ഇനിയില്ല

posted in: Poem - Malayalam | 4

ഇനിയില്ല ഇനിയില്ല അതിനുള്ള കാലമെൻ-

മനതാരിലാശയുണ്ടെങ്കിലും മാനവാ..

ഇനിയും പഠിച്ചില്ല , ഇനിയും പഠിച്ചില്ല

ഇതുവരെയെൻ സ്‌നേഹപൂരവും കണ്ടില്ല

ഇനിയും പഠിച്ചില്ല മാനുഷർ , ചോട്ടിലെ

മേൽമണ്ണൊലിച്ചു പ്രളയമായ് തീർന്നിട്ടും

ഇനിയും പഠിച്ചില്ല,കണ്ണിലെ നീർച്ചാലു-

വറ്റിവരണ്ടു മൺകട്ടയായ് തീർന്നിട്ടും

ഇനിയും പഠിച്ചില്ല നന്മകൾ പെയ്യുന്ന

വന്മരങ്ങൾ പിഴുതാർത്തിയടക്കുമ്പോൾ

ഇനിയും പഠിച്ചില്ല , കാർമേഘപടലങ്ങൾ

ധൂമകൂപങ്ങൾക്കു പിന്നിൽ മറഞ്ഞിട്ടും

ഇനിയും പഠിച്ചില്ല, കൂടെപ്പിറപ്പിനെ

തഴുകേണ്ട കൈകളാൽ തീർത്തുകളയുമ്പോൾ

ഇനിയും പഠിച്ചില്ല , നന്മകൾ മൊഴിയുവാൻ

നാവിൽ വിഷം തുപ്പി പ്രാണൻ വിടുമ്പോഴും

ഇനിയും പഠിച്ചില്ല, സഹജീവിവർത്തനം

അവകാശമിത്തിരി പോലും കനിഞ്ഞില്ല

ഇനിയും പഠിച്ചില്ല , പൂക്കളെ തഴുകുവാൻ

തോളിൽ പുകക്കുഴൽ വെടിയുണ്ട മരണങ്ങൾ

ഇനിയും ശ്രവിച്ചില്ല , പ്രകൃതിതൻ രോദനം

പ്രളയമായ് കാതിൽ പ്രകമ്പനം കൊണ്ടിട്ടും

ഇനിയും പഠിച്ചില്ല , വാവിട്ടലച്ചിട്ടും

വേലികൾ ഭേദിച്ച് തിരകൾ മറിഞ്ഞിട്ടും

ഇനിയും തിരിച്ചറിഞ്ഞില്ല, നിൻ തെറ്റുകൾ

തീക്ഷ്ണമാം രശ്മികൾ മേലെ പതിഞ്ഞിട്ടും

ഇനിയും പൊറുക്കില്ല മാനുഷാ, നിൻ കരം

മാറിലെച്ചോര നുകർന്നുപന്താടുവാൻ

ഇനിയും പൊറുക്കില്ല മാനുഷാ, നിന്നാർത്തി

കൂർത്തനഖം പോലെ മാനം തകർക്കുമ്പോൾ

ഇനിയും ക്ഷമിക്കില്ല , നിന്റെ കാൽക്കീഴിലി-

ട്ടനുദിനം പ്രാണനായ് കേണുകരയുമ്പോൾ

ഇനിയും ക്ഷമയില്ല, കനിവില്ല മാനുഷാ

നിൻചെയ്തിതൻ ഫലം നീ നുകർന്നീടുക

പ്രളയമായ് , മിന്നലായ് , പേമാരിയായി ഞാൻ

ആർത്തലച്ചീടുന്ന ഭീമൻ തിരകളായ്

ഭസ്മമാക്കുന്ന തീച്ചൂളയായ്, നാളമായ്

കാഴ്ചമറയ്ക്കുന്ന ചുഴലിക്കൊടുംകാറ്റായ്

വെള്ളിടിവെട്ടുന്ന മിന്നല്പിണരുമായ്

ഭൂമിപിളരും പ്രകമ്പനം പോലെ ഞാൻ

ഇനിയും പൊറുക്കില്ല മാനുഷാ, നിൻ ചെയ്തി

അനിയന്ത്രിതമായി പെരുകുന്നു തിന്മകൾ

ഇനിയും ക്ഷമയില്ല മാനുഷാ, നിൻ ജാതി

തുള്ളുന്ന വങ്കത്തം കാണാതിരിക്കുവാൻ

ഇനിയും പഠിച്ചില്ല , പലതും പഠിച്ചിട്ടും

നിലനില്പിനുള്ള പാഠം നീ പഠിച്ചില്ല

ഇനിയും നിനക്കില്ല , ഈ ഭൂവിലൊരുജന്മം

ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ തെറ്റുകൾ

ഇനിയും പൊറുക്കില്ല മാനുഷാ നിൻറെയീ

കനിവേതുമില്ലാത്ത ക്രൂരമാം ചെയ്തികൾ

ഇനിയും പഠിച്ചില്ല , നന്മകളെങ്കിൽ നീ

ഇനിയും പിഴയ്ക്കില്ല അധമനാം അധിപനായ്

ഇന്നലെ പ്രളയമായ്, ഇന്ന് വിഷാണുവായ്

നാളെ നിനക്കുള്ള വായ്ക്കരിപ്പൂവുമായ്

ഇനിയും കനിയേണം വാത്സല്യമെന്നുണ്ട്

മുള്ളുകൾ കൊണ്ട് നീ കുത്തിനീറ്റുമ്പോഴും

ഇനിയില്ല ഇനിയില്ല അതിനുള്ള കാലമെൻ-

മനതാരിലാശയുണ്ടെങ്കിലും മാനവാ..

ഇനിയും പഠിച്ചില്ല , ഇനിയും പഠിച്ചില്ല

ഇതുവരെയെൻ സ്‌നേഹപൂരവും കണ്ടില്ല

Name : Kannan Divakaran Nair

Company Name & Location :Infosys Limited,Trivandrum.

Click Here To Login | Register Now

4 Responses

Leave a Reply

Your email address will not be published. Required fields are marked *