സിംപോസിയം കഴിഞ്ഞു എല്ലാവരും പാത്രങ്ങളുമായി വിവിധതരം ആഹാരസാധനങ്ങൾ നിരത്തി വച്ചിരിക്കുന്നതിനുമുന്നിൽ വരിയായിനിന്നു.
വരിയിൽ ആദ്യമായിരുന്ന രേഷ്മയും സൂസനും സാറയും നിലത്തിഴയുന്ന സാരിത്തുമ്പ് ഒരുകൈയിലും നിറഞ്ഞ പാത്രം മറുകൈയിൽ ബാലൻസ്ചെയ്തു നിർത്തിയും മുറിയുടെ ഒഴിഞ്ഞകോണിലേക്ക് നടന്നു.
“എനിക്കിനിയും മനസിലാകുന്നില്ല , എങ്ങനെയാണ് ഒരാൾക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തോന്നുക.” അപ്പം മട്ടൺ സ്റ്റുവിൽ മുക്കികൊണ്ട് സാറ പറഞ്ഞു.
“സത്യം പറയാമല്ലോ”, പല്ലിനിടയിൽ കുടുങ്ങിയ ചിക്കൻഫ്രൈയുടെ ഭാഗം നാവുകൊണ്ട് ഇളക്കി സൂസൻ തുടർന്നു, “എന്റെ ഏറ്റവും വലിയ പേടി പ്രതീക്ഷിക്കാത്ത നേരത്തു ഞാനങ്ങു മരിച്ചുപോകുമോ എന്നാണ്. അപ്പോഴാണ് ചിലർ കരുതിക്കൂട്ടി മരിക്കുന്നത്”
“ഡോക്ടർ പറഞ്ഞതു കേട്ടില്ലേ സൂസൻ, ഇതുമിക്കപ്പോഴും ഒരുനിമിഷത്തിന്റെ തോന്നലാകുമെന്ന്, ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്ന് തോന്നുന്ന നിമിഷത്തിൽ ചെയുന്നത് . ചുരുക്കം ചിലർമാത്രമേ വെൽ പ്ലാൻഡ് ആയിട്ടു ആത്മഹത്യ ചെയ്യുന്നുള്ളു.” ഫ്രൈഡ്റൈസിലെ ഗ്രീൻപീസുകൾ പാത്രത്തിന്റെ ഒരുമൂലയിലേക്ക് പെറുക്കിമാറ്റുന്നതിനിടയിൽ രേഷ്മ പറഞ്ഞു.
“മീൻകറിക്ക് തീരെ എരിവില്ല. ഉപ്പും കുറവാണ്, അല്ലേ?”, അഭിപ്രായത്തിനായി പാത്രത്തിൽ നിന്നും തലയുയർത്തി രേഷ്മ ഇരുവരുടേയും മുഖത്തുനോക്കി.
ആത്മഹത്യയുടെ സങ്കീർണ്ണവശങ്ങളെപ്പറ്റി ചിന്തിച്ചിരിക്കുന്ന മട്ടിൽ ഇരുവരും ചോദ്യം അവഗണിച്ചു.
ജാള്യത മറച്ചുകൊണ്ട് രേഷ്മ തുടർന്നു, “ഇതുവരെ നമ്മൾ ചെയ്തതിൽ ഏറ്റവും റെലെവന്റ് ആയ ടോപിക് ആയിരുന്നു ഇന്നത്തേത്. ‘വർദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണത’ എന്നായിരുന്നു ആദ്യത്തെ ടൈറ്റിൽ. ഞാനാണ് പ്രെസിഡന്റിനോട് പറഞ്ഞതു, ‘സ്ത്രീകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണത’ എന്നാക്കാൻ. അപ്പോൾ ഇന്ന് വരുന്നവർക്കിടയിൽ ഇങ്ങനെയുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് റിലേറ്റു ചെയ്യാൻ പറ്റുമല്ലോ.”
“അതുശെരിയാണ്. അല്ല, നമുക്കിടയിൽ അങ്ങനെ ആരെങ്കിലുമുണ്ടാകുമോ . ഇതെങ്ങനെ തിരിച്ചറിയാനാകും” സാറ സംശയിച്ചുകൊണ്ട് ഫ്രൈഡ് റൈസ് നിറക്കാനായി പോയി.
അല്പംദൂരെയായി പാത്രവുമായി ഒറ്റക്കിരുന്ന മദ്ധ്യവയസ്ക കസേരയുമായി ഇവർക്കിടയിലേക്ക് കടന്നു.
“ഹോപ്പ് യു ഡോണ്ട് മൈൻഡ്”, എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് അവർ കസേരയിലിരുന്നു.
അമ്പരന്നുകൊണ്ട് സൂസനും രേഷ്മയും പരസ്പരം നോക്കി. സൂസൻ ഒരല്പം അവജ്ഞയോടെ ആഗതയുടെ വിലകുറഞ്ഞ നെയിൽപോളിഷിലേക്കും അധികമായിതിളങ്ങുന്ന സാരിയിലേക്കും പെട്ടന്ന് കണ്ണോടിച്ചു.
“നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു”, ക്ഷമാപണത്തിന്റെ സ്വരത്തിൽ മദ്ധ്യവയസ്ക പറഞ്ഞു.
ഫ്രൈഡ്റൈസ് നിറച്ച പാത്രവുമായി മടങ്ങിവന്ന സാറ ഇതെന്തുകഥ എന്നമട്ടിൽ മറ്റുള്ളവരെ നോക്കി കസേരയിലിരുന്നു.
തിളങ്ങുന്ന സാരിത്തുമ്പ് ഒതുക്കി മദ്ധ്യവയസ്ക സാറയെനോക്കി പുഞ്ചിരിച്ചുകൊണ്ട് തുടർന്നു, “എന്റെയനുഭവം നിങ്ങൾക്ക് താത്പര്യമുള്ളതാകുമെന്ന് തോന്നി. അതാണ് ഇടിച്ചുകയറി വന്നത്. ഈ സിമ്പോസിയത്തിനെപ്പറ്റിയുള്ള നോട്ടീസ് കണ്ടപ്പോൾ വെറുതെയൊരു കൗതുകത്തിനുവന്നതാണ് . എന്റെ കഥ വിവരിക്കാനുള്ള അവസരമുണ്ടാകുമെന്ന് കരുതിയില്ല.” സമ്മതത്തിന്റെ സൂചനയ്ക്കായി അവർ എതിരേയിരിക്കുന്ന മൂന്നുമുഖത്തേക്കും മാറിമാറി നോക്കി . ഭാവവത്യാസമൊന്നും കാണാത്തതിനാൽ സംസാരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു് അവർ അവിടെനിന്നും പോകാൻതീരുമാനിച്ചു.
“വെജ് ആണോ. ചിക്കൻ ഫ്രൈയും മട്ടൺ സ്റ്റുവും ഒന്നുമെടുത്തില്ലേ?”, ചുണ്ടുകളിൽ ചിരി വരുത്തിച്ചുകൊണ്ട് സൂസൻ ചോദിച്ചു.
“ഇല്ല, മാംസാഹാരത്തിന്റെ മണമെനിക്കിഷ്ടമല്ല”
“എന്താ പറയാൻ തുടങ്ങിയത്. പറഞ്ഞോളൂ”, രേഷ്മ മറ്റുള്ളവരുടെ മുഖത്ത് സംശയത്തോടെ നോക്കിക്കൊണ്ട് മധ്യവയസ്കയോട് പറഞ്ഞു.
“അഞ്ചുവർഷങ്ങൾക്കുമുമ്പ് ഞാനൊരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പലപ്പോഴും ജോലി അധികസമയത്തേക്കു നീളാറുണ്ടായിരുന്നു . ശമ്പളത്തിലെ പൂജ്യങ്ങളുടെ എണ്ണം ഓർത്തിട്ടാകണം ഭർത്താവ് ഒരിക്കലും നീരസം പ്രകടിപ്പിച്ചിട്ടില്ല. മകളുടെ കാര്യങ്ങൾ അമ്മായിയമ്മയും ഭംഗിയായി നോക്കിയിരുന്നു. അന്നത്തെദിവസം ജോലി പതിവിലും നീണ്ടുപോയി. ലാപ്ടോപ്പ് മടക്കി ലിഫിറ്റിറങ്ങി താഴെയെത്തിയപ്പോഴേക്കും സമയം അർദ്ധരാത്രിയോടടുത്തിരുന്നു. കണ്ണെത്താദൂരത്തോളം മഞ്ഞവെളിച്ചം പൊഴിച്ചുനിന്നിരുന്ന വിളക്കുകാലുകൾ അന്നത്തെയാ നിലാവുള്ള രാത്രിക്ക് കൃതൃമത്വമേകി. അതിലൊരു വിളക്കുകാലിനു താഴെയായി തിരിച്ചു പോകാനുള്ള കമ്പനി വാഹനം തയ്യാറായി കിടന്നിരുന്നു.
‘സലാം മാം’, പരിചിതമായ വെളുത്തുഎല്ലുന്തിയ മുഖം ഗ്ലാസ്സ് താഴ്ത്തി തല പുറത്തേക്കിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. ചുണ്ടിനുമുകളിലായി നേർത്തവരയായി നിന്നിരുന്ന രോമങ്ങൾ മുകളിലേക്കു വളഞ്ഞു.
‘ആഹ് വിനു’, ക്ഷീണിച്ച ഒരു ചിരി മടക്കിനൽകി ഞാൻ പുറകിലത്തെ സീറ്റിലേക്കിരുന്നു.
ബാഗിൽ നിന്ന് ഫൊണെടുത്തുനോക്കി, ഫോൺ കമ്പനിക്കാരുടെ മെസ്സേജല്ലാതെ മറ്റൊന്നുമില്ല .
ഇറങ്ങി, എന്ന ഒറ്റവാക്ക് ടൈപ്പ് ചെയ്തു ഭർത്താവിനയച്ചു. ഉത്തരത്തിനായി കാത്തുനിൽക്കാതെ ഫോൺ തിരികെ ബാഗിലേക്കിട്ടു.
വണ്ടിയപ്പോഴേക്കും ഗേറ്റ് കടന്നിരുന്നു.
‘എ/സി ഓഫ് ചെയ്തെക്ക് വിനു. ഗ്ലാസ് താഴ്ത്തിയിടാം. പുറത്തുനല്ല തണുത്ത കാറ്റുണ്ട്.’
‘ശെരി മാം’
വഴിയില്ലെങ്ങുമാരുമില്ല. വീടിന്റെ സുരക്ഷിതത്വത്തിൽ തണുപ്പത് ഫാനിന്റെ കീഴിൽ മൂടിപുതച്ചുറങ്ങുന്നവരോട് എനിക്കസൂയതോന്നി. ജനാലതുറന്നിട്ടു നിലാവെളിച്ചത്തിൽ രമിക്കുന്ന ദമ്പതികളെയോർത്തു ഞാൻ നെടുവീർപ്പിട്ടു. വഴിയോരത്തുകിടക്കുന്ന ഉന്തുവണ്ടികളും നീല ടാർപോളിൻ മൂടി സുഖമായുറങ്ങുന്നു. കൺപോളകൾ അറിയാതെയടഞ്ഞു. പെട്ടന്ന് വിനുവിന്റെ ഫോണിൽ നിന്നുയർന്ന ഒരു പഴയ സിനിമാഗാനം ഉറക്കത്തിന്റെ സുഖംകെടുത്തി.
സ്റ്റീറിങ്ങിൽനിന്ന് ഇടതുകൈയ്യെടുത്തു വിനു കാൾ അറ്റൻഡ് ചെയ്തു.
’20 മിനിറ്റ്’, മറുതലക്കലെ സംസാരം അല്പനേരം കേട്ടിട്ട് ഉത്തരമൊന്നും പറയാതെ വിനു ഫോൺ വച്ചു .
കാറിനകത്തെ കണ്ണാടിയിലൂടെ വിനുവിന്റെ കണ്ണുകൾ എന്റെനേർക്കുനീളുന്നത് ഞാൻകണ്ടു.
ഒരു വിറയൽ ശരീരത്തിലെ രോമങ്ങളെയുണർത്തിക്കൊണ്ട് കടന്നുപോയി. ഒന്നുകൂടി ഫോൺ എടുത്തുനോക്കി. ഭർത്താവിന്റെ ഉത്തരമൊന്നുമില്ല. ഫോൺ കൈയ്യിൽത്തന്നെ മുറുകെപ്പിടിച്ചു. അകാരണമായി ഭയക്കുന്നതാണെങ്കിലോ.
എല്ലാം നിന്റെ തോന്നലാണ്, നിനക്ക് എല്ലാത്തിനെയും സംശയമാണ്, ഇങ്ങനെയെങ്ങനെ ഈ ലോകത്തു ജീവിക്കാനാകും, ഭർത്താവിന്റെ വാക്കുകൾ ഞാനോർത്തു. കണ്ണുകളടച്ചു് ദീർഘമായൊന്നു നിശ്വസിച്ചുകൊണ്ട് ഞാൻ ഫോൺ തിരികെ ബാഗിലേക്കിട്ടു.
കാർ വീട്ടിലേക്കുള്ള ആദ്യത്തെ വളവുകടന്നു. ഇനി കുറച്ചുദൂരം ഇരുവശവും റബ്ബർ മരങ്ങളാണ് . കാറ്റു റബ്ബർകറയുടെ ഗന്ധവുംപേറി കാറിലാകെ കറങ്ങിനടന്നു . മുൻവരിയിൽ നിൽക്കുന്ന റബ്ബർമരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കുന്നതായിതോന്നി. കാറിന്റെ വേഗത കുറഞ്ഞു.
‘എന്തുപറ്റി വിനു’, ഭയം വാക്കുകളിൽ കലരാതെ ശ്രദ്ധിച്ചു.
‘അറിയില്ല, എന്തോ കംപ്ലയിന്റ് ഉണ്ട്. ഞാനൊന്നു നോക്കട്ടെ’, വിനുവിന്റെ ശബ്ദത്തിൽ വിനയത്തിന്റെ അളവിലൊരു മാറ്റമനുഭവപ്പെട്ടു.
വണ്ടിനിറുത്തി അയാൾ പുറത്തേക്കിറങ്ങി. വിജനമായിരുന്ന റോഡിന്റെ അറ്റത്തുനിന്നും ഒരു വെളിച്ചം കടന്നുവന്നു. മറ്റൊരു കാറാണ്. അതിന്റെ വെളിച്ചത്തിൽ റബ്ബർമരങ്ങൾ എന്നെ ദയനീയമായി നോക്കുന്നതുപോലെതോന്നി .
‘വിനു, എന്താണ് കംപ്ലൈന്റ് . ഞാൻ ഭർത്താവിനെ ഒന്ന് വിളിച്ചു നോക്കാം. വീട് അടുത്ത വളവിലല്ലേ’.
തിരിഞ്ഞു ഫോൺ എടുക്കുന്നതിനു മുൻപുതന്നെ വാതിൽ തുറന്നു രണ്ടുകൈകൾ എന്നെ ബലമായിപിടിച്ചു റോഡിലേക്കിട്ടു. കൊലുന്നനെയിരിക്കുന്ന ഇവന് ഇത്രബലമോ എന്നുഞാനോർത്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനുള്ള ഇടനൽകാതെ മറ്റേ കാറിലെ ആളുകളും ഓടിവന്ന് നിലത്തുകിടക്കുന്ന എന്നെ കടന്നു പിടിച്ചു. കൈമുട്ടുകളും കാലുകളും ടാറിട്ട റോഡിൽ ഉരഞ്ഞുപുകഞ്ഞു .
രക്ഷയില്ലെന്ന് ഉറപ്പായിരുന്നിട്ടും സർവ്വശക്തിയുമെടുത്തു പിടഞ്ഞു. അമർത്തിപിടിച്ച വായിലൂടെ അലറിക്കരയാൻ ശ്രമിച്ചു.
‘അടങ്ങി കിടയെടി’, ചെകിട്ടത് ആഞ്ഞടിച്ചുകൊണ്ട് ഒരാൾ പറഞ്ഞു.
മദ്യത്തിന്റെ പുളിച്ചനാറ്റത്തെക്കാളും മനംപുരട്ടലുണ്ടാക്കിയത് മാംസത്തിന്റെ തീക്ഷ്ണഗന്ധമായിരുന്നു.
കീറിയെറിഞ്ഞുകളഞ്ഞ ചുരിദാറിന്റെ കഷ്ണങ്ങൾക്കായി കടിപിടികൂടിക്കൊണ്ട് രണ്ടു പട്ടികൾ റോഡരികിൽ ബഹളമുണ്ടാക്കി. വഴിയിൽ വിളക്കുകളൊന്നും കത്തുന്നില്ല, നിലാവിന്റെ വെളിച്ചം മാത്രം.
ഓരോ പുതിയമുഖം വരുമ്പോഴും കണ്ണുതുറന്നു നോക്കി. മുഖങ്ങൾ ഓർത്തുവെക്കാൻ ശ്രമിച്ചു, പോലീസിൽ പരാതിപെടുമ്പോൾ ഉപകാരപ്പെട്ടാലോ. പക്ഷെ ആ അഞ്ചു മുഖങ്ങളും ഒരുപോലെയിരുന്നു . വെളുത്തുമെലിഞ്ഞു നേർത്ത കുറ്റിമീശയുള്ള മുഖങ്ങൾ, പൊരിച്ച മാംസത്തിന്റെ രൂക്ഷഗന്ധം.
രണ്ടു മണിക്കൂറുകൾക്കു ശേഷം എല്ലാവരും പോയി. കാറിനുപുറകേ കുറച്ചോടിയതു ശേഷം പട്ടികൾ തിരികെവന്ന് തുണിക്കഷ്ണത്തിനായി കടിപിടികൂടി. ഞാൻ പതുക്കെയെണീറ്റു, വലിച്ചെറിഞ്ഞ ബാഗ് എത്തിയെടുത്തു . പട്ടികളുടെ ശ്രദ്ധയിൽപ്പെടാതെ അല്പം മാറിക്കിടന്ന ഷാൾ എടുത്തു കാല്ലിന്റെയിടയിലൂടെ ഒഴുകുന്ന രക്തം തുടച്ചു . കരഞ്ഞൊട്ടിയ മുഖം ഷാളിന്റെ മറ്റേയറ്റം കൊണ്ട് തുടച്ചു ഞാൻ ഫോൺ എടുത്തു.”
“സൂസൻ, ഡെസ്സേർട്സ് എടുക്കുന്നില്ലേ. ഇപ്പോൾ തിരകല്പം കുറവുണ്ട്.” വിലകൂടിയ പട്ടുസാരിയിൽ പൊതിഞ്ഞ തടിച്ച ശരീരം പേനപോലെ കൂർത്തിരിക്കുന്ന ചെരുപ്പിന്റെ ഹീൽസിൽ താങ്ങിനിറുത്തികൊണ്ട് ഒരു സ്ത്രീ വെളുക്കെചിരിച്ചു നിന്നു .
“ആഹ് , എടുക്കാൻ പോകുവാണ് പ്രെസിഡന്റെ. പിന്നെ ഇത്തവണത്തെ ഫുഡ് കലക്കി കേട്ടോ “, കയറിനുമേൽ നടക്കുന്ന സർക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ നടന്നുനീങ്ങിയ സ്ത്രീയുടെ പിന്നാലെ വിളിച്ചുപറഞ്ഞുകൊണ്ട് സൂസൻ പോയി.
“എനിക്ക് വേണ്ട ഡെസ്സേർട്സ്”, രേഷ്മ പറഞ്ഞു, “കഴിഞ്ഞയാഴ്ചയാണ് ഇന്സുലിന് സ്റ്റാർട്ട് ചെയ്തെ, സാറ വേണമെങ്കിൽ പോയെടുത്തിട് വാ “
ഇരുവരും പോയ സമയത്തു മദ്ധ്യവയസ്കയുടെ മുഖത്തുനോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് രേഷ്മ മീൻമുള്ളുകൾ ഗ്രീൻപീസുകൾക്കു മുകളിലായി നിരത്തി .
എല്ലാവരും ഐസ്ക്രീം നിറച്ച കിണ്ണങ്ങളുമായി തിരികെ വന്നിരുന്നു.
“അവരെ പോലീസ് പിടിച്ചോ”, കിണ്ണത്തിൽ നിന്ന് വായിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ രക്ഷപെട്ടു സാരിയിലേക്കു വീണ ഐസ്ക്രീം തുടച്ചുകൊണ്ട് സാറ ചോദിച്ചു.
ഒഴിഞ്ഞപാത്രത്തിലെ എച്ചിലിൽ വിരൽകൊണ്ട് വട്ടംവരച്ചിരിക്കുകയായിരുന്ന മദ്ധ്യവയസ്ക മുഖമുയർത്തി നോക്കിയിട്ട് തുടർന്നു, “മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ കിടന്നു . ഇടക്കെപ്പോഴോ ബോധം വന്നപ്പോൾ കട്ടിലിനിരികിൽ ഒരു കാർഡ് കണ്ടു .
‘ഗെറ്റ് വെൽ സൂൺ അമ്മ’, വാക്കുകൾ ചുവന്ന സ്കെച്ച്പെൻ കൊണ്ട് പെറുക്കിവച്ചിരിക്കുന്നു. വേദന വെള്ളപൊക്കം പോലെവന്നു മൂടിയിട്ടും ആശ്വാസമായും കരുത്തായും ആ വാക്കുകൾ ഞാൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേയിരുന്നു.
‘നിന്നെയീ രൂപത്തിൽ മകൾ കാണണ്ട എന്ന് വിചാരിച്ചു.’
‘പോലീസ് വന്നിരുന്നോ? മൊഴി കൊടുക്കണ്ടേ’
‘സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇതൊക്കെ ഇപ്പോ പത്രങ്ങൾക്ക് ഹോഡ്ന്യൂസാണ് . കേസിനൊക്കെ പോയാൽ എല്ലാവരും അറിയും. ഈ ഹോസ്പിറ്റൽ എന്റെ ഫ്രണ്ടിന്റെയാണ്. കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ഇവരായിട്ട് റിപ്പോർട്ട് ചെയ്യില്ല. സൊ ജസ്റ്റ് ഫോർഗെറ്റ് എവെരിതിങ്’.
ഹോസ്പിറ്റൽ വിട്ടുപുറത്തിറങ്ങിയ ദിവസം തന്നെ ഞാൻ പോലീസ്സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുത്തു. വീട്ടിലെത്തിയപ്പോൾ മകൾ ചോദിച്ചു, ‘അമ്മ, കാർഡ് ഞാൻ തന്നെ ഉണ്ടാക്കിയതാണ്. ഇഷ്ടപ്പെട്ടോ?’ അമ്മായിയമ്മ മകളെയും വിളിച്ചു അകത്തുപോയി.
നവമാധ്യമങ്ങളെല്ലാം വാർത്ത ആഘോഷമാക്കി. ചിലർക്ക് അഞ്ചുപ്രതികൾ എന്നത് കുറച്ചിലായിത്തോന്നിയിട്ടാകണം എട്ടുപേരാക്കിയുയർത്തി . ചിലർ എന്റെയും ഭർത്താവിന്റെയും മകളുടെയും ചിരിച്ചു നിൽക്കുന്ന ചിത്രത്തിനു കീഴിലായി ഒരു ലൈക് ഒരു പ്രാർത്ഥന എന്ന് വിലപേശി പ്രാർത്ഥനകൾ വാങ്ങി ദൈവത്തിനു അയച്ചുകൊടുത്തു. ഒരാഴ്ചയോളം നീണ്ടുനിന്ന വാർത്താ ആഘോഷങ്ങൾക്കൊടുവിൽ ഭർത്താവു മകളെയും കൂട്ടി ട്രെയ്നിനുമുന്നിൽ ചാടി മരണത്തിലൂടെ അഭിമാനം തിരിച്ചുപിടിച്ചു.
പ്രതികൾ ജയിലിലായപ്പോൾ എന്റെ വാർത്താമൂല്യം ഇടിഞ്ഞു . കൂടുതൽ ചെറുപ്പക്കാരികൾ എന്റെ സ്ഥാനം പിടിച്ചെടുത്തു. വാഗ്ദാനം ചെയ്ത ജോലികൾ ഫേസ്ബുക്കിൽ ഒതുങ്ങി.”
മദ്ധ്യവയസ്ക അവരെനോക്കി ദുർബലമായി പുഞ്ചിരിച്ചു.
“സോറി”, എന്തുപറയണമെന്നറിയാതെ കുഴങ്ങി സൂസൻ.
“ഡെസ്സേർട് എടുത്തില്ലല്ലോ, ഞാൻ എടുത്തു തരട്ടെ “, സാറ ചോദിച്ചു.
“വേണ്ട. എനിക്ക് പോകാറായി”. അവർ വാച്ചിൽ നോക്കികൊണ്ട് എഴുന്നേറ്റു . “പിന്നെയെപ്പോഴെങ്കിലും കാണാം “, അവർ പുഞ്ചിരിച്ചുകൊണ്ട് കൈകഴുകുന്നിടത്തേക്കുപോയി .
അവരോടു ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ടായിരുന്നു, അവരിപ്പോൾ എന്ത് ചെയുന്നു, എങ്ങനെയൊക്കെയാണ് റേപ്പ് ചെയ്തതു , പ്രതികൾക്കെന്തു ശിക്ഷ ലഭിച്ചു, അങ്ങനെ പലതും. പക്ഷെ ആരും ഒന്നും ചോദിച്ചില്ല.
അവർ പോയിക്കഴിഞ്ഞു സാറയും സൂസനും ഓരോ കിണ്ണം ഐസ്ക്രീം കൂടെ എടുത്തു വന്നു.
“ഞാനിവരുടെ ന്യൂസ് കണ്ടതായി ഓർക്കുന്നില്ല ” രേഷ്മ പറഞ്ഞു
“ഇങ്ങനെയുള്ളർ ആയിരിക്കുമല്ലേ ആത്മഹത്യ ചെയുന്നത്”, സാറ തന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടിയമട്ടിൽ ചോദിച്ചു.
“അഞ്ചുവര്ഷങ്ങള് കഴിഞ്ഞില്ലേ , ആത്മഹത്യ ചെയ്യണമെങ്കിൽ അന്നേ ചെയ്യുമായിരുന്നു “, രേഷ്മ അന്നത്തെ സിമ്പോസിയത്തിൽ ഡോക്ടർ പറഞ്ഞ ആത്മഹത്യയുടെ മനഃശാസ്ത്രം ഓർത്തു .
“ഇവരെന്താ ആത്മഹത്യ ചെയ്യാത്തത് . ഇനിയെന്തിന് ഇവരിങ്ങനെ ജീവിച്ചിരിക്കുന്നു . മകളും പോയി, ജീവിതവും നശിച്ചു . ഞാനായിരുന്നെങ്കിൽ എപ്പോഴേ ചത്തുകളഞ്ഞേനെ “സൂസൻ ഉറക്കെച്ചിന്തിച്ചു .
Name : Sharika Sreedutt
Company : SunTec Business Solutions, Trivandrum
Leave a Reply