ഒരിക്കൽ കൂടി ….!!

posted in: Poem - Malayalam | 0

നിന്റെ വിയർപ്പുതുള്ളികളിലൂടരിച്ചിറങ്ങിയ പ്രണയം നുകർ-
ന്നൊരു രാത്രി കൂടി എനിക്കീ മാറിൽ മയങ്ങണം.
ഒരു നേർത്ത നിശ്വാസത്തിന്റെ ഗന്ധമായെന്റെ
പിന്കഴുത്തിലൂടിഴുകി ചേരണം നീ ….!

ആത്മാവ് മുറ്റിക്കിടക്കുന്ന തനുവിലോരോ-
അണുവും രോമകൂപങ്ങളാൽ നൃത്തമാടണം
പരസ്പരം നാം നുണഞ്ഞു തീർത്ത ചഷകങ്ങളിലെല്ലാം
ഇനിയും ബാക്കി വച്ച മധുരിക്കുന്ന വീഞ്ഞിന്റെ ഗന്ധം നിറയണം .

ഒരു വാക്കു പോലും പെയ്തു തോരാതെ ഉരുകി-
യൊലിച്ചു പോയൊരാത്മാവിന്റെ സ്പന്ദനമാകണം…
ഇണചേർന്ന് കൊതിതീരാത്ത നാഗമായ്
ഇരുളിലൂടിഴഞ്ഞു നിന്നെ തേടണം

ഓരോ നിലാവിലും നിന്റെയോർമകളെന്നെ
ആപാദചൂഡം തരളിതയാക്കണം ….
വിലക്കപ്പെടാത്ത കനികളുടെ മധുരം നുണഞ്ഞിനിയും
രണ്ടു പൂമ്പാറ്റകളായി പാറിപ്പറക്കണം .

നിന്റെ നിമിഷാർദ്ധങ്ങൾ കടം കൊണ്ട് വീണ്ടുമെന്റെ
ശയ്യയിൽ നനവ് തീർക്കണം….,ഞാൻ പൂക്കണം
നിന്റെ നഗ്നതയെ പുണർന്നെന്റെ നാഭിയിൽ
വിരിയുന്നൊരായുസ്സിന്റെ ഭ്രൂണം പേറണം

തിരികെ വരാൻ കൊതിക്കാതെ ,പിണങ്ങി പിരിയുവാൻ
കഴിയാതെ , ഇണങ്ങി ചേർന്നുറങ്ങണം …പിന്നെ
വീണ്ടുമൊരുഷസ്സിൽ നിന്റെ പ്രാണന്റെ പകുതിയായി പുനർജനിക്കണം ,
പെയ്യാൻ മറന്ന മോഹങ്ങൾക്ക് ചിറകേകണം

Name – BISMITHA B

Company name – Sequoia Applied Technologies, Periyar, Technopark   

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *