കൃത്യം പതിനൊന്നു തവണ അടിച്ചതിന്നു ശേഷം സെന്റ് മേരീസ് ചെർച്ചിലെ പള്ളിമണി വീണ്ടും നിശബ്ദനായി തൂങ്ങി കിടന്നുറങ്ങി. അച്ചുവേട്ടന്റെ ചായകടയിൽ നിന്ന് ഒഴുകി വന്ന ശുദ്ധ സംഗീതം അവനിൽനിന്നു അകന്നു തുടങ്ങിയിരുന്നു. ജന സഞ്ചാരം നിലച്ച വഴികളിലൂടെ അവൻ നടന്നു നീങ്ങി. റോഡിനരികിൽ ചുവന്നു നിന്ന ട്രാഫിക് ലൈറ്റുകൾ ചുറ്റും ആരോ മുറുക്കി തുപ്പിയ പ്രതീതി തീർത്തു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഉറങ്ങാതെ നിന്ന മടിയൻ മൂങ്ങയുടെ മൂളൽ കേട്ടു ഉറക്കം ഞെട്ടിയ കണ്ടൻ പൂച്ച കുറുകെ ചാടി മൂങ്ങയെ നോക്കി കണ്ണുരുട്ടി.
അങ്ങാടിയിൽ “കഞ്ചുറിങ്” എന്ന ഇംഗ്ലീഷ് സിനിമ കാണാൻ പോയതായിരുന്നു അവൻ. അതിനു ശേഷം ബീച്ചിലിറങ്ങി ഒന്നു ചുറ്റി കറങ്ങുകയും ചെയ്യ്തു. ഇതിനിടയിൽ ചന്ദ്രൻ സൂര്യന്റെ മുകളിൽ കറുപ്പു പൂശി തുടങ്ങിയിട്ടു രണ്ടു നാളിക കഴിഞ്ഞിരുന്നു. ഇനി അമ്പലകാവ്, അതു കഴിഞ്ഞു പൊട്ടകിണറ്, പിന്നെ കോട്ടവളവും താണ്ടി വേണം വീടുപിടിക്കാൻ.
കാവിന്റെ ഉള്ളിൽനിന്ന് അതിന്റെ മുന്നിലൂടെ നടന്നുപോകുന്നവരെ കല്ലെറിയുന്ന കുട്ടിച്ചാതന്മാർ, മുല്ലപൂവു ചോദിച്ചു തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്ന ചുട യക്ഷികൾ, നാസർക്കായോടു മീൻ വറുത്തതിനു ചോദിച്ച കളിയങ്കാട്ടു നീലി, നാരായണൻ നായരോടു ചുണ്ണാബ് ചോദിച്ച കുട്ടിഭൂതം, പിന്നെ ഗന്ധർവന്മാരുടെ വരവിൽ പെട്ടു പോയ പാവം കുഞ്ഞിരാമൻ ചേട്ടന്റെയും മറ്റും കഥകൾ അവന്റെ മാമൻ അവനു വള്ളി പുള്ളി തെറ്റാതെ ചെറുപ്പം മുതല്ലെ പറഞ്ഞു കൊടുത്തിരുന്നു. ഇതിനിടയിൽ മൂപ്പർ അടിവരയിട്ടു പറഞ്ഞൊരു കാര്യമേന്തെന്നു വെച്ചാൽ അഥവാ രാത്രിയിൽ നീ ഇവിടെ പെട്ടുപോയാൽ, പുറകിൽനിന്നാരു വിളിച്ചാലും തിരിഞ്ഞു നോക്കരുതെന്നായിരുന്നു.
അങ്ങനെ തലപോയാലും തിരിഞ്ഞു നോക്കില്ലെന്ന ഉറപ്പുവരുത്തി കൈയിലുണ്ടായിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ ആ വഴിയിലൂടെ അവൻ തിടുക്കത്തിൽ നടന്നു നീങ്ങി. അമ്പലകാവും, പൊട്ടകിണറും ഒന്നുരണ്ട് ശ്വാസത്തിൽ നടന്നു തീർത്തു. കോട്ടവളവിന്റെ പകുതി എത്തിയതും ശ്വാസം നേരെ വിഴാൻ നിന്നൊരു മാത്രയിൽ കോളറിന്റെ അരികിലായി ഒരു പിടി വീണതവനറിഞ്ഞു.
