തണലേകാം

posted in: Poem - Malayalam | 1

നിറയുന്ന പുഴവറ്റിയൊഴുകുന്ന വഴികളിൽ

മണൽമാത്രമാണിന്നു കാണാൻ..

ഒരുകാലമീവഴികളെത്രയോ ജീവിത

ച്ചൂടായിരുന്നെന്നറിഞ്ഞോ?

ഈ മൺപരപ്പുകളിലെത്രയോദ്ധാക്കൾ

തൻ ജീവരക്തം വീണു ചിന്നീ..

ഈ ജലത്തിന്നോളമെത്രയാത്മാക്കൾതൻ

അസ്ഥിഭസ്മം ചുമന്നെന്നോ?

ഈ നദികളെത്രയോ ജലകേളികൾക്കിടം

നൽകുന്ന കളിയോർമയായീ..

ഈ ഗർഭപാത്രത്തിലെത്രയോ കവിതകൾ

ജീവൻതുടിച്ചു പിറന്നു.

ത്ലാവർഷമില്ലിടവപ്പാതിയില്ലിന്നു

പുഴ വെറും വഴിമാത്രമായീ..

കത്തിജ്വലിക്കുന്നു സൂര്യനാകൺകളിൽ

തീക്കട്ടകൾതിളങ്ങുന്നൂ.

സഹ്യൻറ്റെ നെഞ്ചിലെ പാറകൾ പൊട്ടുന്നു

കാടുകൾ വെട്ടിമാറ്റുന്നൂ..

ഭൂകമ്പമുരുൾപൊട്ടൽ പേമാരിയങ്ങനെ

ആകെത്തകർന്നുവീഴുന്നൂ.

എത്രയുഗങ്ങളായ് നമ്മളെ പോറ്റുന്നു

ജീവനെപോലെകാക്കുന്നൂ..

എന്നിട്ടുമീവിധം ക്രൂരതകാട്ടുവാൻ

മർത്യന്നുകഴിയുന്നു, കഷ്ടം.

ജീവന്റ്റെയാധാരമാകുമീഭൂമിയെ

പൂജചെയ്യേണ്ടവർ നമ്മൾ..

ആ കൈകൾ കൊണ്ടുനാംമീഭൂമിതൻ

ഹൃദയമാഴത്തിൽ ചൂഴ്ന്നെടുക്കുന്നൂ.

ആ ചോര വീണുനിൻ പാദങ്ങളിടറുന്നു

വീഴുന്നഗാധഗർത്തത്തിൽ..

നീ തന്നെ നിൻ ശവക്കോട്ടകൾ കെട്ടുന്നു

നീ നിന്നെ ഹോമിച്ചിടുന്നൂ.

ഇനിവരും തലമുറക്കെങ്കിലും നൽകണം

കരുതലിൻ ബാലപാഠങ്ങൾ..

ഒരു തൈ നടൂനീയതിന്നൊപ്പമീഭൂമിക്കൊ-

രുതണൽ മരമായി മാറൂ..

Name : Athira Reghunath

Company Name : Muble Solutions Pvt. Ltd.

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *