കാതിന്റെ കര്‍ണ്ണപടത്തെ പ്രകംമ്പനം കൊള്ളിച്ചു കൊണ്ട്, അന്തരീക്ഷത്തിന്റെ നിര്മ്മലതിയിലേക്ക് പുകക്കുഴലിലൂടെ പുകയും തള്ളി ഭൂമിയുടെ മാറു തുരന്നെടുത്ത ഇന്ധനവും ജ്വലിപ്പിച്ചുകൊണ്ട് പാഞ്ഞു പോകുന്ന വാഹനങ്ങളെക്കണ്ടാല് ഒരു പരിസ്ഥിതി സ്നേഹിക്ക് സഹിക്കാനാകുമോ? ഇല്ല അല്ലേ. എന്നും പറഞ്ഞ് ഒരു പരിസ്ഥി പ്രേമിക്ക് യാത്രചെയ്യാതിരിക്കാനാകുമോ, അതും പറ്റില്ലല്ലേ?. യാത്രകള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ വാഹനങ്ങളെ മാറ്റി നിര്ത്തപ്പെടാനാകില്ല എന്നതാണ് വസ്തുത. അപ്പൊ പിന്നെ ഒരു പരിസ്ഥി സ്നേഹി എന്ത് ചെയ്യും. ഈ ചോദ്യത്തിന് ഇപ്പോള്‍ വല്ല്യ പ്രസക്തിയില്ല. കാരണം ലോകത്ത് മുഴുവന്‍ വിപ്ലവ കരമായ മാറ്റം നടന്നുകൊണ്ടിരിക്കുകയല്ലേ ഇലക്ട്രിക് വാഹനങ്ങളിലേക്ക് വാഹന ലോകത്തെ പറിച്ചുനട്ടുകൊണ്ടിരിക്കുകയാണല്ലോ. ശബ്ദ്ധമില്ല, പുകയില്ല, ഇന്ധനങ്ങള്‍ ഒന്നും ജ്വലിപ്പിച്ച് തീര്‍ക്കുന്നുമില്ല. തമാശ ആയിട്ടാണ് ഇത്ര നേരം കാര്യം അവതരിപ്പിച്ചതെങ്കിലും വിഷയം അല്പം ഗൗരവമുള്ളതാണ്. നമ്മളത് പ്രത്യക്ഷത്തില്‍ അനുഭവിക്കുന്നില്ല എന്നതിനാലാണ് നമുക്കത് തമാശയാവുന്നതം ഇത്തരത്തില്‍ തമാശയായി അവതരിപ്പിക്കാന്‍ കഴിയുന്നതും. വാര്‍ത്താ മാധ്യമങ്ങളിലൂടെയെങ്കിലും നമ്മള് നമ്മുടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. ഡല്‍ഹിയിലേതിനു സമാനമായ പ്രശനങ്ങളിലേക്കുള്ള ദുരം നമ്മുടെ നാടിനും അധികമില്ല.
പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഒരു പകരം സംവിധാനമാണ്. ഇലക്ട്രിക് എനർജിയിലൂടെ മേട്ടോറുകൾ പ്രവർത്തിപ്പിച്ച് സഞ്ചരിക്കുന്ന ഇലക്ടിക് വാഹനങ്ങളെന്ന ഇ.വികൾ. വര്‍ത്തമാന കാലഘട്ടത്തിലെ ലോകത്തിലെ ഗതാഗതമേഖലയെ പരിശോധിച്ചാല്‍. നിരവധി ഇലക്ടിക്ക് വാഹനങ്ങള്‍ നിരത്തിലുണ്ടെന്നാണ് കണക്ക്. 2020 ല്‍ മുതലായിരുന്നു ഇ.വി കളുടെ കാലഘട്ടത്തിൻ്റെ ആരംഭം എന്ന് പറയാന്‍ കഴിയുക. അതിന്റെ തുടര്‍ച്ച എന്നപോലെ നമ്മുടെ കെച്ച് സംസ്ഥാനത്തും ഇവി കള്‍ ധാരാളമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരത്തിലെത്തി. 2023 ല്‍ മാത്രമായി 7,57,114 ഇലക്ട്രിക്ക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. അപ്പോള്‍ ഇത്രയും വാഹനങ്ങള്‍ നിലവില്‍ കേരളത്തില്‍ വായു മലിനമാക്കാതെ ശബ്ദ്ധം മലിനമാക്കാതെ ഇന്ധനങ്ങള്‍ തീര്‍ക്കാതെ, അവരുടെ സഞ്ചാരംതുടരുകയാണ്. ഘട്ടം ഘട്ടമായി വാഹന നിര്‍മ്മാണക്കമ്പനികള്‍ പുത്തൻ ടെക്നോളജികളുമായി വിപണി കീഴടക്കുമ്പോള്‍ തീര്‍ച്ചയായും വരും കൊല്ലങ്ങളില്‍ നമ്മുടെ നഗര ഗ്രാമ വീഥികള്‍ ഇനി ഇ.വികള്‍ നിറഞ്ഞോടും. മലിനീകരണമില്ലാതെ അവകള്‍ നാടുചുറ്റും. ആദ്യം ചെറുവണ്ടികളായാണ് ഇ.വി നമുക്കിടയിലേക്ക് കടന്നുവന്നതെങ്കിലും. ബൈക്ക്, ഓട്ടോ, കാറ്, ലോറി, ബസ് എന്നിങ്ങനെയുള്ള എല്ലാ വാഹനങ്ങളുടേയും വൈദ്യുതപതിപ്പുകള് ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. ആദ്യ കാലത്ത് ഇ.വി കളെ ആശങ്കയോടെയും അത്ഭുതത്തോടും കണ്ട ആളുകളുടെ മനോഭാവത്തിനും മാറ്റങ്ങള്‍ വന്നു. അതിനു കാരണം നിരന്തരമായ പരീക്ഷണങ്ങളും അപ്ഡേഷനുകളും ഈ മേഖലയില്‍ നടക്കുന്നു എന്നുള്ളതാണ്. ആദ്യത്തെ പൊട്ടിത്തെറികളും തീപിടുത്തവും, ഇ.വി കളുടെ റേഞ്ച്, ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ അപര്യാപ്തത തുടങ്ങിയ പല കാരണങ്ങളും അന്ന് അതിന് കാരണമായിരുന്നെങ്കിലും, വാഹന നിര്‍മാണക്കമ്പനികള്‍ നിലവിൽ മികച്ച നിലവാരത്തിലും കൂടുതല്‍ റേഞ്ചും കിട്ടുന്ന തരത്തിലും വാഹനങ്ങളെ ക്രമീകരിക്കുന്നതിലൂടെ ആശങ്കകൾ മെല്ലെ പടിയിറങ്ങിത്തുടങ്ങി. പലയിടങ്ങളിലും ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ വരുന്നു. ചാർജിങ്ങ് സ്റ്റേഷൻ നിർമിക്കുന്നതിനും ഇ.വി കൾ വാങ്ങുന്നതിനും സർക്കാരുകൾ സബ്സിഡികൾ നൽകുന്നു. പുതിയ പല സംരംഭകരും ഈ മേഖലയിൽ പുത്തൻ കണ്ടു പിടുത്തങ്ങളുമായി വരുന്നു, അതോടെ ഇ.വികള്‍ പുതിയ പ്രതീക്ഷകളും നല്കുന്നു.
ഇന്ന് ഇത്രത്തോളം വളര്‍ന്ന ഇ.വി ലോകം നമുക്ക് വലിയൊരു പ്രതീക്ഷ നല്കുമ്പോള് ഒരു കാര്യം ചോദിക്കട്ടെ, നമ്മുടെ നാട്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള കാരണം മലിനീകരണമാണോ, അല്ല പിന്നെ?. അത് ഇന്ധന വിലവര്‍ദ്ധനവാണ്. നമ്മള് അപ്പോള്‍ മലിനീകരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ല എന്നതല്ലെ വാസ്തവം. ഇനി ആശങ്കപ്പെടുന്നവരായിരുന്നെങ്കില് ആശങ്കകള്‍ക്ക് വിരമമിടാന്‍ സമയമായോ? ഇല്ല. കാരണം രാജ്യത്ത് തന്നെ വിവിധ തരത്തിലാണ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്. അവയെല്ലാം പ്രകൃതി സൗഹാര്ദപരമായിട്ടാണോ? അല്ലെങ്കില്‍ അവയുടെ ഉപയോഗം ദിനംപ്രതി കൂടുമ്പോള്‍ അടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ലേ? അത്തരത്തിലുള്ള കണക്കുകളാണ് വൈദ്യുതി ഉപയോഗവുമായി നിലവില്‍ നമുക്കുള്ളത്. അതിന് സോളാര്‍ എനര്‍ജി ഒരു ഉത്തരമായി മാറുമെങ്കില്‍, അടുത്ത പ്രശ്നം കാലക്രമേണ ഇന്നിറങ്ങുന്ന ഇവികളുടെ ബാറ്ററി മാറേണ്ട സമയം ആകുമ്പോള്‍ ആണ്. മാറ്റപ്പെടുന്ന ബാറ്ററികള്‍ വലിയൊരു മാലിന്യക്കൂമ്പാരമായി മാറുകയും അത് മറ്റൊരു തലവേദന ആവുകയും ചെയ്യും. ഭാവിയിലെ പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹാരങ്ങള്‍ ഇപ്പോഴേ കണ്ടെത്താനായാല്‍, ശാന്ത സുന്ദര പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിന്റെ മികച്ചൊരു ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കുമുന്നില്‍ കാത്തിരിക്കുന്നു.