വീടിൻ്റെ ആത്മാവ്

posted in: Short Story - Malayalam | 0

തറവാട് പൊളിച്ചു! വിവരം പറഞ്ഞത് അമ്മയാണ്. കുറച്ചു നാളായി അമ്മ കൂടെയുണ്ട്. 

പ്രത്യേകിച്ച് ഒന്നും തോന്നിയില്ല!

ഭാഗമൊക്കെ പണ്ടേ തിരിഞ്ഞതാണ്. ആ വീടിനോട് ചേർന്ന് ഒരു പിടി മണ്ണ് എനിക്ക് സ്വന്തമാണ്. വീട്, അതിൻ്റെ അവകാശികൾ പൊളിക്കുന്നു. ആയിക്കോട്ടെ! അല്ലേലും എനിക്ക് അതിൽ എന്തു എതിർപ്പ് ഉണ്ടാവാനാണ്?

പക്ഷേ! എന്തോ മനസ്സിലൊരു വിങ്ങൽ. അവധിയെടുത്തു നാട്ടിൽ പോണം എന്ന് ആലോചിച്ചപ്പോൾ മുതൽ തുടങ്ങിയതാണ്. വീട് പണി ഉടനെ തുടങ്ങണം!

ഇടയ്ക്ക്, അമ്മ നാട്ടിൽ പോയിരുന്നു.

“മുഴോനും കാട് പിടിച്ചു കിടക്കയാണ്. അത്രേടം വരെ പോയ സ്ഥിതിക്കു ഒന്ന് കേറാന്നെ വിചാരിച്ചൊള്ളൂ! ചെന്നപ്പോ വഴീലൊരു പാമ്പ്. ഞാമ്പിന്നിങ്ങു തിരിച്ചു പോന്നു. ഞാനിനി അവിടെ ചെല്ലെണ്ടെന്നാവും നിയോഗം…” അമ്മയുടെ ബാക്കി വിശേഷം കേൾക്കാൻ ഞാൻ ചെവി കൊടുത്തില്ല.

പണ്ട് വേനലവധിക്ക് മുടങ്ങാതെ അമ്മ ഞങ്ങളെ തറവാട്ടിൽ കൊണ്ട് പോയിരുന്നു. ബസ്സ് ഇറങ്ങി ഏകദേശം ഒരു കിലോമീറ്റർ നടക്കാനുണ്ട്. ടാറിട്ട റോഡിൽ നിന്നും ഇറങ്ങി നടന്നാൽ ഒരു തെങ്ങിൻ തോപ്പാണ്. അത് കഴിഞ്ഞാൽ തോട്. തോടിനു കുറുകെയുള്ള പാലം കടന്നാൽ പാടം. പാടവരമ്പിലൂടെ നടക്കുമ്പോൾ അങ്ങ് ദൂരെ കുന്നിൻപുറത്തു തറവാടിൻ്റെ ഓടിട്ട തലപ്പ് കാണാം. പിന്നെ ഒരു ആവേശമാണ്! അമ്മയുടെ ശകാരം വകവെക്കാതെ ഞാനും ഏട്ടനും ഓടും. അവിടത്തെ കാറ്റിന് പോലും എന്തൊരു സുഗന്ധമാണ്!

ഇടവേളകളിൽ തൊടിയിൽ വീണു കിടക്കുന്ന വെള്ളക്ക പെറുക്കി ഈർക്കിൽ കുത്തി കാറുണ്ടാക്കും. അല്ലെങ്കിൽ ഉമ്മറത്തെ കൈവരിയിലിരുന്ന് തൊഴുത്തിലെ പശുക്കളെ വായിനോക്കും. ചാമ്പക്ക പറിക്കും. തരം കിട്ടിയാൽ ആരും കാണാതെ മൺപടവുകൾ ഇറങ്ങി ചെന്നെത്തുന്ന തോട്ടിങ്കരയിലെ കലുങ്കിലിരുന്ന്‌ വെള്ളത്തിൽ കല്ലെറിഞ്ഞു കളിക്കും. മുറ്റത്ത് കണ്ടില്ലെങ്കിൽ പിന്നെ ഞങ്ങൾ എവിടെ ഉണ്ടാവുമെന്ന് അമ്മക്ക് നന്നായറിയാം. 

പത്തു പന്ത്രണ്ട് അംഗങ്ങൾ ഉള്ള വീടാണ്. അരക്കലും പൊടിക്കലും വച്ചുണ്ടാക്കലും ഒക്കെയായി മുത്തശ്ശി എപ്പോഴും അടുക്കളപ്പുറത്ത് തന്നെയുണ്ടാവും. ഞങ്ങളുടെ തലവട്ടം കണ്ടാലുടനെ വിളിച്ചു ചക്ക ചുളയോ മാങ്ങയോ തേങ്ങ പൂളിയതോ ഒക്കെ തിന്നാൻ തരും.

അവിടെ, നിന്ന് കൊതി തീരും മുന്നേ അമ്മ ഞങ്ങളെ കൂട്ടിക്കൊണ്ടു പോരും. മടക്കയാത്രയിൽ, മനസ്സു നിറയെ ഓർമകൾ മിന്നിമറഞ്ഞു കൊണ്ടേയിരിക്കും. ബസ്സിലെ ബഹളങ്ങൾക്കപ്പുറം തോട്ടിലെ വെള്ളം ഒഴുകുന്ന കളകളാരവം നിറയും. അകലെ ഓടിമറയുന്ന വഴിയോരക്കാഴ്ചകൾ രാത്രിയിൽ ഉമ്മറത്ത് കുശലം പറഞ്ഞിരുന്നപ്പോൾ, അമ്മയുടെ മടിയിൽ കിടന്ന് കണ്ട നക്ഷത്രകാഴ്ചകൾക്ക് വഴിമാറും. വൈകുന്നേരം, ഇളക്കിയ കപ്പയുടെയും പറ്റിച്ച മീൻ കറിയുടെയും മണമുള്ള ഊണുമുറിയിലെ ജനാലക്കൽ ഇരുന്നു, പുഴുങ്ങിയ കാച്ചിലും ചൂട് കട്ടൻ ചായയും കഴിക്കുമ്പോൾ, അകലെ തോടിനുമപ്പുറം ചായുന്ന സൂര്യൻ്റെ കിരണങ്ങൾ നെൽപാടങ്ങളെ ചന്തം ചാർത്തുന്നതും നോക്കിയിരിക്കാൻ മനസ്സു വീണ്ടും വെമ്പൽ കൊള്ളും. വീണ്ടും അടുക്കള വരാന്തയിലെ കൈവരിയിൽ ഇരുന്നു മുത്തശ്ശി പറയുന്ന കഥകൾ കേൾക്കാൻ മനസ്സു കൊതിക്കും.

ഇന്നു മുത്തശ്ശിയില്ല. ഇപ്പൊ! തറവാടും… എനിക്ക് ഏറെ പ്രിയമുള്ള ഇടങ്ങളെല്ലാം നഷ്ടപ്പെടുന്ന പോലെ. എല്ലാം ഇനി ഓർമ്മകൾ മാത്രം!

“വീടിന്റെ പ്ലാന് വരച്ചോ?” അമ്മയുടെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. ലാപ്ടോപ്പ് തുറന്നു പുതിയ വീടിന്റെ പ്ലാൻ അമ്മയെ കാണിക്കുമ്പോൾ സതീഷേട്ടൻ ടീവി ഓഫ് ചെയ്തു  വന്നു കസേര വലിച്ചിട്ടിരുന്നു. 

കിഴക്ക് ദർശനം ആണ്. മുന്നിൽ ഇടതു വശത്ത് അടുക്കള വലത് വശത്തു സിറ്റൗട്ട്.

“അടുക്കള മാറ്റണം! ആരാ ഈ പ്ലാൻ വരച്ചത്!?”

ഞാൻ പറഞ്ഞു വരപ്പിച്ചതാ!

“എന്ത് അബദ്ധമാണ് നീയീ പറയുന്നത്? ബോധമുള്ള ആരേലും ഫ്രണ്ടിൽ അടുക്കള വെക്കുമോ?” സതീഷേട്ടൻ കലി തുള്ളിക്കൊണ്ടു എണീറ്റ് പോയി.

ഞാൻ അമ്മയോടായി തുടർന്നു. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയ, അത് ഓപ്പൺ ആണ് അതിനോട് ചേർന്ന് ഒരു കൈവരിയും… തറവാട്ടിലെ പോലെ! പിന്നെ അമ്മേ, ഊണുമുറിയിടെ ജനലിനോട് ചേർന്ന് ഒരു ബേ-വിൻഡോ. അവിടെയിരുന്നു എനിക്ക് സൂര്യാസ്തമനം കാണണം.

“ഇവൾക്ക് ഭ്രാന്താണ്! അന്നേ ഞാൻ പറഞ്ഞതാ ഈ വയസാംകാലത്ത് ആ കാട്ടുമുക്കിൽ വീട് വക്കണ്ട പകരം ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങാമെന്ന്. ആരു കേൾക്കാൻ! ദാ ഫോൺ, നിന്നെ ആരോ വിളിക്കുന്നു.” സതീഷേട്ടൻ ഫോൺ കൈയിൽ തന്നിട്ട് ഫോണിലും എന്റെ മുഖത്തും മാറി മാറി നോക്കി.

“മോളേ നിനക്കെന്താ തോന്നണേ?” അമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ഫോണുമായി ഉമ്മറത്തേക്ക് നടന്നു.

ഫോൺ വച്ചു തിരിയുമ്പോൾ പിന്നിൽ സതീഷേട്ടൻ.

“ഇതെന്തോ ബാധ കൂടിയതാ!”

ഞാൻ ചിരിച്ചു പോയി. ബാധയല്ല ആത്മാവ്!

“എന്തായാലും നിന്റെ കാശ്…! എവിടെ കുഴിച്ചിടണമെന്നു നീ തന്നെ തീരുമാനിക്ക്. ഇനി എനിക്കൊന്നും പറയാനില്ല!”

അമ്മ മറുപടിക്കായി എന്നെ നോക്കി.

അമ്മക്ക് തോന്നുന്നുണ്ടോ ഞാൻ നഷ്ടപ്പെട്ട നമ്മുടെ തറവാട് വീണ്ടും ഉണ്ടാക്കാൻ നോക്കുവാണെന്നു? അതൊന്നും ഇനി തിരികെ വരില്ലെന്ന് എനിക്ക് നന്നായി അറിയാം. വന്നാലും ഞാനാ പഴയ കുട്ടിയാവില്ലെന്നും എനിക്കറിയാം.

ജനിച്ചു വളർന്ന വീട്, എന്നോ അതെനിക്കന്യമായി. പിന്നെ ഒരു അഭയാർത്ഥിയെപ്പോലെ… എത്രകാലം?

എനിക്ക് ഇഷ്ടപ്പെട്ട എന്റേതായ ഒരിടം വേണമെനിക്ക്! ആരും ഇറക്കിവിടാത്ത ഒരിടം… ഇനിയുള്ള കുറച്ചു കാലം സന്തോഷമായി ജീവിക്കാൻ.

കുറ്റിയടിക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്… നാളെ!

അമ്മയുടെ കണ്ണുകൾ തിളങ്ങുന്നതു എനിക്ക് കാണാമായിരുന്നു. 

Name : Deepa N
Company : Zyxware Technologies Pvt. Ltd

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *