തരു, നിൻ്റെ രക്ഷകർ ഞങ്ങൾ, പറയുന്നു,
നിൻ നാശമേകുന്നൊരാപത്തുകൾ
പകരുന്നിതാ പാഠം പലവിധമങ്ങനെ
മരമൊരു വരമെന്ന സത്യതത്ത്വം.
നിൻ്റെ തുകൽ ചീന്തിയുള്ളൊരാ
കടലാസിൽ, രക്ഷക്കായ്,
എഴുതുന്നു കവിതകൾ നിനക്കു വേണ്ടി
നിൻ്റെ കട വെട്ടിയുള്ളൊരാ
മേശക്കിരുവശ ചർച്ച,
കൂട്ടുന്നു മുറവിളി നിനക്കു വേണ്ടി
നിൻ വിരലറുത്തുത്തീർത്തൊരാ
തീക്കൊള്ളിയാൽ, ഞങ്ങൾ,
കത്തിച്ചു കോലങ്ങൾ നിനക്കു വേണ്ടി
നിൻ്റെ തുടകീറിയുണ്ടാക്കി
പെട്ടിയൊന്നിൽ, ഭദ്രം,
കരുതുന്നു പണമതു നിനക്കു വേണ്ടി
നടുക നടുക വൃക്ഷത്തൈകൾ
അവ നിങ്ങളുടെ നാളെതൻ നട്ടെല്ലുകൾ…
നടുക നടുക വൃക്ഷത്തൈകൾ
അവ നിങ്ങളുടെ നാളെതൻ നട്ടെല്ലുകൾ, പാടി
നിനക്കായൊഴുക്കിയ വിയർപ്പുതുള്ളി,
തുടയ്ക്കുന്നു നിൻ കൈ വെട്ടി
നിർമ്മിച്ച നാപ്കിന്നുകൾ
നിൻ കാൽ മുറിച്ചൊരു തണൽ
പന്തലിൽ, വെച്ചു,
നിൻ സംരക്ഷണസമരമതി കാഹളങ്ങൾ
പകരം നീ തരിക…
പകരം നീ തരിക
ഞങ്ങൾക്കുറങ്ങുവാൻ,ഒരു ശവമഞ്ചവും
കത്തിയൊതുങ്ങിടാൻ, ഒരിത്തിരി ചിതക്കോലും.
തരു, നിൻ്റെ രക്ഷകർ ഞങ്ങൾ, പറയുന്നു,
നിൻ നാശമേകുന്നൊരാപത്തുകൾ
പകരുന്നിതാ പാഠം പലവിധമങ്ങനെ
മരമൊരു വരമെന്ന സത്യതത്ത്വം.
Name : Sujith Panikkam
Company name: TCS, TCS Center, Infopark, Kochi
You need to login in order to like this post: click here
Leave a Reply