ഫ്രൈഡെ

posted in: Short Story - Malayalam | 1

“ഷെറിൻ….ഷെറിൻ…” അങ്ങനെ വിളിക്കുമ്പോൾ അതുവരെ നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്ന എന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു. ഷെറിൻ, അവൾ അതുവരെ എന്‍റെ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. അവളെ തിരഞ്ഞ എന്‍റെ കണ്ണുകൾ നിരന്തരം പരാജയപ്പെട്ടുകൊണ്ടേ ഇരുന്നു. കാഴ്ചയോടൊപ്പം ബോധവും മറയുന്നതുപോലെ എനിക്കു തോന്നി. ഓർമകൾ അവിടവിടെയായി ചിന്നിച്ചിതറി കിടക്കുന്നതുപോലെ. അവയെ കോർത്തിണക്കാൻ വേദനകൊണ്ടു തളർന്നു തുടങ്ങിയിരുന്ന എന്‍റെ ശരീരത്തിൽ അപ്പോഴും തളരാതെ പിടിച്ചുനിന്നിരുന്ന എന്‍റെ മനസ്സ് നന്നേ പണിപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴും എന്‍റെ ഒപ്പം തന്നെ ഉണ്ട് എന്നുതോന്നിപ്പിക്കുമാറ് ചാറ്റൽമഴത്തുള്ളികൾ എന്‍റെ മുഖത്തും ശരീരത്തിലും വന്നു പതിച്ചുകൊണ്ടിരുന്നു. ആ മഴത്തുള്ളികൾ എന്‍റെ ഓർമകൾക്ക് ജീവൻ നൽകുന്നതുപോലെ എനിക്കു തോന്നി.

ഞാൻ വാച്ച് നോക്കി, അഞ്ചുമണിക്ക് പത്തു മിനിറ്റു കൂടിയേ ഉണ്ടായിരുന്നുള്ളു അപ്പോൾ. ചെയ്തു തീർത്ത ജോലികളെല്ലാം അക്കമിട്ടെഴുതി ഒരു ‘സ്റ്റാറ്റസ് മെയിൽ’ അയച്ച്, കൂടെ ഉണ്ടായിരുന്നവരോട് ഒരു ‘ഹാപ്പി വീക്കെൻഡ്’ ഉം പറഞ്ഞ് ഞാൻ ബാഗുമെടുത്ത് ഓഫീസിൽ നിന്നും ഇറങ്ങി. വെള്ളിയാഴ്ച അഞ്ചുമണി എന്നൊരു സമയമുണ്ടെങ്കിൽ, ടെക്നോപാർക്കിൽ നിന്നും പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ ഇടതുവശത്തായി, പുറകിലത്തെ വാതിലിൽ നിന്നും മുൻപിലേക്കുള്ള രണ്ടാമത്തെ സീറ്റിൽ, ജനാലക്കരികിലായി ഞാൻ സ്ഥാനം പിടിച്ചിട്ടുണ്ടാകും. അല്ലെങ്കിൽത്തന്നെ, തിങ്കളാഴ്ച രാവിലെ കുളിച്ചൊരുങ്ങി ടെക്നോപാർക്കിലേക്ക് ജോലിക്കു വരുന്നത്, വെള്ളിയാഴ്ച വൈകുന്നേരം തിരികെ വീട്ടിലേക്കു പോകുവാനാണ് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഓഫീസിനടുത്ത് കൂട്ടുകാർക്കൊപ്പം എടുത്ത വാടക വീട് എന്നും ഒരു ഇടത്താവളം മാത്രം. തിങ്കളാഴ്ച രാവിലെ അമ്മയോട് യാത്രയും പറഞ്ഞ്, അച്ഛന്‍റെ സ്‌കൂട്ടറിനു പിന്നിലിരുന്ന് ബസ്‌സ്റ്റാൻഡ് വരെ എത്തി, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിൽ കയറിയിരുന്ന് ടിക്കറ്റും എടുത്ത്, ഒരു ചെറുമയക്കത്തിലേക്ക് വഴുതിവീഴുവാൻ തുടങ്ങുമ്പോൾ മുതലുള്ള ഒരു കാത്തിരിപ്പാണ്, വെള്ളിയാഴ്ചക്കുവേണ്ടി. വെള്ളിയാഴ്ച എത്തിയാലൊ, പിന്നെ വൈകുന്നേരം അഞ്ചുമണിയാകുവാൻ വേണ്ടിയുള്ള കാത്തിരിപ്പാണ്. അതിനിടയിൽ വീട്ടിലേക്കുള്ള യാത്ര മുടക്കുവാൻ തക്കതായ ഇഷ്യൂസ് ഒന്നും തന്നെ വരുത്തരുതെ എന്ന പ്രാർത്ഥനയും. 

ബസിനുള്ളിലേക്ക് ടെക്കീസ് വന്നു നിറഞ്ഞുകൊണ്ടേ ഇരുന്നു. എല്ലാവരുടെയും മുഖത്തു കാണുന്ന ആ ഒരു പ്രത്യേക സന്തോഷമാണ്, മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വെള്ളിയാഴ്ചയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നത്. ഓടിക്കിതച്ച് ബസിനുള്ളിയ്ക്കു കയറിവന്ന ഷെറിന്‍റെ കണ്ണുകൾ ഒരു ഒഴിഞ്ഞ സീറ്റിനുവേണ്ടി നാലുപാടും പരതി. എന്‍റെ അടുത്തുണ്ടായിരുന്ന ആകെയുള്ള ഒരു ഒഴിഞ്ഞ സീറ്റിൽ ഷെറിൻ വന്നിരുന്നു. അലസമായി മുഖത്തേക്കു ചിതറിക്കിടന്നിരുന്ന മുടിയിഴകൾ, അവൾ തന്‍റെ വിരലുകൾ കൊണ്ട് കാതിനു പിന്നിലേക്ക് ഒതുക്കിവെച്ചു. അവൾ കഴുത്തിലണിഞ്ഞിരുന്ന നീലനിറത്തിലുള്ള റ്റാഗിൽ കിടന്ന പുതുമ മങ്ങാത്ത ഐ.ഡി കാർഡിൽ എഴുതിയിരുന്ന അവളുടെ പേരും, അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ പേരും, ഞാൻ വായിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവൾ റ്റാഗ് ഊരി ഭദ്രമായി ബാഗിനുള്ളിൽ വെച്ചു. ഞാനെന്‍റെ കണ്ണുകളെയും മനസ്സിനെയും പുറം കാഴ്ചകളിലേക്കു തിരിച്ചു.

അവിടവിടെയായി കൂട്ടം കൂടി തമാശകൾ പറഞ്ഞു ചിരിച്ച്, മറ്റു ബസുകൾക്കായി കാത്തുനിൽക്കുന്ന കുറേപേർ. ടെക്കികളുടെ ഒരേ ഒരു ആശ്രയമായ ട്രെയിൻ, വഞ്ചിനാട് എക്സ്പ്രസ്സ്, പിടിക്കുന്നതിനായി അവസാനനിമിഷം ഓട്ടോ സ്റ്റാൻഡിലേക്ക് കുതിക്കുന്ന കുറേ ആളുകൾ. റോഡരികിലുള്ള ചെറിയ പീടികയിലെ, മെലിഞ്ഞ് ആറടി പൊക്കമുള്ള ചേട്ടൻ, താളത്തിൽ കൈകൾ വീശി ചായയടി തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ, എണ്ണപ്പലഹാരങ്ങൾ ചില്ലുകൂട് വിട്ടൊഴിഞ്ഞുകൊണ്ടേ ഇരുന്നു. വെള്ളിയാഴ്ചയുടെ സായാഹ്‌നത്തിരക്കുകൾ അതിന്‍റെ മൂർദ്ധന്യാവസ്ഥയിലേക്ക് എത്തിയിരുന്നു അപ്പോൾ. ജോലിഭാരങ്ങൾ ഇറക്കിവെച്ച് വാരാന്ത്യത്തിന്‍റെ കുളിർമയിലേക്ക് മനസ്സിനെ കെട്ടഴിച്ചുവിടുന്നതിന് തൊട്ടുമുൻപുള്ള പതിവു തിരക്കുകൾ.

ചാറ്റൽ മഴത്തുള്ളികൾ മുഖത്തു വന്നു പതിച്ചപ്പോഴാണ് മാനത്ത് ഉരുണ്ടുകൂടിയ കാർമേഘങ്ങളെ ഞാൻ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നത്. കാർമേഘങ്ങൾ പടർത്തിയ ഇരുണ്ട വെളിച്ചം പുറം കാഴ്ചകൾക്ക് കൂടുതൽ മിഴിവേകുന്നതുപോലെ എനിക്ക് തോന്നി.

“ആ ഷട്ടർ ഒന്നു താഴ്ത്തിയിടാമോ?”

ഷെറിന്‍റെ ആ ചോദ്യമാണ് എന്നെ അങ്ങ് ദൂരെ കാർമേഘങ്ങൾക്കിടയിൽനിന്നും ഈ കൊച്ചു ബസിനുള്ളിലേക്ക് തിരിച്ചെത്തിച്ചത്.

“ഓ..ഷുവർ…”

എന്നും എനിക്കു പ്രിയപ്പെട്ട മഴയെ ഇത്തിരിനേരം കൂടി ആസ്വദിക്കാം എന്ന എന്‍റെ മോഹത്തിനുമീതെ ഞാൻ ഷട്ടർ വലിച്ചിട്ടു. ഞാൻ വീണ്ടും വാച്ച് നോക്കി, ബസ്‌യാത്ര തുടങ്ങുവാൻ ഇനിയും ഒന്നുരണ്ട് മിനിറ്റുകൾ കൂടി ബാക്കിയുണ്ട്. അപ്പോഴേക്കും ബസിന്‍റെ എല്ലാ ജനാലകളിലും ഷട്ടർ വീണുകഴിഞ്ഞിരുന്നു. ഇരുട്ടു മുറിയിൽ അടക്കപ്പെട്ട ഒരു കൊച്ചുകുട്ടിയെപ്പോലെ പരിഭ്രമിച്ച എന്നെ ആശ്വസിപ്പിക്കുവാനെന്നവണ്ണം ബസിനുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു. പുറത്ത് മഴ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. പുറംകാഴ്ചകൾ വേർപെട്ട ബസ്‌യാത്ര എന്ന വരാനിരിക്കുന്ന അരോചക നിമിഷങ്ങളെ മറികടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാൻ ഷെറിനോട് ആ ചോദ്യം ചോദിച്ചത്.

“ഏത് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്?”

അപ്രതീക്ഷിതമായ എന്‍റെ ചോദ്യത്തിനു മറുപടിയായി അപരിചിതത്വത്തിന്‍റെ ഭാവങ്ങൾ ഒന്നും തന്നെ ഇല്ലാതെ അവൾ തന്‍റെ പേര് ‘ഷെറിൻ’ എന്നാണെന്നും, താൻ ഏതു കമ്പനിയിലാണ് വർക്ക് ചെയ്യുന്നതെന്നും പറഞ്ഞു.

“ഞാൻ ആദിത്യൻ”

സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ടെക്നോപാർക്കുമായി എന്നെ ബന്ധിപ്പിക്കുന്ന, കഴുത്തിൽ അഭിമാനത്തോടെ അണിഞ്ഞിരുന്ന റ്റാഗിൽ കൊരുത്ത, കുറച്ചുവർഷങ്ങളുടെ പഴക്കത്താൽ നിറം മങ്ങിത്തുടങ്ങിയിരുന്ന, എന്‍റെ ഐ.ഡി കാർഡ് ഞാൻ ഷെറിനു നേരെ നീട്ടി. ബസിനുള്ളിലെ അരണ്ട വെളിച്ചത്തിൽ അവൾ അത് വായിച്ചു. പരസ്പരം കൈമാറിയ ഒരു പുഞ്ചിരിയിൽ ഒരു സൗഹൃദം അവിടെ വിരിയുകയായിരുന്നു. ഒരുപക്ഷെ , ഈ ബസ്‌യാത്ര അവസാനിക്കുന്നിടത്തുവെച്ച് വെറും ഒരു ഓർമ മാത്രമായേക്കാവുന്ന സൗഹൃദം.
ബസ് ഓടിത്തുടങ്ങി രണ്ട് പ്രധാന കവലകൾ പിന്നിടുന്നതിന് മുൻപുതന്നെ എന്‍റെ ഫോൺ ശബ്ദിച്ചു. ഫോണിന്‍റെ സ്‌ക്രീനിൽ തെളിഞ്ഞ പച്ച ബട്ടണിൽ ഞാൻ വിരലമർത്തി.

