ഭൂമി കുഴിച്ചു ചെല്ലുമ്പോൾ ആദ്യം കിട്ടുന്നത്,
കഴിഞ്ഞ മാസം വലിച്ചെറിഞ്ഞ ഒഴിഞ്ഞ മരുന്ന് കുപ്പികൾ ആവും,
പിന്നെ ഓർക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പഴയ ചില പരിചയക്കാരുടെ പേരുകൾ,
മേൽമണ്ണ് നീക്കിയപ്പോൾ പുറത്ത് വന്ന വയൽ തുടുപ്പുകൾ.
ഇനിയും കുഴിച്ചാൽ,
വീട് കെട്ടാൻ വേണ്ടി വാങ്ങി വെച്ച ബാക്കി വന്ന സിമൻ്റ് ചാക്കുകൾ,
ഒറ്റക്കായപ്പോൾ വായിക്കാൻ വാങ്ങി വെച്ച പുസ്തകങ്ങൾ,
കുഴിക്കകത്ത് വേരുകൾക്കിടയിലൂടെ ഒലിച്ചിറങ്ങി വന്ന ഒരു ഉറവ.
കുഴിച്ച് പിന്നെയും ആഴത്തിലേക്ക് പോയാൽ,
വഴി കാണിക്കാൻ കൂട്ടിന് വന്ന പഴകിയ ടോർച്ചും ബാറ്ററിയും,
ഓർത്ത് ചിരിക്കാൻ ബാക്കി വെച്ച കുറച്ചു തമാശകൾ,
ഭൂമിക്കടിയിൽ വെള്ളത്തെ കുടുക്കി വെച്ച പാറക്കെട്ടുകൾ.
ഇനി കുഴിക്കുന്നത് നിർത്തി, തുരന്ന് പോകണം.
അവിടെ കാണും, എവിടെയോ കളഞ്ഞു പോയ പഴയ കളിതോക്കും കളിപ്പാട്ടവും,
ആവശ്യത്തിന് നോക്കുമ്പോൾ ഒരിക്കലും കാണാത്ത ചില കടലാസുകൾ,
പുറം തോടുകൾ പോലും ദഹിപ്പിക്കുന്ന ലാവ.
പിന്നെയും ഒരുപാട് തുരന്ന് തുരന്ന് പോകണം,
ഭൂമിയുടെ മറുവശം കാണുവാൻ.
ഒടുക്കം,
എഴുതുവാൻ കയ്യിൽ എടുത്ത ഒരു പേന,
ഒരു വേള വിട പോലും പറയാതെ പോയവരുടെ ചില നുറുങ്ങോർമകൾ,
ഒന്ന് ആഞ്ഞ് വലിക്കാം ഒരിത്തിരി
ശ്വാ..സം..സം.. സം..
Name : Jitesh R V
Company name : Oracle, Thiruvananthapuram
You need to login in order to like this post: click here
Leave a Reply