സമൂഹത്തിൽ ഒരു
വൈറസ് വ്യാപിച്ചുവത്രേ.
അതിൽപ്പിന്നെ മൂന്നു മാസം,
മുഹൂർത്തം കുറിക്കാൻ ആരും
ജ്യോത്സ്യനെത്തേടി പോവാതെയായി.
ശീവേലിയില്ലേലും
ദൈവം മരിക്കില്ലെന്ന് ഉറപ്പായി.
ക്യൂ നിന്ന് കുപ്പി വാങ്ങീലേലും
ജീവിക്കാൻ പറ്റുന്നുണ്ടെന്നായി.
ജുമായും കുർബാനയും കൂടിയില്ലേലും
കുഴപ്പമില്ലെന്നായി.
വ്രണപ്പെടാതെ അടങ്ങിയൊതുങ്ങി ഇരിക്കാനും
മതവികാരത്തിനാവുമെന്ന് ബോധ്യമായി.
എങ്കിലും,
ആശുപത്രിയിൽ നിന്നിറങ്ങുന്നവർ
നന്ദി മുടക്കാതെ കൊടുത്ത്
ദൈവങ്ങൾ പട്ടിണികിടക്കേണ്ടി വരില്ലെന്ന്
ഉറപ്പാക്കുന്നുണ്ട്;
വേദങ്ങളിൽ നിന്നും
ഒറ്റമൂലി ചികഞ്ഞെടുക്കാൻ
ഇത് തീരുന്നവരെയെങ്കിലുംസമയം വേണമെന്നായി.
പഞ്ചാരമിഠായി കഴിച്ചവരുടെ ലിസ്റ്റ്,
ജീവൻ ബാക്കിയായവരിൽ നിന്നും
പിന്നീടുണ്ടാക്കാം.
സ്ഥലത്തെ പ്രധാന ദിവ്യന്മാരെല്ലാം
ഒരു സുപ്രഭാതത്തിൽ ഒളിവിൽ പോയി;
(എനർജി തത്കാലം പോസിറ്റീവ് ആവണ്ട.)
പുക തുപ്പാതിരിക്കാൻ
പറ്റുകയേ ഇല്ലെന്ന് പറഞ്ഞ രാജ്യക്കാരതാ,
തിരിയുന്ന യന്ത്രങ്ങൾ പാടേ നിർത്തി
ഒന്നും തിരിയാതെ വീട്ടിലിരിക്കുന്നു.
കടലും തടാകവും
വീണ്ടും തെളിഞ്ഞെന്ന്..
വിരുന്നുകാർ തിരിച്ചുവന്നുവെന്ന്..
അതൊന്നുമല്ല വിചിത്രം!
ഈ കുരിപ്പിന്, മതമില്ലത്രേ;
തൊട്ടപ്പനില്ലാത്ത നാസ്തിക വൈറസാണ്!
എല്ലാ ദേശവും ഒരുപോലെയത്രേ.
പെൺ വൈറസെന്നും
ട്രാൻസ്ജെൻഡർ വൈറസെന്നും
ആൺ വൈറസെന്നും
വേർതിരിവേ ഇല്ല!
നിറം നോക്കി തരംതിരിക്കാൻ
ചെന്നപ്പോൾ അവരുടെ ലോകത്ത്
നിറങ്ങളേ ഇല്ലെന്ന്!
(അതെങ്ങനെ ശരിയാവും?!)
ചേരിയെന്നോ സെനറ്റെന്നോ ഇല്ല,
രാഷ്ട്രീയം നോക്കാറില്ല,
കീശക്കനം നോക്കി കൂട്ടുകൂടാറില്ല.
വ്യാപന നിയമത്തിൽ
ആർക്കും ഇളവുകളുമില്ല.
സമൂഹത്തിൽ ഒരു വൈറസ്
വ്യാപിച്ചുവത്രേ;
അതിനുമുന്നേ വ്യാപിച്ച
മുപ്പത്തിമുക്കോടി വൈറസുകൾ,
മൂന്നുമാസത്തേക്ക് നിർജീവമായത്രേ..!
Name : Rohith K A
Company name : TCS, Kochi
You need to login in order to like this post: click here
Neethu
വളരെ ഇഷ്ടപ്പെട്ടു