ഏഴാം വിശ്വാസ പ്രമാണം

posted in: Poem - Malayalam | 0
ഒന്ന്:
കൂടെയുണ്ടെന്നതല്ല
കൂടെയുണ്ടാവും എന്നയുറപ്പാണു
കെട്ടുപാടുകളില്ലാത്ത ബന്ധങ്ങളുടെ
വിശ്വാസപ്രമാണം.
രണ്ട്:
ഓടിയരികിലെത്താൻ,
ഇനിയൊരവസരമില്ലെന്ന പോൽ
പ്രണയിച്ചു തീർക്കാൻ,
പിന്നെയതിന്റെ ഓർമ്മകളിൽ ജീവിയ്ക്കാൻ
പ്രേരിപ്പിക്കുന്ന ഭ്രാന്താണു പ്രണയം
മൂന്ന്:
സ്നേഹത്തിനായ് കാത്തിരുന്നു
മരിച്ചുപോകുന്നൊരാത്മാവായ്
ഞാൻ മാറുമെന്ന് തോന്നുന്നു.
സ്നേഹിക്കാതിരിക്കാനൊട്ട്
എനിക്ക് പറ്റുന്നുമില്ല
നാല്:
നീ കാരണം ബോൺസായ്
ആയിപ്പോയ എന്റെ പ്രണയം
വേരുകൾ ചുറ്റിപ്പിണഞ്ഞ്
വീർപ്പുമുട്ടുന്നു.
അഞ്ച്:
നിനക്കുമെനിക്കുമിടയിൽ ഒരു കടൽ ദൂരം
തോന്നുമ്പോഴെല്ലാം
ഒരിക്കലും തുഴഞ്ഞെത്താത്ത തോണിപോലെ
ഞാൻ തളർന്നുപോകും
അപ്പോഴാവും നീയെന്ന വൻകര
ഒരു കാലടി ദൂരത്ത് വന്നു വിളിയ്ക്കുന്നത്
എങ്ങനെ വിശ്വസിക്കും ഒരു കാലടിയോ
ഒരു കടലോ എന്ന്!
ആറ്:
നെഞ്ചിലൊരു തൂവൽ പോലും
കനമാകുന്ന ദിവസങ്ങൾ
കണ്ണുകൾ കണ്ണീർക്കയങ്ങളാകുന്ന
നിമിഷങ്ങൾ
പാട്ടുകൾ പ്രണയത്തിനു പകരം
വിഷാദത്തിന്റെ ആഴി കൂട്ടുന്ന കാലം
ഏഴ്:
പ്രണയിച്ചാലും ഇല്ലെങ്കിലും
ഞാനൊറ്റയ്ക്കാണെങ്കിൽ
പിന്നെന്തിനീ പ്രണയത്തിന്റെ
ഭാരം കൂടി ചുമക്കണം..
ഈ വഴിയരികിൽ
എന്റെ പ്രണയമിറക്കിവച്ച്
ഞാനൊരു ദീർഘനിശ്വാസമുതിർക്കട്ടെ!

Name : Sarija NS

Company Name : Guidehouse India Ltd

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *