കരഞ്ഞു കൊണ്ട് ചിരിച്ച പെൺകുട്ടി

posted in: Short Story - Malayalam | 1

അവിചാരിതമായാണ് സുജ അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. IT കമ്പനിയിൽ ജോലിക്കിടെ ആണ് അവളെ അയാൾ കാണുന്നത്. തുടക്കക്കാർക്കുള്ള പരിശീലനവും, ജോലിക്കിടയിലെ അറിവുകൾ പങ്കു വെക്കലുമൊക്കെയായി തീർത്തും ഔദ്യോഗികമായിരുന്നു ആ ബന്ധം. പിന്നീട് കൂട്ടുകാരുമൊന്നിച്ചു ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ പോകുമ്പോൾ പല ചർച്ചകളും നടക്കുമ്പോൾ നിഷ്കളങ്കമായി ഉത്തരം പറഞ്ഞ് പരിഹാസം ഏറ്റു വാങ്ങുമ്പോൾ അയാൾക്ക് അവളോട് സഹതാപം തോന്നി. അത്തരം അവസ്ഥ കടന്നു വന്നയാളെന്ന നിലയിൽ അവളെ ഉപദേശിക്കാനും കുറച്ചൊക്കെ തരികിടകൾ പഠിപ്പിക്കാനും അയാൾ തീരുമാനിച്ചു.

സുജ നിഷ്കളങ്ക ആയിരുന്നെങ്കിലും ഒരു പരിധി വിട്ടു ആരോടും വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നതോ മറ്റുള്ളവരോട് അത് ചോദിക്കുന്നതോ അയാൾ കണ്ടിരുന്നില്ല. അതും അവളോടുള്ള ബഹുമാനം വർധിപ്പിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല. മറ്റൊരു വൻ നഗരത്തിൽ നിന്നാണ് അവൾ ഇങ്ങോട്ട് വന്നത്, എന്തിനായിരിക്കും അത് എന്നയാൾ ആലോചിക്കാതെ ഇരുന്നില്ല. എങ്കിലും പരസ്പര ബഹുമാനം നിലനിർത്തിയുള്ള ഒരൽപ്പം അകലം വിട്ടുള്ള ഔദ്യോഗികമെന്നു തീർത്തും പറയാൻ വയ്യാത്ത എന്നാൽ വ്യക്തിപരമെന്നും പറയാൻ വയ്യാത്ത ബന്ധമെന്ന അവസ്ഥ ആയിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത് എന്നതിനാൽ അയാളത് ചികയാൻ പോയില്ല.

എന്നാലും പോകെപ്പോകെ അവളെ കൂടുതൽ ശ്രദ്ധിക്കുന്ന, സഹായിക്കുന്ന ഒരു ഏട്ടനെപ്പോലെ ആയി അയാൾ. ഒരു ദിവസം സുജ അയാളോട് ചോദിച്ചു “എല്ലാരും എന്നോട് എന്താണ് ഇത് വരെ വിവാഹം കഴിക്കാഞ്ഞതെന്നും, എന്തിനാണ് ഇങ്ങോട്ട് മാറ്റം വാങ്ങി വന്നതെന്നും ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇത്രയും നാളായിട്ടും എന്നോട് കുറെ അടുപ്പം ഉണ്ടായിട്ടും വിജയ് എന്തേ അത് ചോദിക്കാഞ്ഞത്?”

വിജയ് പുഞ്ചിരിയോടു കൂടി പറഞ്ഞു ” എനിക്കും ചോദിക്കണം എന്നുണ്ടായിരുന്നു. പിന്നെ അതൊരു അനാവശ്യ ചോദ്യം ആയെങ്കിലോ എന്ന് കരുതിയും, സ്വയം പറയുന്നെങ്കിൽ പറയട്ടെ എന്നു കരുതിയും മിണ്ടാതിരുന്നതാണ്!”