മേലാസകലം കരിവണ്ട് പാറി നടക്കുന്നതു പോലെ തോന്നി, ശ്വാസം പകുതിയിലേറെ നിലച്ചു കഴിഞ്ഞിരുന്നു, കാലുകൾ ഒരു കുഴിയിൽ താന്നു പോകുന്നതു പോലെ തോന്നി, തൊണ്ട മുഴുവനായി വരണ്ടു കഴിഞ്ഞിരുന്നു. പൂർണ്ണ ശക്തിയും സംഭരിച്ചു അവൻ ഇടതുകാൽ പതിയെ ചലിപ്പിക്കാൻ ശ്രമിക്കവ അത് വലതിൽ തട്ടി വീഴാൻ തുനിഞ്ഞു. അപ്പോൾ പുറകിൽനിന്നൊരു ശബ്ദമുണ്ണർന്നു,”ഡാ ഞാനും വരുന്നു നിന്റെ കൂടെ”.
“പുറകിലാരോ ഉണ്ട് “, അവനുറപ്പിച്ചു.
വിഭ്രാന്ധിയുടെ ആ ഒരു നിമിഷത്തിലവൻ കണ്ണും പൂട്ടി തിരിഞ്ഞു നിന്നിട്ടു കൈയിലുണ്ടായിരുന്ന ഇരുമ്പു ടോർച് കൊണ്ടു ആ കോലത്തിന്റെ തലമണ്ടക്ക് ആഞ്ഞടിച്ചു.
അയ്യോ എന്നൊരു നിലവിളി മാത്രമേ പിന്നെ അവിടെ കേട്ടുള്ളു.
വളവും, പാടവും കടന്നവൻ ജീവനും കൊണ്ടോടി.
വീടിന്റെ മതിൽ ചാടി കടന്ന് ചെളിയിൽ വീണുരുണ്ടു.
പതിയെ എഴുനേൽറ്റു ഇഴഞ്ഞു നീങ്ങിയവൻ വീടിന്റെ കോനായിൽ കയറി ചാരു കസേരയിൽ മലർന്നു വീണു.
പുറത്തെ പരാക്രമം കേട്ടു വാതിൽ തുറന്നു വന്ന അമ്മ അവനോടു അലറി,”എവിടെ ആയിരുന്നടാ നീ ഇത്രയും നേരം? വൈകിയാലൊന്നു വിളിച്ചു പറയണമെന്നറിയില്ലേ നിനക്ക്”?
“അതു പിന്നെ ഒരു സിനിമ കാണാൻ പോയതാണമ്മേ, വിളിച്ചു പറയാൻ പറ്റിയില്ല, മൊബൈൽ ചാർജും തീർന്നു പോയി”, പകുതി ശ്വാസത്തിൽ അവൻ പറഞ്ഞു നിർത്തി.
“എന്നിട്ട് മാമനെവിടെ”? അമ്മ തിരക്കി.
“മാമനോ”? അവൻ അതിശയിച്ചു.
“നീ വരാൻ വൈകിയപ്പോൾ നിന്നെയും തിരക്കി ഇറങ്ങിയതാ മൂപ്പർ, കണ്ടില്ലെ നീ വഴിയിലെങ്ങും”? അമ്മ പരിഭമിച്ചു.
ഇതുകേട്ടവനൊന്നും മിണ്ടാതെ കുറച്ചുനേരം തരിച്ചിരുന്നു. തിരിഞ്ഞു പുറത്തേക്ക് നോക്കിയപ്പോൾ അതാ നിൽക്കുന്നു വീടിന്റെ പടിക്കരികെ തലയിലൊരു തോർത്തുമുണ്ടിന്റെ കെട്ടുമായി മൂപ്പർ.
അവനും മാമനും കുറച്ചു നേരം കണ്ണോടുകണ്ണും നോക്കിയിരുന്നു. മാമന്റെ മുഖത്തു നിന്നു തന്റെ കണ്ണുകളകറ്റി, ഞൊടിയിൽ താഴോട്ട് നോക്കി, വീണ്ടും മാമന്റെ മുഖത്തു നോക്കിയവൻ പറഞ്ഞു “അത് പിന്നെ മാമനല്ലേ ഈ കഥകളെല്ലാം പറഞ്ഞുതന്നത്, ഞാനാണെങ്കിൽ അതെല്ലാം വിശ്വസിക്കുകയും ചെയ്യ്തു, അതുകൊണ്ട് പറ്റിപോയതാന്നു,
എന്നോടൊന്നും തോനല്ലേ മാമാ…”
Name : Sudheep Sudhakaran
Company : HP
Leave a Reply