“ലക്ഷ്മിയമ്മറിഞ്ഞോ, പെരുമ്പുഴയ്ക്കളെ അമ്പലത്തിലെ മൂർത്തിയുടെ ചൈതന്യം നഷ്ടപ്പെട്ടൂന്ന്!!!!! നാരായണൻ നായര് പറഞ്ഞറിഞ്ഞതാ. പ്രശ്നത്തിൽ കണ്ടതാണെത്രെ . അവിടുത്തെ പഴയ ഒരു ശാന്തിക്കാരൻ മരിച്ചന്നു തുടങ്ങീന്ന് മങ്ങൽ . അവിടടുത്തല്ലേ നിങ്ങടെ വീട്?” അമ്മിണിയമ്മയുടെ വകയായിരുന്നു ചോദ്യം . നാല്പത് കൊല്ലം മുൻമ്പ് കല്യാണം കഴിഞ്ഞ് വന്നപ്പോ മുതൽക്കുള്ള ശീലം ആണ്, ദിവസേനയുള്ള ക്ഷേത്രദർശനവും അത് കഴിഞ്ഞുള്ള വിശേഷം പറച്ചിലും. “മ്മ്മ് അതേ, പക്ഷേ ഞാൻ അറിഞ്ഞില്ലായിരുന്നു അമ്മിണീ, ഞാൻ അങ്ങോട്ട് നടക്കട്ടെ, ഇന്ന് രണ്ടു പേർക്കും ജോലിക്ക് പോകേണ്ടയാ, ഞാൻ ചെന്നിട്ടു വേണം അവർക്കിറങ്ങാൻ” . ഇത്രയും പറഞ്ഞൊപ്പിച് ലക്ഷ്മിയമ്മ വീട്ടിലേക്ക് നടന്നു. ആ വാർത്ത കേട്ടപ്പോൾ വിഷമമാണോ ആശ്വാസമാണോ തോന്നിയത് എന്നവർക്ക് വ്യക്തമായി മനസ്സിലായില്ല, പക്ഷേ നടുക്കം തോന്നീല്ല. കഴിഞ്ഞ ഒരാഴ്ചയായി അകാരണമായി പിടികൂടിയ വിഷമത്തിനു ഉത്തരം കിട്ടി അവർക്ക്. അടുത്ത ദിവസം രാവിലെ തന്നെ ലക്ഷ്മിയമ്മ പെരുമ്പുഴയ്ക്കളെ ബസ് കയറി . ദിനേശൻ കൊണ്ട് വിടാമെന്നു നന്നേ പറഞ്ഞതാണ്, അവർ സമമതിച്ചില്ല; അവരുടെ എത്രയോ വര്ഷങ്ങളുടെ കാത്തിരിപ്പായിരുന്നു ഈ യാത്ര .ഭർത്താവിൽ നിന്നും എല്ലാക്കാലത്തും മനപ്രയാസം അനുഭവിക്കാനായിരുന്നു യോഗമെങ്കിലും അയാളുടെ കാലശേഷം മക്കളും മരുമക്കളും അവരെ പൊന്നു പോലെ ആണ് നോക്കീരുന്നത്. തന്റെ പേരിൽ ഉള്ളതൊക്കെ രണ്ടു മക്കളുടേയും പേരിൽ പണ്ടേ ഏഴുതിവെച്ചിരുന്നു, മക്കളേയും അവരുടെ മക്കളേയും വളർത്തി കാര്യപ്രാപ്തരുമാക്കി, ഇനിയീ ജന്മത്തിൽ അങ്ങനെ വല്യ കടങ്ങൾ ഒന്നും ബാക്കിയില്ല; ഈ ഒരെണ്ണം ഒഴിച്, അവർക്ക് അവരോടു തന്നെയുള്ള ഒരു കടം. വെയില് വരണേന് മുന്നേ അങ്ങെത്തി,നടക്കാവുന്ന ദൂരെയുണ്ടായിരുന്നുള്ളു അനന്തൻ പോറ്റിയുടെ വീട്ടിലേക്ക് . വയ്യാത്ത മുട്ടും നീക്കി വേച്ചു വേച്ചു അവര് നടന്നു, വഴിയിൽ എങ്ങും പരിചയുമുള്ള ഒരു മുഖം പോലും കണ്ടില്ല. “അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം……ഇന്നലെ വാർത്ത കേട്ടപ്പോൾ തൊട്ട് ചുണ്ടിൽ കൂടിയതാണ്…അവര് പാട്ടു മൂളി നടന്നു” ഒരു വാടക വീട്ടിൽ , ഒറ്റയ്ക്കായിരുന്നു പോറ്റിയുടെ താമസം. കീഴ്ശാന്തിയായി വന്നപ്പോൾ, അന്നത്തേ മേൽശാന്തി വാമദേവൻ പോറ്റി തരമാക്കി കൊടുത്ത വീടാണ്. ലക്ഷ്മിയമ്മയുടെ അച്ഛനും, അന്നത്തേ പ്രമാണി ആയിരുന്ന വിക്രമൻ നായരുടെ അടുത്ത ഒരു ബന്ധുവിന്റെ വീട്. സ്വത്തുതർക്കത്തിൽ പെട്ട് എല്ലാരുമാലും മറന്നുപോയ ആ വീട്ടിൽ പിന്നീക്കാലം വരേയും പോറ്റി വാടക കൊടുക്കാത്ത വാടകക്കാരനായി കഴിഞ്ഞു കൂടി. വയസ്സായ അമ്മയേ മരിക്കണേന് കുറച്ചു നാള് മുന്നേ കൊണ്ട് നിർത്തിയതൊഴിച്ചാൽ, പോറ്റി ഏറെക്കാലവും ഒറ്റയ്ക്കായിരുന്നു അവിടെ. അവസാനകാലം വലിവിന്റെ ശല്യം കൂടുതലായപ്പോൾ അനന്തരവനെ കൂടെ കൂട്ടി. കുറച്ചു പ്രയാസപ്പെട്ടെങ്കിലും ലക്ഷ്മിയമ്മ ആ വീട് കണ്ടു പിടിച് എത്തിച്ചേർന്നു. അവരെ ആ അനന്തരവൻ ചെക്കന് മനസ്സിലായില്ലെങ്കിലും, വിശദമായി സ്വീകരിച്ചിരുത്തി. കുശലാന്വേഷങ്ങൾക്കൊടുവിൽ അവർക്കു കുടിക്കാനായി കുറച്ചു മോരുംവെള്ളം എടുക്കാൻ അവൻ അകത്തേയ്ക്ക് പോയി. കാത്തിരുന്ന അവസരം കിട്ടിയ പാടേ അവരും അകത്തേയ്ക്ക് ധിർത്തി വെച്ചുനടന്നു, ആരേയോ അന്വേഷിച്ചെന്നപ്പോലെ. മുറികൾക്കുള്ളിൽ ചന്ദനത്തിരിയുടേയും അരച്ച ചന്ദനത്തിന്റെയും മണം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ആ മണത്തിന്റെ ലഹരിയിൽ, അനന്തന്റെ ഇടതൂർന്ന ചുരുണ്ട മുടിയും, ചിരിക്കുമ്പോൾ തിളങ്ങുന്ന കണ്ണുകളും, ഇടത്തെ കവിളിലെ നുണക്കുഴിയും എല്ലാം അവർ, കണ്മുന്നിൽ എന്ന പോലേ , കണ്ടു . പെട്ടന്ന് രണ്ടു കുഞ്ഞി കൈകൾ അരയ്ക്ക് ചുറ്റി പിടിച്ചു “‘അമ്മ എന്താ വരാൻ ഇത്രേം വൈകിയേ?” പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്ന് വേഗം തിരിഞ്ഞുനോക്കിയപ്പോൾ അവര് കണ്ടു, ആറേഴു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മിടുക്കൻ ലക്ഷ്മിയമ്മ അവന്റെ കവിളിൽ തലോടി “വിവരം അറിഞ്ഞുടൻ ഞാൻ തിരിച്ചു കണ്ണാ, നീ ഇവിടെ ഉണ്ടെന്ന് എനിക്ക് മനസിലായി.” അവൻ മറുപടി പറഞ്ഞു “‘ഞാൻ പിന്നെ എവിടെ പോകാനാ, അമ്മ വന്നിട്ട് പോയാൽ മതീന്ന് അച്ഛൻ പറഞ്ഞായിരുന്നു.” “മ്മ് ഞാൻ എത്തിയല്ലോ ഇനി നീ തിരിച്ചു പൊക്കോ , അമ്പലം അടഞ്ഞു കിടക്കണത് നിന്റെ അച്ഛൻ സഹിക്കില്ല അറിയാല്ലോ , അതിനാ ഞാൻ അറിഞ്ഞുടൻ വന്നേ. എന്നെ അച്ഛന്റടുത് ആക്കിയിട്ട് നീ പൊക്കോ “ ചായയുമായി എത്തിയ കുഞ്ഞിരാമൻ കണ്ടത് ലക്ഷ്മിയമ്മേടെ ചേതനയറ്റ ശരീരം ആയിരുന്ന ——————————————————- ——————————————————- വർഷങ്ങൾക്ക് മുനമ്പ് പെരുമ്പുഴയ്ക്കൽ ശ്രീകോവിലിനു മുന്നിൽ ഒരു ദിവസം ————————————————————- ——————————————————- “ഇപ്പൊ മദ്യസേവയും തുടങ്ങീട്ടുണ്ട് ഇന്നലെ തല്ലാൻ ഒന്ന് കൈ ഓങ്ങുവോം ചെയ്തു. മടുത്തു എനിക്ക് , ഇനിയും ഒരായുസ്സുണ്ടല്ലോ എന്നോർക്കുമ്പഴാ….എന്തായാലും അടുത്ത ജന്മം ഞാൻ ഇയാളെ വിടുമെന്ന് വിചാരിക്കണ്ട,. ഈ ജന്മത്തിൽ തന്നെ എന്നെ കെട്ടാൻ പാടില്ലായിരുന്നോ!” അനന്തൻ തിരക്കിട്ട് നിവേദ്യത്തിനുള്ള പായസത്തിന്റെ പണിയിൽ മുഴുകിനിക്കണത് പോലേ അഭിനയിച്ചെങ്കിലും എല്ലാം കേൾക്കുന്നുണ്ടായിരുന്നു . അയാളുടെ വിഷമം കണ്ടാൽ ചിലപ്പോ അവൾ അവിടുന്ന് പോകില്ലാന്നോർത് അയാൾ എല്ലാം വെറുതേ മൂളി കേട്ടു . “മ്മ് ഇനി പറഞ്ഞിട്ട് കാര്യം ഒന്നുമില്ല, എന്നാലും എനിക്ക് ഒരു ആഗ്രഹം നമുക്ക് ഈ കള്ള കണ്ണനെ അങ് ദത്തെടുത്താലോ അനന്തേട്ടൻ അച്ഛൻ, ഞാൻ അമ്മ . കണ്ണാ നീ കേട്ടല്ലോ ഞാൻ നിന്നെ ഏൽപ്പിച്ചു പോകുവാ… “ അന്ന് രാത്രി നടയടച്ചു അനന്തൻ പോറ്റി ഇറങ്ങുമ്പോ പിന്നിൽ നിന്നൊരു ഒച്ച “ആഹാ എന്നെ ദത്തെടുത്തിട്ട് ഇവിടെ തന്നെ നിർത്തിയിട്ട് പോകുവാണോ! അച്ഛനെ ഒറ്റയ്ക്കാക്കരുതെന്നാ ‘അമ്മ പ്രത്യേകം പറഞ്ഞെ “ തിരിഞ്ഞു നോക്കിയാ അനന്തന് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ആറേഴു വയസ്സ് പ്രായം തോന്നിക്കുന്ന ഓമനത്തമുള്ള ഒരു ഉണ്ണി. “അവള് ഓരോ വട്ടു പറയുന്നേനു നീയും കൂട്ട് നിക്കുവാണോ എന്റെ കണ്ണാ , എന്തായാലും കൂടെ പോര്, എനിക്ക് ഒരു കൂട്ടാവുലോ “ Name : Rugma M Company … Continued