ഇരുവരും ഒന്ന് പൊട്ടിച്ചിരിച്ചു. തുടർന്നു സുജ വീട്ടുകാരുടെ കല്യാണലോചന നിർബന്ധം മൂലമാണ് നാട്ടിൽ വന്നതെന്ന് പറഞ്ഞു. ബാംഗ്ലൂർ എന്ന് കേൾക്കുമ്പോൾ അവളുടെ നാട്ടിൻപുറത്തു വരുന്ന ആലോചനകൾ നടക്കുന്നില്ല എന്ന്! എന്നാൽപ്പിന്നെ ബാംഗ്ലൂരിൽ നിന്ന് തന്നെ നല്ല ഒരു ചെക്കനെ വളക്കാരുന്നില്ലേ എന്ന ചോദ്യത്തിൽ അവളുടെ പുഞ്ചിരി മാഞ്ഞത് വിജയിൽ സംശയമുളവാക്കി. തിരക്കുണ്ടെന്നു പറഞ്ഞ് സുജ പെട്ടെന്ന് പോവുകയും ചെയ്തു.

രണ്ട് ദിവസത്തെ ലീവിന് പോകുമ്പോൾ അത് കഴിഞ്ഞുള്ള ദിവസത്തെ, സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് ഒരുമിച്ചു പോകാൻ തീരുമാനിച്ചിരുന്നത് അനുസരിച്ചു അവർ രാവിലെ തന്നെ സ്റ്റേഷനിൽ എത്തി. അവിടെ വന്നപ്പോഴാണ് അറിയുന്നത് ട്രെയിൻ താമസിക്കുന്നു എന്ന്. ആദ്യം ഒരു മണിക്കൂർ, പിന്നെ ഒന്നര, പിന്നെ രണ്ട്. ഇനി പോയാൽ സമയത്തു എത്തുകയില്ല എന്ന് ഉറപ്പായതോടെ ഇനിയെന്ത് ചെയ്യും എന്നായി ചിന്ത! സ്റ്റേഷനിലെ ഭക്ഷണശാലയിൽ നിന്ന് പ്രാതൽ കഴിക്കവേ സുജയോട് വിജയ് ചോദിച്ചു “എന്തേ അന്ന് എന്നോട് ഇങ്ങോട്ട് മാറി വന്ന കാര്യമൊക്കെ പറയാൻ തോന്നി?”

“വിജയ് ‘അനീഷ’യുടെ സുഹൃത്ത് ആണല്ലേ? ” എന്നായിരുന്നു സുജയുടെ മറുപടി.
“അതെ. ഞാനും ഫേസ്ബുക്കിൽ കണ്ടിരുന്നു, അനീഷയുടെ mutual friend ലിസ്റ്റിൽ സുജയെ!”. അയാൾ പറഞ്ഞു.

“അനീഷ എന്റെ സീനിയർ ആയിരുന്നു. ഒരുപാട് സഹായിച്ചിട്ടുമുണ്ട്. മുൻപൊരിക്കൽ വിജയ്നെക്കുറിച്ച് അനീഷ പറഞ്ഞിട്ടുമുണ്ട്. പക്ഷെ ഇപ്പോൾ ഞാനിങ്ങോട്ട് വന്നത് അനീഷക്ക് അറിയില്ല.” സുജ പറഞ്ഞു.

“അപ്പോൾ ഞാനൊരു അപരിചിതൻ ആയിരുന്നില്ല അല്ലേ, അതാണ്‌ എന്നോട് കൂടാനുള്ള കാരണം” – വിജയ് പറഞ്ഞു.

“ഏയ്, അതൊന്നുമല്ല. ഞാൻ ഇവിടെ വരുമ്പോൾ ഉള്ള മാനസികാവസ്ഥ എന്തായിരുന്നു എന്നറിയാമോ! ഒരു ബന്ധം തകർന്ന അവസ്ഥയിൽ ആണ് ഞാൻ ഇങ്ങോട്ട് വന്നത്. പക്ഷെ സ്ഥിരം കോർപറേറ്റ് ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി എന്നേ എപ്പോഴും ശ്രദ്ധിച്ചു ഒരു കൂടപ്പിറപ്പിന്റെ സ്നേഹം പകർന്നത് വിജയ് മാത്രമായിരുന്നു. ഈയടുത്തു facebook നോക്കിയപ്പോൾ ആണ് അനീഷ പൊതുസുഹൃത്ത് ആണെന്ന് കണ്ടത്. അപ്പോൾ എനിക്ക് സന്തോഷമായി” – സുജ പറഞ്ഞു നിർത്തി.

തുടർന്നവർ നഗരം കാണാൻ ഇറങ്ങി. ഒരുപാട് സംസാരിക്കുന്നതിനിടെ സുജ പറഞ്ഞു എന്നോട് അജയ് ചോദിച്ചു “വിജയ് ചേട്ടനുമായി എന്താ ഇത്രയും കൂട്ട്” എന്ന്.

“എന്നിട്ട് എന്ത് മറുപടി കൊടുത്തു?”

“ഞങ്ങൾ നല്ല കൂട്ടാണ് അത്രേയുള്ളൂ എന്ന് പറഞ്ഞു. അത്കൊണ്ടാണ് ഇടയ്ക്കു ഞാനൊരകലം പാലിക്കാൻ ശ്രമിച്ചത് കേട്ടോ” അവൾ പറഞ്ഞു നിർത്തി.

“അത് എനിക്കും തോന്നി. പക്ഷെ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു കേട്ടോ അങ്ങിനെ മാറിയപ്പോൾ” – വിജയ്

അവരിരുവരും അവരായി തന്നെ ജീവിക്കാൻ തീരുമാനിച്ച് അന്ന് പിരിഞ്ഞു. വീട്ടിലെത്തിയ ഉടൻ അനീഷയെ വിളിച്ചു കഥകൾ പറഞ്ഞപ്പോൾ അവളാണ് പറഞ്ഞത് സുജയുടെ വിവാഹം ഏതാണ്ട് നിശ്ചയിച്ചു ഉറപ്പിച്ചിരുന്നതാണ്. കോളേജിൽ സീനിയർ ആയ ഒരു പയ്യനായിരുന്നു ആള്. പക്ഷെ നിശ്ചയം അടുക്കുമ്പോഴേക്കും കുടുംബ പ്രാരാബ്ധം പറഞ്ഞു കക്ഷി ജോലിയാവശ്യത്തിന് സ്ഥലം വിട്ടു എന്ന്. അത് സുജയെ വളരെ ബാധിച്ചിരുന്നത്രെ. ഭാഗ്യത്തിന് പരീക്ഷ കഴിഞ്ഞപ്പോഴേക്കും ബാംഗ്ലൂർ നഗരത്തിൽ ജോലി കിട്ടി. അവളുടെ അവസ്ഥയിൽ മാറ്റം വരാൻ വേണ്ടിയാവണം വീട്ടുകാരും സമ്മതിച്ചു. വിജയ് നെടുവീർപ്പോടെയാണ് ഫോൺ താഴെ വെച്ചത്.

അതിനിടയിൽ സതീഷ് എന്ന ഓഫീസിലെ സഹപ്രവർത്തകനാണ് നേരം വൈകുന്ന ദിവസങ്ങളിൽ സുജയെ കൊണ്ടാക്കാറ് എന്നു വിജയ് ശ്രദ്ധിച്ചിരുന്നു. സതീഷ് പ്രായം കൊണ്ട് സുജക്ക് ചേരുകയും ചെയ്യും. സുജയോട് ഒരുദിവസം ഇത് ചോദിച്ചപ്പോൾ “അതൊന്നും ശരിയാവില്ല, ഞങ്ങൾ വേറെ വേറെ ജാതിക്കാർ ആണ്” എന്നായിരുന്നു മറുപടി. അതിലൊക്കെ എന്തിരിക്കുന്നു എന്ന് ചോദിച്ചെങ്കിലും സുജ ഒഴിഞ്ഞു മാറി.

സുജയുടെ ഉച്ചഭക്ഷണവും ചിലപ്പോഴൊക്കെ പ്രാതലും വിജയ് കൊണ്ട് വരുമായിരുന്നു. ഒരു വയറ്റിൽ പിറക്കാതെ പോയ സഹോദരങ്ങൾ ആണ് അവരെന്നു സുഹൃത്തുക്കൾ പറഞ്ഞു. ആയിടക്ക് വീട്ടിലേക്ക് പോകാനായി ഒരു ദിവസം കൂടുതൽ ലീവ് എടുത്തു സുജ പോയി. ആ വാരാന്ത്യത്തിൽ ഒരു ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് ചെന്നെയിൽ എത്തിയിരുന്ന വിജയ് അപ്രതീക്ഷിതമായി നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വെച്ചു മിന്നായം പോലെ സതീഷിനെയും സുജയെയും കണ്ടു. അവർ വിജയേ ഒട്ടു കണ്ടതുമില്ല. സന്തോഷമായെങ്കിലും എന്തുകൊണ്ട് ഇത് പറഞ്ഞില്ല എന്ന പരിഭവം വിജയ്ക്ക് ഉണ്ടായിരുന്നു. സുജയെ ഫോൺ വിളിച്ചപ്പോൾ ആവട്ടെ അവൾ call കട്ട്‌ ചെയ്ത് കളഞ്ഞു.

ഓഫീസിൽ എത്തി കണ്ടിട്ട് വീട്ടിൽ പോയ വിശേഷങ്ങൾ പറയുമ്പോൾ മുഖം നോക്കാതെയാണ് സുജ സംസാരിച്ചത്. ഒരിക്കൽക്കൂടി സതീഷിന്റെ കാര്യം ചോദിച്ചപ്പോൾ “ദയവായി നിർത്തൂ” എന്ന് സുജ പറയുകയും ചെയ്തു.

തുടർന്നു വിജയ്ക്ക് മറ്റൊരു പ്രൊജക്റ്റ്‌ ലഭിച്ചു കൊച്ചിക്കു മാറേണ്ടി വന്നു. സുജ ജോലി രാജിയും വെച്ചു. വിളികളും വാട്സ്ആപ്പ് സന്ദേശങ്ങളും ഔപചാരികമാവുന്നത് പോലെ വിജയ്ക്ക് തോന്നി. ഇതിനിടയിൽ സുജ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നിരുന്നു. തന്നേക്കാളും കൂടുതൽ താൻ സ്നേഹിക്കുകയും ശ്രദ്ധ നൽകുകയും ചെയ്ത സുഹൃത്ത് പെട്ടെന്ന് ഇങ്ങിനെ ആയതെന്താണ് എന്ന് വിജയ് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഒടുവിൽ ഒരു വാരാന്ത്യത്തിൽ സുജ കാണണം എന്ന് പറഞ്ഞു. ആ ആഴ്ച മൺറോതുരുത്തിൽ പോകാനുള്ള പദ്ധതി ഉണ്ടെന്നു പറഞ്ഞപ്പോൾ സുജയും ചേരട്ടെ എന്ന് ചോദിച്ചു. തുടർന്നു സന്തോഷകരമായ ആ യാത്ര പൂർത്തിയായി. എങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ ചിത്രങ്ങളിൽ അവർ ഒരുമിച്ചുള്ളതൊന്നും സാമൂഹ്യമാധ്യമങ്ങളിൽ ഇടരുത് എന്നും തീരുമാനിച്ചിരുന്നു. ഇടക്കിടക്ക് സുജ വിജയുടെ വീട്ടിൽ വരുന്നത് കൊണ്ട് തന്നെ വിജയുടെ ആന്റി (വാടക വീട്ടുടമ) സുജയോട് സംസാരിക്കാറും വിളിക്കാറുമൊക്കെ ഉണ്ടായിരുന്നു. ഇത്തവണയും സതീഷ് വിഷയം എടുത്തിട്ടപ്പോൾ സുജ ഒഴിഞ്ഞു മാറി.

അടുത്ത രണ്ടാഴ്ച വിജയ്ക്ക് പൂനെയിൽ ആയിരുന്നു ജോലി. നല്ല തിരക്കായതിനാൽ തന്നെ സുജയുടെ വാട്സ്ആപ്പ് മെസ്സേജിനൊന്നും സമയത്തു മറുപടി നൽകാനും കഴിഞ്ഞില്ല. എങ്കിലും എപ്പോഴാണ് തിരിച്ചെത്തുക എന്ന ചോദ്യത്തിൽ അവൾക്ക് കാര്യമായി എന്തോ ഒന്ന് പറയാനുണ്ടെന്നു വിജയ്ക്ക് മനസ്സിലായിരുന്നു. അനീഷ രാജിയുടെ കല്യാണം എന്തായി എന്ന് മെസ്സേജ് അയച്ചത് കണ്ടപ്പോൾ എന്തോ ചിലത് നടന്നിട്ടുണ്ട് എന്ന് വിജയ്ക്ക് തോന്നി.

ഇതിനിടയിൽ സതീഷ് 2 മാസത്തെ വിദേശവാസം കഴിഞ്ഞു തിരിച്ചെത്തുന്നു എന്ന് കേട്ടിരുന്നു. പൂനെയിൽ നിന്ന് തിരിച്ചെത്തി പെട്ടെന്ന് ഓഫീസിലെത്തിയ വിജയ്ക്ക് സുജ അന്ന് ലീവ് ആണെന്നറിഞ്ഞു നിരാശ ആയി. അന്നു വൈകീട്ടാണ് സതീഷിന്റെ കല്യാണം അടുത്ത ആഴ്ച ഉണ്ടാവും എന്ന് കേട്ടത്. പിറ്റേ ദിവസം സുജ വിജയ് വന്നതും കാണണം എന്ന മെസ്സേജ് അയച്ചിരുന്നത് കൊണ്ട് അവൾ ജോലി ചെയ്യുന്ന കെട്ടിടത്തിലെ കാന്റീൻ ലക്ഷ്യമാക്കി നടന്നു. സുജ അവിടെ ഉണ്ടായിരുന്നു, കല്യാണം ഉറപ്പിച്ചു എന്ന് പറയുമ്പോൾ നവവധുവിന്റെ നാണവും പരിഭ്രമവും അവളിൽ പ്രകടമായിരുന്നു. ആരാണ് എന്ന ചോദ്യത്തിന് വിജയ്ക്ക് അറിയാം എന്ന് മറുപടി. സതീഷ് എന്ന് ചോദിച്ചപ്പോൾ അതെ എന്ന് തലയാട്ടി.
“ഇത് ഞാൻ മുന്നേ പറഞ്ഞതല്ലേ…” എന്ന് പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ” പ്ലീസ്, ഞാനൊന്നു ശ്വാസം വിട്ടോട്ടെ, ഇപ്പോ സമാധാനം ആയി, എനിക്കിപ്പോൾ ഒരു മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം” എന്ന് പറഞ്ഞു സുജ പോയി.

ഓഫീസിൽ എത്തിയപ്പോൾ അവർക്കെല്ലാം ഈ വിവരം നേരത്തെ അറിയാമായിരുന്നു എന്നും സതീഷ് രണ്ട് മാസം സ്ഥലത്തു ഇല്ലാത്തതിനാൽ ആണ് കല്യാണം നീണ്ടതെന്നും, നാല് മാസം മുൻപേ വീട്ടിൽ ചെന്ന് സസംസാരിച്ചിരുന്നെന്നും ബോധ്യമായി. വീട്ടിൽ എത്തിയപ്പോൾ ആന്റിയും സുജയുടെ കല്യാണത്തെക്കുറിച്ച് ചോദിക്കുന്നു, അവസാനം വന്നപ്പോൾ സുജ അത് പറഞ്ഞിരുന്നു പോലും!

എന്ന് വെച്ചാൽ അത് ഏറ്റവും അവസാനം അറിഞ്ഞ ആളാണ്‌ താൻ! വിജയ്ക്ക് സങ്കടവും ദേഷ്യവും അടക്കാനായില്ല. ഇനി സുജയോട് മിണ്ടില്ല എന്ന് തീരുമാനിച്ചു. അതിനൊത്ത പോലെ കല്യാണം വിളിക്കാൻ വേണ്ടി കാണാൻ ശ്രമിച്ചപ്പോൾ ഒന്നും പിടി കൊടുത്തില്ല, കല്യാണത്തിന്റെ അന്ന് client മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു നഗരം വിടുകയും ചെയ്തു. വിവാഹം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ സതീഷ് വിദേശത്തേക്ക് പോയി. പിന്നെ അവർ കണ്ടിട്ടില്ല. വാട്സ്ആപ്പ് മെസ്സേജ് പോലും ഇല്ലാതായി. പെട്ടെന്നൊരു നാൾ ആരോ പറഞ്ഞു സുജ മെഡിക്കൽ ലീവിന് പോയെന്ന്. വല്ല ഗർഭകാല പ്രശ്നങ്ങൾ കൊണ്ടാകും എന്ന് കരുതി വിജയ് കൂടുതൽ അന്വേഷിച്ചില്ല. പിന്നെയും ആറ് മാസം കഴിഞ്ഞപ്പോൾ സതീഷിന്റെ DP യിൽ സുജ ആശുപത്രിയിൽ കിടക്കുന്ന പടം ഒരു മിനിറ്റ് നേരത്തെക്ക് കണ്ടിരുന്നു എന്ന് അനു എന്ന വിജയുടെ സുഹൃത്ത് അറിയിച്ചു. അതേക്കുറിച്ചു എന്തെങ്കിലും വിജയ്ക്ക് അറിയുമോ എന്നായിരുന്നു അനുവിന് അറിയേണ്ടത്. വിജയ് സ്വയം പുച്ഛിച്ചു! എങ്ങനേ കൂട്ടായി കഴിഞ്ഞിരുന്നവരാണ്… ഞാൻ അങ്ങോട്ട് മെസ്സേജ് ഇട്ടില്ലെങ്കിൽ സുജക്കെങ്കിലും ഇങ്ങോട്ട് അയക്കാമല്ലോ…

അനുവിനെ പറഞ്ഞയച്ചു പഴയ ഫോട്ടോകൾ ലാപ്ടോപിൽ തിരയവേ പഴയ ഒരുപാട് കാര്യങ്ങൾ അയാൾ ഓർത്തു. ഓരോ ഫോട്ടോയിലും ഒരു കഥയുണ്ട്! അത് നോക്കിയിരിക്കവേയാണ് ഒരു prescription വിജയുടെ കണ്ണിൽ പെട്ടത്. സുജയുടെ IT ഡിക്ലറേഷനിൽ ഓഫീസിൽ കൊടുക്കാനായി scan ചെയ്ത ഒന്ന്. എന്തോ തൊലിപ്പുറത്തു ചൊറിയുന്നു എന്നൊക്കെ പറഞ്ഞു ഡോക്ടറെ കണ്ടിരുന്നത് വിജയ് ഓർത്തു. പക്ഷേ ഇത് മറ്റൊന്നാണ്, ബിൽ തുകയും കൂടുതൽ… വിജയ് പരിഭ്രമിച്ചു. സുജയുടെ കമ്പനിയിൽ തന്റെ കസിൻ കൂടിയുള്ളത് വിജയ് ഓർത്തു, അവളെ വിളിച്ചപ്പോഴും മെഡിക്കൽ ലീവ് എടുത്തു വിദേശത്തു പോയി എന്നേ അറിഞ്ഞുള്ളൂ. പിന്നീട് അന്വേഷിക്കാം എന്ന് കരുതി ജോലിത്തിരക്കിൽ വിജയ് മുഴുകി.

രാത്രി കുടുംബവുമൊത്തുള്ള ഒരാഴ്ചത്തെ യാത്രക്ക് bag pack ചെയ്യുമ്പോൾ സുജക്ക് മെസ്സേജ് അയക്കണോ എന്ന് ഒന്ന് ആലോചിച്ചു. നോക്കിയപ്പോൾ സുജ online ആണ് താനും. ബന്ധങ്ങളെ കുറിച്ചുള്ള ഒരു ഇംഗ്ളീഷ് quote DP ആക്കി വിജയ് പാക്കിങ് തുടർന്നു. പണ്ടൊക്കെ പിണങ്ങുമ്പോൾ അതാണ്‌ പതിവ്, ഉടൻ പ്രതികരിച്ചു പരിഹരിക്കും. ഇപ്പോൾ കുറെ ആയി സംസാരിക്കാത്തത് കൊണ്ടാവണം ഒന്നും സംഭവിച്ചില്ല.

തന്നെപ്പോലെ സുജയെ സ്നേഹിച്ചിരുന്ന അഞ്ജനയും ഇപ്പോൾ സുജയോട് പിണക്കത്തിലാണ്. അവളോടും തന്നോടുമാണ് വിവാഹക്കാര്യം സുജ അവസാനം പറഞ്ഞത്. അത്ര വിലയേ ഉള്ളൂ എങ്കിൽ ഇനി കാണണ്ട എന്നാണ് അഞ്ജനയും പറഞ്ഞത്.

അടുത്ത ദിവസം വിജയും കുടുംബവും യാത്ര തുടങ്ങി. ഡൽഹിയിൽ ആദ്യദിനം എത്തിയപ്പോൾ തന്നെ താമസിച്ചതിനാൽ അടുത്ത ദിവസം തിരക്കിട്ട പരിപാടികൾ ആയിരുന്നു. രാത്രി കിടന്നപ്പോൾ എന്തോ സുജയെ ഓർത്തു. പങ്കിട്ട സൗഹൃദ നിമിഷങ്ങളെയും ഓർത്തു. “എന്തുപറ്റി” എന്ന മായയുടെ(ഭാര്യ) ചോദ്യത്തിന് സുജയെ ഓർത്തു എന്ന് മറുപടി നൽകി. മായ പോസ്റ്റ്‌ ഡോക്ടറേറ്റ് ചെയ്യുകയാണ് മുംബൈയിൽ, എന്നാലും നാട്ടിൽ വരുമ്പോൾ സുജയെ കണ്ടിട്ടുണ്ട്. വിജയുമായി പിണങ്ങുമ്പോൾ സുജ മായയെ വിളിച്ചാണ് പ്രശ്നം പരിഹരിക്കാറ്!

“എന്തൊരു വിധിയാണ് ആ കുട്ടിയുടെ!” എന്ന വാചകം വിജയേ ഞെട്ടിച്ചു! “എന്താ പറഞ്ഞത്?, സുജക്ക് എന്താണ്” വിജയ് ചോദിച്ചു.

“അത്… അത് വിജയേട്ടന് അറിയില്ലേ” അമ്പരപ്പ് കലർന്ന മറുചോദ്യം!

താനെന്തോ മനസ്സിലാക്കാൻ വിട്ടുപോയിരുന്നു എന്ന് വിജയ്ക്ക് ഉറപ്പായി.

“ഞാൻ… ഞങ്ങൾ സംസാരിച്ചിട്ട് ഇപ്പോൾ ആറ് മാസമെങ്കിലും ആയിക്കാണും”…

“എന്റെ ദൈവമേ! അവൾ ഇത് എന്നോട് പറഞ്ഞേ ഇല്ലല്ലോ” എന്ന് മായ!

“മായേ, അപ്പോൾ അവൾ നിന്നോട് സംസാരിക്കാറുണ്ടായിരുന്നോ?”

“ഉവ്വ്. പക്ഷേ വാട്സ്ആപ്പ് മെസ്സേജ് വഴി മാത്രം”

“ശരി. സുജക്ക് എന്താണ് അസുഖം, എന്താണ് നീ വിധിയെ പഴിച്ചത്?”

“സുജക്ക് കാൻസർ ആണ് വിജയേട്ടാ. സ്തനാർബുദം. രണ്ടാഴ്ച മുൻപ് ഒരു ഓപ്പറേഷൻ ഉണ്ടെന്ന് അവൾ പറഞ്ഞിരുന്നു. പിന്നെ സംസാരിച്ചിട്ടില്ല”

“എന്റെ ദൈവമേ! ഞാൻ… ഞാൻ എന്തൊരു സ്വാർത്ഥനാണ്, ക്രൂരനാണ്… അവൾക്ക് നമ്മളെയൊക്കെ ആവശ്യമുള്ള സമയത്തു കൂടെയില്ല എന്ന് മാത്രവുമല്ല വേദനിപ്പിക്കുകയും ചെയ്തു…”

“പോട്ടെ, സാരമില്ല. നാളെ അവളെ വിളിക്കാം ഏട്ടാ, വിഷമിക്കണ്ട…”

“അതെ. നാളെ വിളിക്കാം”

ഉറങ്ങുമ്പോൾ ഒരിക്കൽ അവൾ പറഞ്ഞത് വിജയ് ഓർത്തു. ഒരു പെണ്ണുകാണലിന്റെ പിറ്റേന്ന് നന്നായി ചിരിച്ചു കണ്ട സുജയോട് “പയ്യനെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ ആണല്ലോ” എന്ന് ചോദിച്ചപ്പോൾ ” ഞാൻ ഉള്ളിൽ കരയുമ്പോഴും ഇങ്ങിനെ ചിരിക്കാറുണ്ട്” എന്ന്…

അതിരാവിലെ അമേരിക്കയിൽ നിന്ന് പഴയ സഹപ്രവർത്തക നിധിയുടെ ഫോൺ വന്നപ്പോൾ ആണ് വിജയ് എഴുന്നേറ്റത്. എന്താണാവോ വിശേഷം എന്ന് കരുതുകയും ചെയ്തു. Call എടുത്തയുടൻ നിധിയുടെ പരിഭ്രമിച്ച ശബ്ദം കേൾക്കാമായിരുന്നു “ചേട്ടാ, സുജക്ക് എന്തെങ്കിലും പറ്റിയോ?” ഉള്ളിലൂടെ ഒരാന്തൽ പോകുന്നത് വിജയ് അറിഞ്ഞു.

“ഇല്ല, ഞാനൊന്നും കേട്ടില്ല, എന്തേ?”

നിധിയുടെ ഭർത്താവിന്റെ അകന്ന ബന്ധുവാണ് സതീഷ് എന്നത് വിജയ്ക്ക് അറിയാമായിരുന്നു.

“നാട്ടിൽ ഫാമിലി ഗ്രൂപ്പിൽ ഉറപ്പില്ലാത്ത ഒരു വാർത്ത ആരോ ഇട്ടിട്ടുണ്ട്, അതാണ്‌”.

“ഞാൻ അന്വേഷിക്കട്ടെ, പറയാം”

തുടർന്ന് അയാൾ തന്റെ കസിനെ വിളിച്ചു. വാർത്ത ഓഫീസിൽ HR വിഭാഗത്തിൽ വിളിച്ചിട്ട് പറയാം എന്ന് പറഞ്ഞു. 5 മിനുട്ടിൽ ഹൃദയം നുറുങ്ങുന്ന ആ വാർത്ത എത്തി.

ക്യാൻസറിനോടുള്ള യുദ്ധത്തിൽ പരാജയപ്പെട്ടു സുജ മടങ്ങി! യാത്രക്കിടയിൽ ആയതു കൊണ്ട് ഒരു നോക്കു കാണാനും വയ്യ. അടുത്ത നാൾ നാട്ടിലെത്തിച്ചു സുജയെ എല്ലാ വേദനകളിൽ നിന്നും മോചിതയാക്കി.

വാട്സ്ആപ്പ് മെസ്സേജിൽ സതീഷിന് അനുശോചനം അറിയിച്ചിരുന്നു. അവൻ തിരിച്ചു ഒരു മെസ്സേജ് ഇട്ടിരിക്കുന്നു. “Please Check your Inbox!”
Inbox തുറന്ന എനിക്ക് സുജയുടെ ഒരു mail. തന്റെ അസുഖത്തെക്കുറിച്ചു വിജയ് അറിഞ്ഞാൽ വിഷമിക്കും എന്ന് കരുതിയാണ് പറയാതിരുന്നത്. എന്നും എപ്പോഴും തന്റെ സന്തോഷം കാണാൻ മാത്രം ആഗ്രഹിച്ച വിജയ്ക്ക് താൻ വിഷമിക്കുന്നത് കാണാൻ കഴിയില്ല എന്ന് കരുതിയാണ് പറയാതിരുന്നത്. സതീഷ് അസുഖം അറിഞ്ഞു തന്നെയാണ് കല്യാണം കഴിച്ചത്. മിണ്ടാതിരുന്നിട്ടും തിരിച്ചു വിളിക്കാഞ്ഞത് ഇതൊക്കെ പറയേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ്. മനോഹരമായ ഒരുപാട് ഓർമ്മകൾക്കും, സ്നേഹത്തിനും നന്ദി. ദയവായി ഈ പെങ്ങളോട് പൊറുക്കൂ… ഇതൊക്കെ ആയിരുന്നു ഉള്ളടക്കം.

അവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു വിജയ്. എന്നോടും ഒന്നും പറയരുത് എന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാൻ പറയാഞ്ഞത് എന്ന് സതീഷ് മെസ്സേജ് അയച്ചിരിക്കുന്നു. എന്നും സസ്‌പെൻസും, സർപ്രൈസും ആയി സമ്മാനങ്ങൾ കൊടുക്കാറുണ്ടായിരുന്ന അവൾ അയാൾക്ക് കൊടുത്ത സർപ്രൈസ്.

കസിനെ വിളിച്ചപ്പോൾ അവൾ പറഞ്ഞു ഇങ്ങിനെ അസുഖത്തിന് പോയി എന്ന് പറയരുത് എന്ന് പ്രത്യേകിച്ച് പറഞ്ഞിരുന്നത്രെ സുജ.

എത്ര സഹിച്ചു കാണും! എത്ര വിഷമിച്ചു കാണും! ഒരു തെറ്റ് തിരുത്താനോ, മാപ്പ് പറയാനോ പോലും അവസരം നൽകാതെ പോയല്ലോ എന്റെ “കരഞ്ഞുകൊണ്ട് ചിരിക്കുന്ന പെങ്ങളുട്ടി”…

മാപ്പ്, എല്ലാത്തിനും…
പ്രണാമം! സദ്ഗതി!

Name : Vinod Narayanan
Company : Zafin Software Centre of Excellence PVT Ltd.

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *