ഉത്തമൻറെ ‘അമ്മ

posted in: Short Story - Malayalam | 1

പുകച്ചുരുളുകളെ പല വിധേന രൂപപ്പെടുത്തുന്ന വിനോദത്തിലേർപ്പെടാനാണ് ഈയിടെയായി ഞാൻ സിഗരറ്റു വലിക്കുന്നത് തന്നെ .അതിൽ നിന്ന് ലഹരിയൊക്കെ കിട്ടിയ കാലം എന്നേ കഴിഞ്ഞു . കോടതി പരിസരമാണെങ്കിലും ഞാനടക്കമുള്ള പത്രക്കാർക് ഇത്തിരി പതുങ്ങി പുക വലിക്കാനുള്ള ഒരിടം അവിടെ ഉണ്ട് . മടുപ്പുളവാക്കുന്ന ദീർഘമായ ഇടവേളകളിൽ ഒരാശ്വാസത്തിന്റെ കനൽ.

പത്രപ്രവർത്തനം തുടങ്ങിയ കാലം മുതൽ ഈ കോടതി വരാന്തകൾ എനിക്ക് ചിരപരിചിതമാണ് . ഓർത്തെടുക്കാൻ കഴിയാത്തത്രയും തവണ ഞാൻ ഇവിടെ കയറിയിറങ്ങിയിരിക്കുന്നു . കൊലപാതകം, മോഷണം, പീഡനം , അഴിമതി.. അങ്ങനെ അങ്ങനെ..വിധി വരുന്ന ദിവസം ചിലർ വിളറിയ മുഖവുമായി, ചിലർ ആശ്വാസത്തിന്റെ നെടുവീർപ്പുമായി , അതുമല്ലെങ്കിൽ ഭാവ ഭേദങ്ങളൊന്നുമില്ലാതെ , അങ്ങനെ എത്രയോ വികാരപ്രകടനങ്ങളുടെ വേലിയേറ്റങ്ങൾക് സാക്ഷ്യം വഹിച്ചിരിക്കുന്നു ഇവിടം . അങ്ങനെയുള്ള ഒരു വിധി ദിവസം ആണിന്ന്. പ്രമാദമായ ഉത്തമൻ വധക്കേസിന്റെ വിധി വരുന്ന ദിവസം.

കോടതി നടപടികൾ ആരംഭിച്ചു . പതിവില്ലാത്ത വിധം ആളുകൾ കൂടിയിരിക്കുന്നു .കടുത്ത നിശബ്ദതയ്ക്കു ശേഷം വിധി പ്രസ്താവം വായിച്ചു കേൾക്കപ്പെട്ടു .ആകാംക്ഷ അണ പൊട്ടിയ നിമിഷങ്ങൾക് അറുതി വരുത്തി വിധി വന്നു. കുറ്റവാളികളെന്ന് കോടതി കണ്ടെത്തിയ പോലീസുകാരായ മൂന്നു പ്രതികൾക്കും ജീവപര്യന്തം വിധിക്കപ്പെട്ടു .

എട്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം.ഒരു വർക്ക് ഷോപ്പിലെ പണിക്കാരനായിരുന്നു അന്ന് ഇരുപത്താറു വയസ്സ് മാത്രമുള്ള ഉത്തമൻ. വർക്ക് ഷോപ്പിനടുത്തുള്ള വീട്ടിൽ നിന്ന് ഒരു സ്വർണമാല മോഷണം പോയ സംഭവത്തിൽ പോലീസ് ഉത്തമനെ പിടിച്ചു.സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്യലിനിടെ മർദ്ദനം മൂലം ഉത്തമൻ കൊല്ലപ്പെട്ടു .കസ്റ്റഡി മരണമായതിനാൽ അന്നത് വലിയ വാർത്തയായിരുന്നു . ഏതാനും ദിവസങ്ങൾക്കപ്പുറം മറ്റെല്ലാ വാർത്തകളെയും പോലെ വിസ്‌മൃതിയിലാഞ്ഞു.

മൂന്ന് സെന്റ് കോളനിയിൽ വളരെ ദരിദ്രമായ ചുറ്റുപാടിൽ കഴിഞ്ഞിരുന്ന ഉത്തമന് വൃദ്ധയായ അമ്മയല്ലാതെ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ലായിരുന്നു . ഉത്തമൻ മരിച്ചു ആഴ്ചകൾക്കകം തന്നെ മോഷണം പോയ മാല മറ്റൊരു കേസിൽ പിടിക്കപ്പെട്ട ചില മോഷ്ടാക്കളിൽ നിന്നും പിടിക്കപ്പെട്ടു . അതിൽപിന്നെ ഉത്തമൻറെ ‘അമ്മ  നിയമയുദ്ധം ആരംഭിച്ചു .വൃദ്ധയായ ആ ദരിദ്ര സ്ത്രീയുടെ എതിർപക്ഷത്ത് ഉണ്ടായിരുന്നവർ വലിയ പദവികളും അധികാരങ്ങളും ഉള്ളവരായിരുന്നു .എന്നാൽ തീക്ഷ്‌ണമായ പോരാട്ടവീര്യം എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. സുദീർഘമായ ആ പോരാട്ടത്തിൽ പണം അവരെ പ്രലോഭിപ്പിച്ചില്ല , ഭീഷണികൾ അവരെ ഭയപ്പെടുത്തിയില്ല , പ്രായം അവരെ തളർത്തിയില്ല ..കോട്ട കൊത്തളങ്ങളിൽ ഒളിപ്പിച്ചു വച്ചാലും സത്യം ഒരുനാൾ പുറത്തു വരുമെന്ന് പറയുന്നത് പോലെ കോടതി മുറിയിൽ ആ അമ്മക്ക് നീതി ലഭിച്ചു .കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെട്ടു.

വിളറി വെളുത്ത മുഖവുമായി പ്രതികൾ ജയിലിലേക്ക് അയക്കപ്പെട്ടു .കുറ്റബോധം കാരണമോ , തന്റെ ദുർവിധിയെ ഓർത്തോ അതിലൊരാൾ ഒരു കുട്ടിയെ പോലെ കരഞ്ഞു കൊണ്ടിരിന്നു. ഞാൻ ആ അമ്മയെ അന്വേഷിച്ച് വരാന്തയിലൂടെ നടന്നു. ഒരു മൂലയിലുള്ള ബെഞ്ചിൽ അവർ ഇരിക്കുന്നുണ്ടായിരുന്നു .ചുക്കിച്ചുളിഞ്ഞ മുഖവും നടന്നു തേഞ്ഞ ചെരിപ്പുകളുമായി.നിർവികാരതയല്ലാതെ മറ്റൊന്നും അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല .ഒരു മകനെ പ്രസവിച്ച് ,വളർത്തി വലുതാക്കി ,ഒടുവിൽ അവനെ ഇല്ലായ്മ ചെയ്തവർക്കെതിരെ പോരാടിയ ആ സ്ത്രീ എത്രത്തോളം രൂക്ഷമായ  മനഃസംഘർഷങ്ങളിലൂടെയാവും കടന്നു പോയിട്ടുണ്ടാവുക.! കരുത്തരായ മനുഷ്യരെ പറ്റിയുള്ള എന്റെ പല ധാരണളും അവരുടെ മുമ്പിൽ തകർന്നു പോയി..ആരുമില്ലാത്തവർക്ക് കൂട്ടായി ദൈവം ഉണ്ടെന്ന് പലരും പറയുന്നത് കേൾക്കാം ..അതുണ്ടെങ്കിലും ഇല്ലെങ്കിലും ആ വിശ്വാസം അവരെ മുന്നോട്ടു നയിച്ചിട്ടുണ്ടാവുമെന്നു തീർച്ച..

ലോകത്ത് നീതി പുലർന്നു കണ്ടതിൽ സന്തോഷവാനായ ഞാൻ അടുത്തൊരു സിഗരറ്റു കത്തിക്കാനായി നടന്നു നീങ്ങി.

Name : Abdul khader P
Company : Cognizant, Kochi

Click Here To Login | Register Now

  1. Sudev

    Very nice story, realistic and natural story telling. Expecting more works from your pen.

Leave a Reply

Your email address will not be published. Required fields are marked *