വിശ്വാസം കട്ടുതിന്നുന്നവർ

posted in: Short Story - Malayalam | 3

  “വിശ്വാസികൾ  ഇത്ര മണ്ടന്മാരാണോ?”

                “എല്ലാ വിശ്വാസികളും മണ്ടന്മാരല്ല ..പക്ഷെ അത് വിറ്റ് കാശാക്കുന്നവർ അതിനേക്കാളേറെ കൗശലക്കാരാണ് “

               “നല്ലൊരു ശതമാനം വിശ്വാസികളും പാവങ്ങളാണ്…പൊള്ളത്തരം കാണിക്കുന്നവരെ കണ്ണുമടച്ചു വിശ്വസിക്കുന്നവർ “

               “അതാണ് ഈ സമൂഹത്തിലെ ഭക്തിയും രാഷ്ട്രീയവും “

               “അതെ രണ്ടും ചീഞ്ഞുനാറിക്കൊണ്ടിരുക്കുവാണ്”

                “അതിന് ഇതൊക്കെപ്പറയാൻ താൻ ഒരു വിശ്വാസിയല്ലേ?”

              “അതെ. പക്ഷെ പള്ളി ഭരിക്കുന്നവരെ എനിക്ക് വിശ്വാസമില്ല”

              “കുറഞ്ഞത് തന്നെപ്പോലെയെങ്കിലും ആളുകൾ ചിന്തിക്കണം.. കേട്ടിട്ടില്ലേ …മൂർത്തിയേക്കാൾ വലിയ ശാന്തിയുള്ള കാലമാണ്.”

             മാസ്ക് താഴ്ത്തി ചായക്കടയിൽ നിന്നും നീണ്ടുവന്ന ചായ ചുണ്ടോടു ചേർത്ത് രാഘവൻ മാഷ് ബെഞ്ചിനരികിലേക്കു നടന്നു.ഒച്ചുകുത്തി ഇടയ്ക്കിടയ്ക്ക് കടലാസുപോലെ കിഴിഞ്ഞ ആ ബെഞ്ചിന്റെ ഒരറ്റത്തു സാമൂഹിക അകലം പാലിച്ചിരുന്നു.

                മത്തായി മാഷ് ആ സംസാരത്തിനിടയിലും ആവിപറക്കുന്ന  ചായയേക്കാൾ ചൂടുള്ള വാർത്തകൾ നിറഞ്ഞ, വിരിഞ്ഞ പത്രത്താളുകളിലേക്കു തലകുമ്പിട്ടിരിക്കയാണ്.

                 രാഘവൻ മാഷിന്റെ വലത്തേ കയ്യിലെ സ്മാർട്ട് ഫോൺ ഇടയ്ക്കിടയ്ക്ക് ശബ്‌ദിച്ചും ഇക്കിളികൂടിയും അദ്ദേഹത്തെ വലയ്ക്കുള്ളിലാക്കിക്കൊണ്ടിരുന്നു.ഓരോ തവണയും അദ്ദേഹം ചിരിക്കുന്നുണ്ട്.ഗ്രൂപ്പുകളിലെയും ഫേസ്ബുക്കിലെയും ട്രോളുകളാണ് ആ പുഞ്ചിരിയുടെ പ്രായോജകർ.

രാഘവൻമാഷ്  ചിരിയ്ക്കിടെ തുടർന്നു.             

                “ഒരടയ്ക്കാ വീണാൽ തെറിയ്ക്കാവുന്ന കരുത്തേയുള്ളൂ സത്യത്തെ മറച്ച നുണകൾക്ക്.പക്ഷെ പലപ്പോഴും അത് വീഴാൻ ഒരുപാട് കാലം കാത്തിരിക്കേണ്ടിവരും”

               “പക്ഷേ മാഷെ.. എത്ര കേസുകളാണ് ഇങ്ങനെ..ഇതൊന്നു മാത്രം ഭാഗ്യവശാൽ തെളിഞ്ഞു.”