“ഹലോ.., അമ്മേ…”

“മോനെ, നീ ബസിൽ കയറിയൊ?, ഇരിക്കാൻ സീറ്റൊക്കെ കിട്ടിയല്ലൊ അല്ലെ?”

എല്ലാവെള്ളിയാഴ്ചകളിലും ഞാൻ വീട്ടിലേക്കു പുറപ്പെട്ടുകഴിയുമ്പോൾ ഫോണിലൂടെയുള്ള അമ്മയുടെ പതിവു ചോദ്യങ്ങൾ. പതിവു ചോദ്യങ്ങൾക്കുള്ള പതിവു ഉത്തരങ്ങളും നൽകി ഞാൻ ഫോൺ വെച്ചു. ഏതെങ്കിലും ഒരു വെള്ളിയാഴ്ച എന്തെങ്കിലും ഒരു കാരണത്താൽ വീട്ടിലേക്കു വരാൻ സാധിക്കില്ല എന്ന് നേരത്തെ കൂട്ടി അമ്മയെ അറിയിച്ചിട്ടുണ്ടെങ്കിലും, വെള്ളിയാഴ്ച അഞ്ചുമണി ആകുമ്പോൾ ഒന്നുകൂടി എന്നെ വിളിച്ചുറപ്പുവരുത്തി, നിരാശയോടെ ഫോൺ വെച്ചു മടങ്ങുന്ന അമ്മയുടെ മുഖം ഞാൻ വെറുതെ ഓർത്തു.
“അമ്മയായിരുന്നു വിളിച്ചത്”

ഞാൻ ഷെറിനോടെന്നവണ്ണം പറഞ്ഞു. അതിന്‍റെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കുന്നതിനിടയിൽ ഷെറിന്‍റെ ഫോണിലും ഒരു കോൾ വന്നു. സ്‌ക്രീനിൽ  ‘അമ്മ’ എന്ന് തെളിഞ്ഞതു കണ്ട്, നേരത്തെ മുഴുമിപ്പിക്കാൻ കഴിയാതെ പോയ പുഞ്ചിരി ഒന്നുകൂടി എനിക്ക് സമ്മാനിച്ച് ഷെറിൻ കോൾ എടുത്തു. എന്‍റെ അമ്മ എന്നോട് ചോദിച്ച അതേ ചോദ്യങ്ങൾ തന്നെയാണ് ഷെറിനോട് അവളുടെ അമ്മയും ചോദിക്കുന്നത് എന്ന് ഷെറിന്‍റെ മറുപടികളിൽ നിന്നും എനിക്ക് ഊഹിച്ചെടുക്കാൻ കഴിഞ്ഞു.

“ഇനി ഓരോ ബസ്‌സ്റ്റാൻഡ് എത്തുമ്പോഴും അമ്മയുടെ കോൾ പ്രതീക്ഷിക്കാം”

കോൾ വെച്ചതിനുശേഷം ഫോൺ ബാഗിനുള്ളിലേക്കു വെക്കുന്നതിനിടയിൽ ഒരു ചെറുപുഞ്ചിരിയോടുകൂടി ഷെറിൻ പറഞ്ഞു. നമ്മൾ യാത്ര ചെയ്യുന്ന വാഹനത്തിന്‍റെ വേഗതപോലും കൃത്യമായി അളന്നു തിട്ടപ്പെടുത്തുവാനുള്ള നമ്മുടെ മാതാപിതാക്കളുടെ കഴിവ്, വെള്ളിയാഴ്ച്ചകളിലെ കാത്തിരിപ്പ് അവരുടെ ഹൃദയവുമായി എത്രത്തോളം ഇഴ ചേർന്നു കിടക്കുന്നു എന്നതിന്‍റെ തെളിവാണ് എന്ന് ഞാൻ ആലോചിച്ചു.  

