പതിവുപോൽ,
ഒരുദിനം കൂടി
തോളിലൊരു മാറാപ്പുമായി
രാത്രി കടന്നിന്നെത്തുന്നു.
സുതാര്യ രഹസ്യങ്ങളൊക്കെയും
ഭാണ്ഡം കുടഞ്ഞിടുന്നു.
നെറ്റിമേൽ ഇറ്റിയ നീർത്തുള്ളികൾ –
വിയർപ്പുതുള്ളികൾ
ഒപ്പുന്നു പ്രഭാതം.
നീട്ടിയ ചായയിൽ
ഒരു കർഷകൻ്റെ ജഡം.
അവൻ വിതച്ച മണ്ണിൻ്റെ
മാറിൽ മുഖമറയില്ലാതെ
ചേതനയറ്റു കിടക്കുന്നു.
മണ്ണിൽ പൊന്നുവിളയിച്ചവൻ്റെ
എല്ലുകൾ എണ്ണിപെറുക്കാം
കടങ്ങൾ കൂട്ടി കഥ പറയാം
എന്നിട്ടും പഠിച്ചില്ലയത്രേ!
വിതയ്ക്കുവാനെ പാടുള്ളു
കൊയ്യുവാൻ വേറെ
കൈകളത്രേ!
ശവംതീനികൾ ചിലരവർ
കണ്ടിട്ടും കണ്ണടയ്ക്കുന്നു
കൈകൾ മറയ്ക്കുന്നു
ആ കൈകളിലെ ചോരക്കറകൾ
കാട്ടുവാൻ പാടുണ്ടോ?
ഒരുദിനം കൂടി
കടന്നുപോകെ,
മിണ്ടാതെ നിൽക്കുക
നിങ്ങളും ഞാനും.
എങ്കിലും ഒന്നോർക്കാം
ഇതിന്നിൻ്റെ മുഖം
നാളെയിതിൽ
എൻ്റെയോ നിൻ്റെയോ
മുഖമാകാം.
Name : Saranya T Pillai
Company Name : Polus Software Pvt. Ltd.
You need to login in order to like this post: click here
Leave a Reply