               “പക്ഷെ,  ഇതൊക്കെ കണ്ടിട്ടും ആളുകൾക്ക് വകതിരിവില്ലല്ലോ..തിരിച്ചറിയുന്നില്ല കണ്മുന്പിലെ കാപട്യങ്ങൾ.”

               “അത് ശരിയാ”.പത്രക്കടലാസ് മടക്കി ഒരു വശത്താക്കി , മത്തായി മാഷ് ഇരുകൈകളും ബെഞ്ചിലൂന്നി ചെരുപ്പ് താഴേക്കിട്ട് കാലാട്ടാൻ തുടങ്ങി.

                  “അയ്യപ്പനെ കാണാൻ കോടികൾ മലകയറുന്നു.എത്ര പേർക്ക് ‘തത്വമസി’ യുടെ പൊരുൾ അറിയാം”.രാഘവൻമാഷ് ചോദ്യരൂപേണ പറഞ്ഞു.    

                  “അതിന് അപ്പോം വീഞ്ഞും ഒരുമിച്ചിരുന്നു കഴിയ്ക്കുന്ന ഞങ്ങടെ കൂട്ടർക്ക് എത്ര പേർക്കറിയാം, വെള്ളിക്കാശിനു വേണ്ടി ഒറ്റിക്കൊടുക്കാൻ കാത്തിരിക്കുന്ന യൂദാസിനെയും തിരിച്ചറിയണമെന്ന് യേശുദേവൻ പഠിപ്പിച്ച പാഠം”.

                   “കണ്ണാടി പ്രതിഷ്ഠയുടെ മഹത് സന്ദേശം, അദ്ദേഹത്തെ  ചില്ലുകൂട്ടിലാക്കി ആരാധിക്കുന്ന എത്ര പേർക്കറിയാം”

                   “രാഘവൻ മാഷെ ..അപ്പൊ ഇതൊക്കെ തിരിച്ചറിയാത്തവരല്ലേ സത്യത്തിൽ അന്ധവിശ്വാസികൾ”

                   “തിരിച്ചറിവും വിവേകവും ആണ് എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനം എല്ലായിടത്തും ഒന്ന് തന്നെ.സ്നേഹവും സന്തോഷവും സമാധാനവും”

                   “അതിന് പാതി വായിച്ചവരെല്ലാം എഴുതിയ ആളെക്കാളും കേമനാകുന്ന കാലമാണല്ലോ ഇത്”

                   “അതെ അത് തന്നെയാ ഈ നാടിൻറെ അപചയവും “

                    ചായ അടിക്കുന്നതിനിടയിൽ എന്തോ ജാതിച്ചർച്ചയാണെന്നു കരുതി ഗോപാലൻ കാക്കക്കണ്ണിട്ട് ചെവികൂർപ്പിച്ചു.പക്ഷെ ഒന്നും കൊത്താൻ കഴിഞ്ഞില്ല.ഒന്നും മനസ്സിലാവാതെ അയാൾ വിയർപ്പിൽ കലങ്ങിയ തൻറെ മഞ്ഞക്കുറി നെറ്റിയിൽ നിന്നും തീർത്തുമായാതെ പതുക്കെ തുടച്ചു.

                  തഗ് ലൈഫിന്റെ ചില വീഡിയോ ട്രോളുകൾ രാഘവൻമാഷിന്റെ ഫോണിൽ മിന്നിമറഞ്ഞു.

                  നെടുനിശ്വാസത്തോടെ മത്തായി മാഷ് പറഞ്ഞു തുടങ്ങി

                 “അവസാനം നീതിയുടെ കൺകെട്ടഴിക്കാൻ ഒരു കള്ളൻ വേണ്ടിവന്നു”

                ” അയാളെ ഇനി കള്ളനെന്നു വിളിക്കുന്നത് തെറ്റാണു..കള്ളനായിരുന്നിരിക്കാം പക്ഷേ അയാളാണ് ഇന്ന് ശരി അല്ലെങ്കിൽ സത്യം “

                “അതെ മാഷെ..അതാണ് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വിധി..ഞാനീ സോഷ്യൽ മീഡിയെം ചാനലും കണ്ടു പറഞ്ഞുപോയതാ “

                “മത്തായി മാഷെ..ഇത് വിശ്വാസികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്..ട്രോളിന്റേം കമന്റുകളുടേം ബഹളമാണ്..എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്..ഇത്രയൂം നാൾ മിണ്ടാതിരുന്നവർ വരെ കുറ്റവാളികൾക്കും അവരെ സംരക്ഷിക്കുന്നവർക്കും എതിരെ സധൈര്യം അമർഷം രേഖപ്പെടുത്തുന്നുണ്ട്.”

                ” ഞാൻ പോലും കുറ്റവാളികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉപദേശിക്കപ്പെട്ടവൻ ആയിരുന്നു.എന്നാൽ മനസ്സാക്ഷി അനുവദിച്ചില്ല.ദൈവം ആ കുഞ്ഞാടിന്റെ പ്രാർത്ഥന കേട്ടു”

               “അതെ കേൾക്കേണ്ടത് കേട്ടു ദൈവം”

              രാഘവൻമാഷിനെ പോലെ തന്നെ മത്തായി മാഷും ഗോപാലന്റെ ചായക്കടയിലേക്ക് വൈകിട്ട് എത്തുമ്പോൾ ന്യൂസ് ചാനലിലെയും സോഷ്യൽ മീഡിയയിലെയും  ചില പലഹാരപ്പൊതികളുമായാണ് എത്താറ്.പക്ഷേ കുറച്ചധികം ആക്റ്റീവ് രാഘവൻമാഷ് ആണ്.പ്രായം ചെന്നവർ സോഷ്യൽ മീഡിയയിൽ കയറുമ്പോളുള്ള ആ ത്വര പലപ്പോഴും രാഘവൻമാഷിൽ പ്രകടമായിരുന്നു.

             “പിന്നെന്താ മാഷെ ട്രെൻഡിങ് ?” മത്തായി മാഷ് ചോദിച്ചു.

             “ഇന്ന് സത്യത്തെ രക്ഷിച്ച സാക്ഷി തന്നെ ട്രെൻഡിങ്.”

             “അപ്പൊ നാളെ പത്രം മുഴുവൻ അയാൾ ആയിരിക്കും”

             “ന്യൂസ് ചാനലുകൾ മിക്കതും അയാളുടെ വീഡിയോ ക്ലിപ്സ് കാണിച്ചുകൊണ്ടേയിരിക്കുവാണ്‌”

            “റേറ്റിംഗിന് വേണ്ടി പൊരിഞ്ഞ പോരാട്ടമാണോ മാഷെ?”

            “ഇത്തവണ സത്യം വിജയിച്ചകൊണ്ടും, അതിൽ കൂറുമാറാതെ അവസാനം വരെ ഉറച്ചു നിന്നതു കള്ളനെന്നു നാട്ടുകാർ വിളിക്കുന്ന ഒരാൾ ആയതിനാലും റേറ്റിംഗ് താനെ കൂടും “

             “പക്ഷേ..ഇന്നീ വഴിയേ കണ്ടില്ലല്ലോ “..ചായക്കടക്കാരൻ  ഇടയ്‌ക്കെത്തിനോക്കിക്കൊണ്ട് സംഭാഷണത്തിന്റെ ട്രാക്കിലേക്ക് ക്രോസ്സ് ചെയ്ത് നിന്നു.

            “ഇവിടുന്നാണോ ചായകുടി?”..രാഘവൻമാഷ് ചോദിച്ചു .

            “ഇല്ല വല്ലപ്പോഴും” ചായക്കടയ്ക്കുള്ളിലേക്കു അയാളുടെ നീണ്ട കഴുത്ത് പിൻവാങ്ങി.

                                            **********************************************

                  പ്രൈംടൈം  ന്യൂസിലും ചാനൽ ചർച്ചകളിലും ട്രോളുകളിലും താരമായത് താനാണെന്നറിയാതെ, ഇതൊന്നും കാണാതെ ആ വൈകിയ രാത്രിയിൽ അയാൾ കയറിഴകൾ പിഞ്ചിയ പഴയ കട്ടിലിൽ നിവർന്നു കിടന്നു.ഇടയ്ക്കിടയ്ക് അയാൾ ചിരിക്കുന്നുണ്ടായിരുന്നു.ആ മാലാഖ ഒരുപക്ഷെ നന്ദി സൂചകമായി അയാളെ നോക്കി ചിരിച്ചിട്ടുണ്ടാവാം.

                     അടുത്തനിമിഷം ആ  മാലാഖയും സന്തോഷാശ്രുക്കൾ പൊഴിച്ചിട്ടുണ്ടാവാം. നീതികിട്ടിയതോർത്ത്  അയാളുടെ കണ്ണുകളും  നിറയാൻ തുടങ്ങി.ശരീരത്തിന്റെ കരുത്ത് ബൂട്ടിട്ട കാലുകളും കാലവും അപഹരിച്ചപ്പോഴും മനക്കരുത്ത് പ്രലോഭനങ്ങൾക്ക് മുൻപിൽ തലകുനിച്ചില്ല.

                     അയാൾ മേൽക്കൂരയിലെ ഓടിളകിയ വിടവിലൂടെ നക്ഷത്രനിബിഢമായ ആകാശത്തേക്ക് നോക്കി.അയാളുടെ കണ്ണുകളിൽ ദൈവം സാക്ഷിയായ ആ ഇരവ് ഒരിക്കൽക്കൂടി വെളിച്ചം പകർന്ന്‌ കടന്നുവന്നു.

                    പതിവുപോലെ ഇരുട്ടിന്റെ  മറവിൽ സഞ്ചരിക്കാൻ അയാൾ തന്റെ പണിയായുധങ്ങൾ സഞ്ചിയിലാക്കി പുറത്തേക്കിറങ്ങി.കൂരിരുട്ടാഗ്രഹിച്ച് എന്നുമിറങ്ങുമ്പോഴും തെരുവ് വെളിച്ചം അയാളെ അസ്വസ്ഥനാക്കി.നിഴലുകൾ നിറഞ്ഞ ചതുപ്പുകളിൽ മരങ്ങളുടെയും മതിലുകളുടെയും മറപറ്റി അയാൾ സഞ്ചരിക്കാൻ തുടങ്ങി.

                   പകൽ സമയത്ത് തന്റെ കണ്ണുകളിലിലുടക്കിയ പഴുക്കടയ്ക്കാ കുലകൾ ഇരുട്ടത്ത് അയാൾക്ക്‌ വെളിച്ചമേകി മുന്നേ നടന്നു.പക്ഷേ അയാൾ അറിഞ്ഞില്ല , ഇന്ന് തനിക്കു വഴികാട്ടുന്നത് ദൈവമാണെന്നും , ഇന്നയാൾ ഇട്ടിരിക്കുന്നത് അവസാനത്തെ മോഷണത്തിന്റെ കുപ്പായമാണെന്നും.

                 പാപത്തിന്റെ കറ വെള്ളവസ്ത്രത്തിൽ  മറച്ച് ഇരുട്ടിന്റെ മറവിൽ പെരുംകള്ളന്മാർ അയാൾക്ക്‌ മുന്നേ അവിടെ എത്തിയിരുന്നു.മാലാഖയുടെ  ചിറകുകൾ അവർ മുറിച്ചെടുത്തിരുന്നു.ഹൃദയം കീറിമുറിച്ച് തിരുരക്തം അവർ പങ്കിട്ടെടുത്തിരുന്നു.കിണർ വെള്ളത്തിലെ അലയടികളിൽ ചിറകറ്റ മാലാഖയുടെ  നിഴൽ ആടിയുലഞ്ഞു.പിൻവാങ്ങി അവർ അയാളുടെ മുന്നിലേക്കെത്തി.അവർ അയാളുടെ മനസ്സാക്ഷിയുടെ തുറന്നിട്ട പടിവാതിൽക്കൽ എങ്ങോട്ടുപോകണം എന്നറിയാതെ  വിറങ്ങലിച്ചു നിന്നു.

                 നീതിയുടെ തുലാസാടിയുലഞ്ഞപ്പോൾ അയാൾ കണ്ടത് രക്ഷിക്കാൻ കൈകൾ നീട്ടി ഉയർന്നു പൊങ്ങുന്ന മാലാഖയുടെ ആത്മാവിനെ മാത്രമാണ്.അനേകം മാലാഖമാരിൽ ഒരാളായിരുന്നു അവളും.

                ദീർഘനിശ്വാസത്തോടെ ജീവിതസായാഹ്നത്തിൽ  സത്യത്തെ വീണ്ടെടുക്കാൻ ഒരിക്കൽ കള്ളനായിരുന്ന അയാൾക്ക്‌ കഴിഞ്ഞു.ഓരോ മോഷണത്തിന് ശേഷവും പഴുക്കടയ്ക്കകൾ ലാഭത്തിൽ വിൽക്കുമ്പോഴും മനസ്സാക്ഷിയുടെ തട്ട് നഷ്ടത്തിൽ തന്നെ ആയിരുന്നു എന്നയാൾ ഇപ്പോൾ മനസ്സിലാക്കുന്നു.

                നീതിയുടെ കണ്ണിൽ പൊടിയിടാൻ അസത്യത്തിന്റെ മായാജാലങ്ങൾക്ക് ഇന്ന് കഴിഞ്ഞില്ല.കാരണം അയാൾ നീതിയുടെ തട്ടിൽ വെച്ച മനസ്സാക്ഷിയുടെ അടയ്ക്കാക്കുലകൾക്കു സത്യത്തിന്റെ പത്തരമാറ്റ് പകിട്ടും മിഴിവും ദൈവത്തിന്റെ കയ്യൊപ്പും ഉണ്ടായിരുന്നു.

               ശാന്തമായ ആ പാതിരാത്രിയിൽ അയാളുടെ കണ്ണുകൾ മെല്ലെ സ്വപ്നലോകത്തേക്കു ഒഴുകി വീണു.

              ഹൃദയഭാരം ഇറക്കി മാലാഖയെ നോക്കി അയാളങ്ങനെ ഇരിക്കുവാണ്‌.മാലാഖ  കള്ളന്റെ കുപ്പായം ഊരി പാപങ്ങളുടെ താഴ്വരയായ ഭൂമിയിലേക്ക് എറിഞ്ഞു. നന്മയുടെ  ചിറകുകൾ പഴുക്കടയ്ക്കാ തൂങ്ങിയിരുന്ന അയാളുടെ ചുമലിൽ ചേർത്ത് വെച്ചു.അയാളുടെ ചുമലുകൾക്കു ഒട്ടും ഭാരമില്ലാതായിരിക്കുന്നു.ആ മാലാഖ അയാളുടെ ഹൃദയത്തെ ഒരു തൂവൽ കണക്കെ ഉയരങ്ങളിലേക്ക്… മനുഷ്യമനസ്സുകളുടെ ഔന്നത്യത്തിലേക്കു പറത്തിവിട്ടു.

Name : Kannan Divakaran Nair
Company : Infosys Limited

Click Here To Login | Register Now

3 Responses

Leave a Reply

Your email address will not be published. Required fields are marked *