പ്രേതം

posted in: Short Story - Malayalam | 7

ഏകാന്തതയുടെ ഇരുട്ടിനെക്കാൾ ഭയാനകമായി മറ്റൊന്നുമില്ല, ജീവന്റെ ചെറു കണികയെ പോലും അറിയാൻ കഴിയാത്തത്ര കൂരിരുട്ട്. പ്രേതങ്ങളെല്ലാം എന്നോ ഒറ്റപ്പെട്ട് പോയവരാണ്. അവർക്ക് നിങ്ങളെ മനസ്സിലാക്കുവാൻ കഴിയും. ഒറ്റയ്ക്കാകുമ്പോൾ, ഭയം നിറയുമ്പോൾ പ്രേതം പിന്നിലുണ്ട്, മരണത്തിൽ അഭയം നല്കാൻ.

ടെക്നോ പാർക്കിന്റെ പ്രധാന റോഡിൽ നിന്നും തന്റെ ഫ്ളാറ്റിലേക്ക് നീളുന്ന ഇടവഴിയിലേക്ക് അയാൾ കാർ തിരിച്ചു. നിലാവിന്റെ സ്പർശനം തെല്ലുമേൽക്കാതെ ഇരുളിനെ പൊതിഞ്ഞ് നിൽക്കുന്ന തണൽ വൃക്ഷങ്ങളുടെ നടുവിലൂടെ അത് മുന്നോട്ട് കുതിച്ചു. നിശബ്ദമായി ഒഴുകുന്ന പാതയെ  അസ്വസ്ഥമാക്കികൊണ്ട് കാറിൽ നിന്നും ഉച്ചത്തിൽ പാട്ട് കേൾക്കാം. അൽപ്പം മുൻപ് അവസാനിച്ച ആന്ന്വൽ പാർട്ടിയുടെ ലഹരിയിൽ അയാൾ പാട്ടിനൊപ്പം ചുണ്ടനക്കി. കമ്പനി സി.ഇ.ഒ യും രണ്ട് സീനിയർ മാനേജർമാരും തന്നോട് ചിയേർസ് പറഞ്ഞു എന്നതിൽ അയാൾ അഭിമാനം കൊണ്ടു. 

റോഡിന് ഇരുവശവും നിരന്ന് നിൽക്കുന്ന കിഴവൻ മരങ്ങൾ അതിശക്തമായി വീശുന്ന കാറ്റിൽ പരസ്പരം പോരടിക്കുന്നു. നിലവിളിക്കുന്ന ശിഖരങ്ങൾക്കിടയിൽ നിന്നും പെട്ടെന്ന് എന്തോ കാറിന് മുന്നിലായി വന്ന് പതിച്ചു. ‘തിളങ്ങുന്ന രണ്ട് കണ്ണുകൾ’. ഞെട്ടി വിറച്ച അയാൾ ബ്രെക്ക് അമർത്തുമ്പോഴേക്കും കാർ ഒരൽപ്പം മുന്നോട്ട് നീങ്ങിയിരുന്നു. കാൽ വിരൽത്തുമ്പിൽ നിന്നും ഭയം അരിച്ച് കയറുന്നതായി അയാൾക്ക് തോന്നി. ഒരു നിമിഷം മുൻപ് തന്റെ കണ്ണിൽ തുളച്ച് കയറിയ ആ കാഴ്ച, ചുറ്റും തളം കെട്ടി നിൽക്കുന്ന ഇരുട്ട്, അയാൾ ശ്വാസം എടുക്കാൻ നന്നേ പ്രയാസപ്പെട്ടു. വിറയാർന്ന കൈകൾകൊണ്ട് സ്റ്റിയറിങ്ങിൽ ഇറുക്കി പിടിച്ച് പതിയെ സൈഡ് മിററിലേക്ക് നോക്കി. പിന്നിലെ വഴിയിൽ ടയർ കയറി അരഞ്ഞ ഒരു കടവാവലിന്റെ കുഞ്ഞും അതിന് ചുറ്റുമായി പറക്കുന്ന ഒരു കൂട്ടം വാവ്വലുകളും. ഇളം ചിറകുകളോട് ചതഞ്ഞ് ചേർന്ന തല ഇടത്തിൽ അവശേഷിക്കുന്ന ഒറ്റക്കണ്ണിൽ രക്തം കിനിയുന്നു. തന്നാൽ കൊല്ലപ്പെട്ട ആ ജീവി ഭയമായി അയാളിൽ പുനർജനിച്ചു. പ്രതികാര ദാഹികളായി ഒരു കൂട്ടം പറവകൾ കാറിന് നേരെ പാഞ്ഞടുക്കുന്നു, ചോരത്തിളക്കമുള്ള ഒരായിരം കണ്ണുകൾ. ഒറ്റപ്പെട്ട് പോയ ഒരു മനുഷ്യന്റെ നിസ്സഹായത ആദ്യമായി അയാൾ തിരിച്ചറിഞ്ഞു. വിയർപ്പ് ഇറ്റുന്ന വിരലുകളാൽ തിടുക്കത്തിൽ സ്റ്റാർട്ട് ചെയ്യപ്പെട്ട കാർ മുരൾച്ചയോടെ പാഞ്ഞു.

ഒരു ശ്‌മശാനം പോലെ മൂകമായ അണ്ടർ ഗ്രൗണ്ട് കാർപാർക്കിങ്ങിൽ കല്ലറകൾ എന്ന പോലെ നിരവധി വാഹനങ്ങൾ. അവയുടെ ചക്രങ്ങളിൽ പലതിലും ഇനിയും ഉണങ്ങാത്ത ചോരപ്പാടുകൾ ഉള്ളതായി അയാൾക്ക്‌ തോന്നി. തേങ്ങി കരഞ്ഞുകൊണ്ട് തെളിയുന്ന ഫ്ലൂറസെന്റ്‌ ട്യൂബിന്റെ മങ്ങിയ പ്രകാശത്തിൽ ഇരയുടെ നേരെ നടന്നടുക്കുന്ന ഒരു ചിലന്തിയെ ആയാൾ കണ്ടു. തന്റെ വലയിൽ കുരുങ്ങിയ കുഞ്ഞ് ചിത്രശലഭത്തെ ആഹരിക്കുന്ന നിറയെ രോമങ്ങളും തിളങ്ങുന്ന കണ്ണുകളുമുള്ള എട്ട്കാലി. മറ്റൊരു ഞരക്കത്തോടെ ആ ട്യൂബ് ലൈറ്റ് അണഞ്ഞു. കണ്ണ് കെട്ടിയ ഇരുട്ടിനെ മൊബൈൽ വെളിച്ചത്തിൽ ബേധിച്ച് അയാൾ ലിഫ്റ്റിന് അരികിലേക്ക് നടന്നു. 

ഒറ്റക്കണ്ണാൽ തറപ്പിച്ച് നോക്കുന്ന സി.സി.ടിവി ക്യാമറയുടെ കീഴിലായി നിൽകുമ്പോൾ ഏത് നിമിഷവും അത് തന്റെ ദേഹത്തേക്ക് ചാടി വീഴുമെന്ന് അയാൾക്ക് തോന്നി. ഹൃദയമിടിപ്പിന്റെ ശബ്ദം ലിഫ്റ്റിലെ ഇടുങ്ങിയ ചുവരുകളിൽ തട്ടി പ്രകമ്പനം കൊണ്ടു.

വിശാലമായ ബെഡ്റൂമിന്റെ പ്രകാശത്തിലും ഒറ്റയ്ക്കാണെന്ന സത്യം പതിവില്ലാതെ അയാളെ ഭയപ്പെടുത്തുന്നു. തന്റെ കൈപിടിച്ച് ഇവിടേയ്ക്ക് വന്നവളെകുറിച്ചുള്ള ഓർമ്മകൾ അയാളിൽ തെകിട്ടി വന്നു. മധുവിധുവിന്റെ മധുരം വളരെ പെട്ടെന്ന് അവസാനിച്ചു. പരസ്പരം കുറ്റപ്പെടുത്തലുകളും കലഹങ്ങളുമായി ഒരു ഫ്ലാറ്റിൽ രണ്ട് ദ്രുവങ്ങളിലായി കഴിഞ്ഞ ദമ്പതികൾ. ‘ഞാൻ തന്നെയായിരുന്നു ശരി’ അയാൾ പിറുപിറുത്തു

മൂർച്ചയേറിയ വാക്കുകൾക്കിടയിലെപ്പോഴോ നാറുന്ന ഭൂതകാലത്തെ ഛര്‍ദ്ദിച്ചത് അവൾ തന്നെയാണ്. എന്നിട്ടും ഞാൻ ക്ഷമിച്ചു. താൻ ആയിരിക്കുന്നിടത്തേക്കെല്ലാം നീളുന്ന, വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുന്ന അവളുടെ സംശയക്കണ്ണുകൾ. അവളുടേതായ ന്യായങ്ങൾ, ന്യായീകരണങ്ങൾ. ‘ഞാൻ തന്നെയാണ് ശരി’ അയാൾ വീണ്ടും മനസ്സിൽ പറഞ്ഞു.

ഇരുട്ടിൽ സമയം ഇഴഞ്ഞു നീങ്ങി. പുതപ്പിനുള്ളിൽ ഉറക്കം കാത്ത് കിടക്കുന്ന അയാൾ പതിയെ പല സ്വരങ്ങളും കേട്ട് തുടങ്ങി. ദൂരെ എവിടെയോ ചിലയ്ക്കുന്ന ചീവീടുകളും ഇരുൾമൂടിയ റോഡിൽ ചീറി പായുന്ന വാഹനങ്ങളും അവയ്ക്ക് ചുറ്റും പറക്കുന്ന കടവാവലുകളും അവയുടെ കണ്ണിലെ ചുവപ്പും. വിറയാർന്ന വിരലുകളാൽ അയാൾ മുഖത്ത് നിന്നും പുതപ്പ് മാറ്റി. ചുറ്റും പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ, നിഴലുകളിൽ തെളിയുന്ന ഭീകര ദൃശ്യങ്ങൾ. ചുറ്റിപ്പിണയുന്ന രണ്ട് സർപ്പങ്ങളും, ഉടൽ മാത്രമായ ഒരു മനുഷ്യ രൂപവും, ‘തല’ താൻ തിന്ന് തീർത്തതാണ് എന്ന് ചിലച്ചുകൊണ്ട് കഴുത്തിന് മുകളിലെ ശൂന്യതയിൽ അധികാരം സ്ഥാപിക്കുന്ന വാല് മുറിഞ്ഞ ഗൗളിയും അതിന് ചുറ്റും പാറുന്ന നരിച്ചീറുകളും. ബെഡ്‌ലാമ്പ്‌ ഓൺ ചെയ്തതും നിഴൽരൂപങ്ങളെല്ലാം വെളിച്ചത്തിന്റെ മറവിൽ ഒളിച്ചു. അയാൾ വാതിൽക്കലേയ്ക്ക് എത്തി നോക്കി, അത് ലോക്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി. 

എ.സി യുടെ തണുപ്പിൽ വിറങ്ങലിച്ച ഭിത്തിയിൽ മുഖം അമർത്തി അയാൾ കിടന്നു. അല്പനേരത്തെ നിശ്ശബ്ദതയെ ഭംഗിച്ചുകൊണ്ട് വാതിലിനരികിലായി ആരോ ശ്വസിക്കുന്ന ശബ്ദം. വീണ്ടും അയാളിൽ ഭയം നിറയുന്നു. പതിഞ്ഞ താളത്തിലുള്ള ശ്വാസോഛ്വാസത്തോടൊപ്പം കൊലുസിട്ട കാലുകൾ കട്ടിലിന് നേരെ മെല്ലെ നടന്ന് വരുന്നതായി അയാൾ അറിഞ്ഞു. ആ ശബ്ദം നിലച്ചതും ഒരു നിമിഷാർദ്ധത്തിനുള്ളിൽ ബെഡിൽ രണ്ട് കൈകൾ അമർന്നു. എത്ര ശ്രമിച്ചിട്ടും അവിടേക്ക് തിരിഞ്ഞ് നോക്കാൻ കഴിയാത്ത വിധം ഭയം അയാളെ ഭിത്തിയോട് ചേർത്ത് ബന്ധിച്ചിരിക്കുന്നു. തന്റെ അരകെട്ടിന് അരികിലായി ആരോ ഇരിക്കുന്നതായി മനസ്സിലാക്കിയ അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. നട്ടെല്ലിലൂടെ ഇരച്ചുകയറുന്ന ഉഷ്ണത്തോടൊപ്പം അത് അയാളുടെ പുതപ്പ് പങ്കിട്ടു. 

തന്നോട് ചേർന്ന് കിടക്കുന്ന അജ്ഞാത രൂപത്തിന്റെ ഉഛ്വാസ വായുവിലെ ചൂട് അയാളുടെ കവിളിൽ പതിക്കുന്നു. അയാൾ കണ്ണുകൾ ഇറുക്കി അടച്ചു. മനുഷ്യ കുഞ്ഞിന്റെ മണം. അവളുടെ ഗർഭപാത്രത്തിൽ മരിച്ച, താൻ തൊഴിച്ചുകൊന്ന ജീവന്റെ തുടിപ്പിനെ അയാൾ ഓർത്തു. വിറയാർന്ന ചുണ്ടുകൾ പതിയെ പറഞ്ഞു. ‘ ഞാൻ തന്നെയാണ് ശരി ‘. അത് മുഴുമിപ്പിക്കും മുൻപേ അയാളുടെ കഴുത്തിൽ കുഞ്ഞ് പല്ലുകൾ ആഴ്ന്നിറങ്ങി.  

 

Name : Sooraj Jose
Company : EY, Kinfra

Click Here To Login | Register Now

7 Responses

Leave a Reply

Your email address will not be published. Required fields are marked *