത മാത്രമല്ല, അത് നന്നാക്കാനും, നന്നാക്കിയാണ് അത് ഉപയോഗിക്കുന്നത് എന്നു പുറമെ പറയാനുമുള്ള നാണക്കേടുമാണ് ഇന്നു കൂടുതൽ. എന്നാൽ, ഇതിൽ ഒരു ലജ്ജയും തോന്നേണ്ടതില്ലെന്നും അതിന്റെ അനുവദനീയ കാലാവധി വരെ അവ പുനരുപയോഗം ചെയ്യാമെന്നും നാം നമ്മുടെ ജീവിതത്തിലൂടെ മാതൃകയായി കാണിച്ചുകൊടുക്കണം. കച്ചവടകമ്പോളത്തിലുള്ള ഏറ്റവും പുതിയ വസ്തു വാങ്ങിക്കുമ്പോൾ, അത് നൂറു ശതമാനം നമുക്ക് ആവശ്യമാണോ എന്നും നാം പരിശോധിക്കണം, കാരണം ഓരോ പുതിയ വസ്തു നാം വാങ്ങുമ്പോൾ, അതിന്റെ പഴയതു ഒരു വിധത്തിൽ മാലിന്യമായി മാറുകയാണ്.

(iii) പുനർചംക്രമണം – ഇന്നു പാഴ്വസ്തുക്കളുടെ പുനർചംക്രമണ സംവിധാനങ്ങൾ വിരളമാണ്. എന്നാലും പേപ്പർ, പ്ലാസ്റ്റിക്, തുണി മുതലായവ, നമുക്ക് പലരീതിയിലും പുനർചംക്രമണം ചെയ്യാം. പക്ഷെ പുനർചംക്രമണ സംവിധാനങ്ങൾ കൂടുതലും ഫാക്ടറി തലങ്ങളിൽ മാത്രമേ സാധിക്കുകയുള്ളു എന്നതിനാൽ അവ വീടുകളിൽ നിന്നും മറ്റും ശേഖരിക്കാനുള്ള ശക്തമായ സംവിധാങ്ങൾ അനിവാര്യമാണ്. ഇത് കൂടുതൽപേർക്കു ഇതിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കും. മാത്രമല്ല, പുനർചംക്രമണം ചെയ്ത വസ്തുക്കളുടെ ഗുണമേന്മയും ഉറപ്പാകേണ്ടതുണ്ട്, കാരണം ഗുണമേന്മയുള്ളതാണ് എന്നു വിശ്വാസമുണ്ടെകിൽ മാത്രമേ അവ വീണ്ടും ഉപയോഗിക്കാൻ ജനം തയാറാവുകയുള്ളു. 

അരവിന്ദ് ഗുപ്ത എന്ന എഴുത്തുകാരന്റെ “വാട്ട് ഹാപ്പെൻഡ് ടു ദി ഷൗൾ” എന്ന പുസ്തകത്തിൽ, ഒരു പുതിയ പുതപ്പു ചോദിച്ചു വന്ന തന്റെ ശിഷ്യനെ ബുദ്ധൻ ചോദ്യം ചെയുന്ന കഥയുണ്ട്. ശിഷ്യൻ തന്റെ പഴയ പുതപ്പിനെ എങ്ങനെ, എന്ത് ചെയ്തു എന്നു അറിയുന്നത് വരെ ബുദ്ധൻ ചോദ്യം ചെയ്തു എന്നാണ് കഥ. പാഴ് വസ്തുവിനെ എങ്ങനെ നമുക് മാലിന്യമാകാതെ കൈകാര്യം ചെയ്യാമെന്ന് ഇതിലും ലളിതമായി പറയുന്ന കഥ വേറെയില്ല. നമ്മുടെ മാലിന്യ സംസ്കരണ സംവിധാനങ്ങളും, ചിന്തകളും അത്രയും ലളിതമാകുന്ന കാലം, നമുക്കൊരു സുസ്ഥിരമായ ഭാവിയുണ്ടാകും.

സംബന്ധം:

1. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

2. ലോകബാങ്കിന്റെ റിപ്പോർട്ട്

3. ഉ. ൻ. ഇ. പി. റിപ്പോർട്ട്

4. മനോരമ ഓൺലൈൻ