“എല്ലാ അമ്മമാരും ഒരുപോലെ തന്നെ…”

ഞാൻ ചിരിച്ചു. ഷെറിനും.
സമയം തിങ്കളാഴ്ച രാവിലെ അഞ്ചുമണി ആയി എന്ന് ഉച്ചത്തിൽ വിളംബരം ചെയ്തുകൊണ്ട് ചിലക്കുന്ന അലാറം നിഷ്കരുണം അവഗണിച്ചുകൊണ്ട് പുതപ്പിനടിയിലേക്ക് ചുരുണ്ടുകൂടിയ എന്നെ, ഒരു കപ്പ് കാപ്പിയുമായി വന്നു വിളിച്ചുണർത്തി ഓഫീസിലേക്കു പോകുവാനുള്ള തയ്യാറെടുപ്പുകൾക്കായി ഉന്തിത്തള്ളി വിട്ടതിനു ശേഷം, പ്രാതൽ നിറച്ച ഒരു പാത്രവും, തുളസിയില ഇട്ട് തിളപ്പിച്ചാറിച്ച വെള്ളം നിറച്ച ഒരു കുപ്പിയും എന്‍റെ ബാഗിൽ കൊണ്ടുവന്ന് വെച്ച്, തണുത്ത കാറ്റേറ്റ് അച്ഛന്‍റെ സ്‌കൂട്ടറിനു പിന്നിലിരുന്ന്, തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിൽ തിരക്കുണ്ടാവരുതെ എന്നു പ്രാർത്ഥിച്ച്, ബസ്‌സ്റ്റാൻഡിലേക്കുള്ള യാത്ര തുടങ്ങുന്നതിന് തൊട്ടുമുൻപ്, ഞാൻ റൂമിൽ മറന്നുവെച്ച ജാക്കറ്റും എടുത്തുകൊണ്ടു തന്ന്, ഞാനും അച്ഛനും കണ്ണിൽ നിന്നും, സ്കൂട്ടറിന്‍റെ ശബ്ദം കാതിൽ നിന്നും മറയുന്നതുവരെ ഉമ്മറത്തു നിൽക്കുന്ന അമ്മയുടെ കാത്തിരിപ്പ് അവിടെ തുടങ്ങുകയായി. വരാനിരിക്കുന്ന വെള്ളിയാഴ്ചക്കുവേണ്ടിയുള്ള കാത്തിരിപ്പ്. വ്യാഴാഴ്ച വരെ സമയം ഒച്ചിനെ പോലെയാണ് ഇഴയുന്നതെന്നും, എന്നാൽ വെള്ളിയാഴ്ച കുതിച്ചുപായുന്ന ഒരു മാൻപേടയെ പോലെയാണ് ക്ലോക്കിലെ സൂചികളെന്നും ഒഴിവുസമയങ്ങളിൽ എപ്പോഴോ അമ്മ പറഞ്ഞതുപോലെ ഞാൻ ഓർത്തു. എന്‍റെ ഓർമ്മകൾ ഞാൻ ഷെറിനുമായി പങ്കുവെച്ചു.

“നമുക്കുവേണ്ട ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒക്കെ തയ്യാറാക്കി വെക്കുന്നതിനിടയിൽ അമ്മമാർക്ക് വെള്ളിയാഴ്ചകളിൽ സമയം പോകുന്നത് അറിയുന്നതേ ഉണ്ടാവില്ല”

എന്‍റെ മനസ്സ് വായിച്ചെന്നതുപോലെ ഷെറിൻ മറുപടി പറഞ്ഞു.

ബസ് അപ്പോഴേക്കും കുറേ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. അതിനിടയിൽ ഷെറിന് രണ്ടു തവണ കൂടി അമ്മയുടെ കോൾ വന്നു. യാത്ര തുടങ്ങിയപ്പോൾ ശക്തി പ്രാപിച്ച മഴ ഒന്നു ശമിച്ചതുപോലെ എനിക്ക് തോന്നി. മഴയുടെ ശബ്ദം അപ്പോഴേക്കും നേർത്തു വന്നു തുടങ്ങിയിരുന്നു. ജോലി ചെയ്യുന്ന കമ്പനിയിലെ വർക്ക് കൾച്ചറും, ഫെസിലിറ്റീസും, വർക്ക് പ്രഷറും, ഹയർ സ്റ്റഡീസ് പ്ലാൻസും അങ്ങനെ വിഷയങ്ങൾ ഓരോന്നോരോന്നായി ഞങ്ങളുടെ സംസാരത്തിനിടയിലേക്ക്  കടന്നുവന്നു.
“അപ്പൊ എന്താണ്  വീക്കെൻഡ് പ്ലാൻസ്?”

“അമ്മയുണ്ടാക്കുന്ന രുചിയുള്ള ഭക്ഷണം കഴിക്കുക….കിടന്നുറങ്ങുക…”
ഞങ്ങൾ ഇരുവരും ചിരിച്ചു.

പെട്ടെന്നായിരുന്നു ഇടിവെട്ടുന്നതുപോലെ ഒരു ശബ്ദം കേട്ടത്. ഞാൻ എന്‍റെ ഇരിപ്പിടത്തിൽ നിന്നും എങ്ങോട്ടോ എടുത്തെറിയപ്പെട്ടു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുൻപുതന്നെ കണ്ണിലേക്ക് ഇരുട്ടും, കാതിലേക്ക് നിലവിളികളുടെ ഇരമ്പവും, തലച്ചോറിലേക്ക് ഒരുതരം മരവിപ്പും, ശരീരത്തിലാകമാനം വേദനയും പടർന്നു കഴിഞ്ഞിരുന്നു. ഇടറിയ ശബ്ദത്തിൽ ഞാൻ വിളിച്ചു,

“ഷെറിൻ…..ഷെറിൻ…..”

ഇളകിമാറിയ തകരപ്പാളികൾക്കിടയിലൂടെ ചാറ്റൽ മഴത്തുള്ളികൾ എന്‍റെ മുഖത്തും ശരീരത്തിലും വന്നു പതിച്ചുകൊണ്ടേ ഇരുന്നു.
മനസ്സിനും ശരീരത്തിനും ഏറ്റ ആഘാതം അകറ്റുന്നതിനു വേണ്ടിയായിരുന്നു ഒരാഴ്ച നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലെത്തിയതിനു ശേഷം, ഡയറിയും പേനയും എടുത്ത് ബാൽക്കണിയിൽ പോയിരുന്നത്. ആശുപത്രിയിൽ വെച്ച് എനിക്ക് ബോധം വീണപ്പോൾ, നഷ്ടപ്പെട്ടു എന്നു കരുതിയ മൊബൈൽ ഫോൺ അച്ഛനായിരുന്നു എനിക്ക് തിരികെ കൊണ്ടുത്തന്നത്. ഞാൻ ഫോണിൽ പരതി നോക്കി. ഇല്ല, ഞാൻ ഷെറിന്‍റെ ഫോൺ നമ്പർ വാങ്ങിയിരുന്നില്ല. ഷെറിൻ  എന്‍റെയും. അന്ന് എനിക്കുറപ്പായിരുന്നു, ആകസ്മികമായി വീണുകിട്ടിയ സൗഹൃദം നിലനിൽക്കണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ തീർച്ചയായും വീണ്ടും കണ്ടുമുട്ടിയിരിക്കും. പക്ഷെ ഇപ്പോൾ, മനസ്സിൽ കുറിച്ചിട്ട വരികൾ എഴുതാനാവാതെ അവ ഹൃദയത്തെ കുത്തി നോവിച്ചുകൊണ്ടേ ഇരിക്കുന്നു, ഷെറിന്‍റെ ഓർമകളെ പോലെ. ഇന്നും ഒരു വെള്ളിയാഴ്ചയാണ്, ഷെറിന് ഇഷ്ടപ്പെട്ട വിഭവങ്ങളും ഒരുക്കി ആ അമ്മ ഇന്നും അവളെ കാത്തിരിക്കുന്നുണ്ടാവും. തീർച്ച.

“ഹൃദയത്തോട് ചേർക്കപ്പെട്ട ഓരോ യാത്രയും നാം നടത്തുന്നത്, സ്നേഹത്തോടെ നമ്മെ കാത്തിരിക്കുന്ന മറ്റൊരാളുടെ മനസ്സിലൂടെയാണ്. ആ കാത്തിരിപ്പിൽ ഇനി ഒരിക്കലും കണ്ണീരിന്‍റെ ഉപ്പ് കലരാതിരിക്കട്ടെ”

വിറയാർന്ന കൈകൾ കൊണ്ട് കുറിച്ച വരികൾക്കുമീതെ കണ്ണീർക്കണങ്ങൾ ഇറ്റുവീണുകൊണ്ടിരുന്നു.

Name : Kannan Prabhakaran
Company : Infosys Ltd

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *