ഇടയ്ക്കെപ്പോഴോ , പ്രകാശം കരിന്തിരി കെട്ടണഞ്ഞു പോയൊരു,
ആകാശം മാത്രമുണ്ട് ബാക്കി ..
നിലാവിന് പോലും വേണ്ടാത്ത –
തണുത്തുറഞ്ഞ പുഴുക്കുത്തു പിടിച്ച ഒരാകാശം!
പകലിന്റെ ഓർമ്മയിൽ പരന്നൊഴുകാൻ തുടങ്ങിയ,
മേഘക്കീറ് ഇരുട്ടിൻ ഓരത്തു കട്ട പിടിച്ചു കിടന്നു.
അഴുക്കു പിടിച്ചൊരു ഭൂമിയുടെ പ്രതിഫലനം പോലെ …
നിയോൺ ബൾബിന്റെ വെട്ടത്തിൽ ,
സെൽഫിയെടുത്തു ചത്തവന്റെ പ്രേതം,
വഴിവക്കത്ത് ഇരുട്ടും നോക്കിയിരുന്നു .
അരക്കാതം വട്ടത്തിൽ പേ പിടിച്ചലയുന്ന ഒരു പട്ടി ,
ആകാശം നോക്കിയൊരു മൂളിപ്പാട്ട് ഊതിവിട്ടു
അഴുക്കു പിടിച്ചൊരു പകലിന്റെ പ്രതിഫലനം പോലെ…
ഇരുട്ട് വാക്കിൽ, ചവറിൻറെ വലിയൊരു സഞ്ചി ,
കറുത്ത റോഡിൻ വക്കത്തു നടത്തള്ളിയ ഒരു മാന്യൻ ,
അഴുക്കു കൂനയ്ക്കിടയ്ക്കൊരു പിഞ്ചു –
കാലു കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു ..
കറുത്ത രാവിനെ വെറുതെ പുകപ്പിച്ചു ,
ഇരുട്ടിലേക്ക് തന്നെ നടന്നു മറഞ്ഞു ..
അഴുക്കു പിടിച്ചൊരു മാതാവിന്റെ മുലഞെട്ട് ,
നക്കിത്തുടച്ചു കുടിച്ചൊരു നായ്ക്കുട്ടി,
മയക്കത്തിലെപ്പോഴോ ദുഃസ്വപ്നം കണ്ടിട്ട് –
വെറുതെ കുരച്ച് വീട്ടുകാരെ ഉണർത്തി,
കാലിളക്കി കരഞ്ഞ കട്ടിലൊന്നു മയങ്ങി ..
തുടച്ചെടുത്ത കള്ളിമുണ്ട് , കട്ടിൽ കാലിൽ കെട്ടിയുറങ്ങി ,
കേളി കഴിഞ്ഞൊരാശാന്റ ചെണ്ടക്കോൽ , പാതി മയക്കത്തിൽ തുളുമ്പി ..
അഴിഞ്ഞിളകിയ അരക്കെട്ടിൽ , ഒരു പിഞ്ചു പെണ്ണിന്റെ ചോര ഒഴുകിയുണങ്ങി ..
..
അഴുക്കു പിടിച്ചൊരു രാത്രിയുടെ പ്രതിഫലനം പോലെ ..
അഴുക്കു പിടിച്ചൊരു രാത്രിയുടെ പ്രതിഫലനം പോലെ ..
Name – Abhyud
Company – Genrobotic Innovations Private Limited , Thejaswini Building ( Lower Level -2 )
Anandhi
Excellent!
You need to login in order to like this post: click here